
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ ഇന്ത്യയില്‍ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.
ഹര്‍ദീപ് സിങ് നിജ്ജര്‍ 1980കള്‍ മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ചെറുപ്പം മുതല്‍ പ്രാദേശിക ഗുണ്ടകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നെന്നും വിവരിക്കുന്ന രേഖകള്‍ പുറത്തുവന്നു.
പഞ്ചാബിനെ മുറിച്ച് സിഖുകാര്‍ക്കുമാത്രമായി ഭരണപ്രദേശം (ഖലിസ്താന്‍) രൂപവത്കരിക്കണം എന്ന ആവശ്യത്തിന്റെ പ്രചാരകനായിരുന്നു നിജ്ജര്‍. ഇന്ത്യ തേടിക്കൊണ്ടിരുന്ന കുറ്റവാളി. 2020 ജൂലായില്‍ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് വ്യാജ പാസ്‌പോര്‍ട്ടില്‍ 1996ലാണ് കാനഡയിലേക്ക് കടന്നത്. കുറെ കാലം അവിടെ ട്രക്ക് ഡ്രൈവറായി . പിന്നീട് ആയുധത്തിനും സ്ഫോടക വസ്തു പരിശീലന ത്തിനുമായി പാകിസ്താനിലെത്തി. കാനഡയില്‍ തിരിച്ചെത്തിയ ശേഷം, കാനഡയില്‍ മയക്കുമരുന്നും ആയുധക്കടത്തും നടത്തുന്ന കൂട്ടാളികളിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ക്രമീകരിക്കാൻ തുടങ്ങി. കാനഡയില്‍ അഭയം തേടുംമുമ്ബ് പഞ്ചാബിലും നിരവധി കൊലപാതകങ്ങള്‍ നടത്തിയിരുന്നു .
പഞ്ചാബിലെ ജലന്ധറിലെ ഭാര്‍ സിംഗ് പുര ഗ്രാമത്തിലെ താമസക്കാരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ഗുര്‍നേക് സിംഗ് ആണ് ഗുണ്ടാ ജീവിതത്തിലേക്ക് നയിച്ചതെന്ന് രേഖയില്‍ പറയുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള കെ.ടി.എഫ് തലവൻ ജഗ്തര്‍ സിങ് താരയുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2012 ഏപ്രിലില്‍ പാകിസ്താനിലെത്തി 14 ദിവസത്തോളും ആയുധ പരിശീലനം നേടി. ജഗ്താര്‍ സിങ് താരയുമായി ചേര്‍ന്ന് പഞ്ചാബില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടു.
2014ല്‍ ഹരിയാനയിലെ സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഖലിസ്ഥാൻ നേതാവിന് ഇന്ത്യയിലെത്താൻ സാധിച്ചില്ല. അതിനാല്‍ മുൻ ഡി.ജി.പി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാവ് എന്നിവരെ ലക്ഷ്യമിടാൻ നിജ്ജര്‍ നിര്‍ദേശിച്ചു. പഞ്ചാബിലെ ഗുണ്ടാസംഘത്തലവൻ അര്‍ഷ്ദീപ് സിങ് ഗില്‍ എന്ന അര്‍ഷ് ദലയുമായി ചേര്‍ന്ന് പഞ്ചാബില്‍ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടു.
പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം അര്‍ഷ്ദീപ് സിംഗ് ഗില്ലിനൊപ്പം മോഗയില്‍ നിന്നുള്ള അര്‍ഷ് ദലയുമായി നിജ്ജര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് രേഖയില്‍ പറയുന്നു.
ഇയാളുടെ ജീവനുഭീഷണിയുണ്ടെന്ന് കാനഡയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെടുന്നു.