Image

രേഖാചിത്രം, വ്യാജനമ്പർ പ്ലേറ്റ്, നോട്ടീസ്, എന്നിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവർ മറവിൽ

Published on 29 November, 2023
രേഖാചിത്രം, വ്യാജനമ്പർ പ്ലേറ്റ്, നോട്ടീസ്, എന്നിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവർ മറവിൽ

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പോലീസ് പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിലെ കുട്ടി നല്‍കിയ  വിവരം അനുസരിച്ചാണ് യുവതിയുടെ രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ രേഖാ ചിത്രവും തയാറാക്കും. പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും പോലീസ് പറയുന്നു.

അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പ്രതികളെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉള്ളതല്ലാതെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരുദിവസം പിന്നിട്ടിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്. പ്രതികള്‍ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ ആരെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലെന്നത് വിചിത്രമാണ്.

കുട്ടിയെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകള്‍ക്കകം മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെയോ പ്രതികളെയോ കണ്ടെത്താനായില്ല. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പറ്റി സൂചന പോലും പൊലീസ് നല്‍കുന്നില്ല.

പ്രതിയെന്നു സംശയിക്കുന്ന സ്ത്രീ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ച ശേഷം കടന്നുകളഞ്ഞു. 

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണു  എന്നാണ്  പൊലീസ് നല്‍കുന്ന സൂചന. യുവതി ഉള്‍പ്പെടെ 2 പേര്‍ നിരീക്ഷണത്തിലാണ്.  ക്വട്ടേഷന്‍ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.

കുട്ടികളുടേതുൾപ്പടെയുള്ള സുരക്ഷയിൽ ആശങ്കയിലാണ് ആളുകൾ. ഇത്രയും കനത്ത പരിശോധനയ്ക്കിടെ കൊല്ലം ജില്ലയിലെ നഗരമദ്ധ്യത്തിൽ തന്നെ കുട്ടിയുമായി പ്രതികൾ മണിക്കൂറുകളുണ്ടായിട്ടും പിടികൂടാനാവാത്തതും കടുത്തവിമർശനമുയർത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്രയ്ക്കിടെയാണ് ഈ സംഭവമെന്നത് പൊലീസിന്റെ സമ്മർദ്ദം കൂട്ടി. സമൂഹമദ്ധ്യത്തിലുൾപ്പെടെ വൻവിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയരുന്നത്. 

ഇതിനിടെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം വേറെയും കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച മുന്നരയ്ക്കായിരുന്നു. ആയുർവേദ ആശുപത്രിക്ക് സമീപത്തെ റോഡിലായിരുന്നു തട്ടിക്കൊണ്ടു പോകലിന് പ്ലാനിട്ടത്. എന്നാൽ പ്രതീക്ഷിക്കാതെ ആളുകൾ റോഡിലുണ്ടായിരുന്നിനാൽ ആ ഉദ്യമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേയ്ക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. 

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ നടത്തി. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ്  ഇതെന്ന് പറഞ്ഞിരുന്നു. നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

ഇതിനിടെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടിയാണ് കൊല്ലം റൂറൽ പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. 
ഈ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. KL O4 AF 3239 എന്ന റജിസ്‌ട്രേഷൻ നമ്പറുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ വിവരമറിയിക്കണം. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നാണ് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടത്. 

ഇതേ നമ്പറിൽത്തന്നെ മലപ്പുറം എടവണ്ണയിലും ഒരു വാഹനമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തട്ടിക്കൊണ്ടു പോയ വാഹനത്തിലെ നമ്പർ പ്ലേറ്റ് മറ്റെവിടെയോ തയാറാക്കി ഉപയോഗിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇതു നിർമിച്ചു നൽകിയവരെ കണ്ടെത്തിയാൽ പ്രതികളെ പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. 

തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വാഹന നമ്പർ പരിശോധിക്കുന്നത്. ഒന്നിലധികം വാഹനങ്ങൾ അക്രമികൾ ഉപയോഗിച്ചതായി വ്യക്തമായെങ്കിലും ഇതുവരെ ഒരു വാഹനം പോലും കണ്ടെത്തിയിട്ടില്ല.  

കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതി ഇതുവരെ ഇല്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക