
തിരുവനന്തപുരം : കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ രാഷ്ട്രീയ യാത്രയായി ബിജെപി മാറ്റിയെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. വന്ദേഭാരതിന്റെ സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നു പറഞ്ഞ മുരളി, കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാടുകളെയും കുറ്റപ്പെടുത്തി.
''വന്ദേഭാരതിന്റെ സ്വീകരണയാത്ര വെറും തരംതാണ രാഷ്ട്രീയത്തിനാണു ബിജെപി ഉപയോഗിച്ചത്. കാസര്‍കോട്ടെ തുടക്കം മുതല്‍ തിരുവനന്തപുരത്തെ സമാപനം വരെ ഇതുണ്ടായി. പ്രാദേശിക എംഎല്‍എയെ ക്ഷണിച്ചിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടല്ല, ഓണ്‍ലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്നോര്‍ക്കണം. എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതു മുതല്‍ തറക്കളി ആരംഭിച്ചു.
എന്തിനായിരുന്നു ഇങ്ങനെ വൃത്തികെട്ട കളി? തിരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ അവകാശവാദം ഉന്നയിച്ചോളൂ. ഓടുന്ന ട്രെയിനില്‍ മുദ്രാവാക്യം വിളിച്ചത് എങ്ങനെയാണ്? ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു ആദ്യ ദിവസം ട്രെയിനില്‍ പ്രവേശനം. എംപിക്കുള്ള അതേ പാസ് ബിജെപി പ്രവര്‍ത്തകരുടെ കയ്യിലുമുണ്ടായിരുന്നു. വന്ന ബിജെപിക്കാരെ തിരിച്ചുകൊണ്ടു പോകാന്‍ സ്‌പെഷല്‍ ട്രെയിനും ഏര്‍പ്പാടാക്കി. പല റെയില്‍വേ ഉദ്ഘാടനങ്ങളും കണ്ടിട്ടുണ്ട്. ഇതുപോലെ ആദ്യമാണ്'' കെ.മുരളീധരന്‍ പറഞ്ഞു.