ബോബിയുടെയും സുബിയുടെയും ജീവിതം . അവരുടേത് ജീവിതമാണ് എന്ന് പറയാമോ എന്നെനിക്കറിയില്ല. എങ്കിലും അവരെ കണ്ടപ്പോൾ പരാജയപ്പെട്ട എന്റെ വിവാഹജീവിതം എനിക്കോർമ്മ വന്നു.
പൂർവകാലത്തിലെ ഒരു മനുഷ്യനെ ഞാൻ ഇന്റു (X) എന്ന് വിളിക്കാനാഗ്രഹിക്കുന്നു. അപായചിഹ്നമിട്ട് എന്റെ എല്ലാ ആഗ്രഹങ്ങൾക്കും തടയിട്ട ഒരാൾ.
ഇത്തരം അപായത്തെ പറ്റിയുള്ള ചില സൂചനകൾ എനിക്ക്
മുൻപേ കിട്ടിയിരുന്നു. എന്റെ അമ്മായിയിൽ നിന്ന്. വിവാഹ ജീവിതമെന്നാൽ വൃത്തികെട്ട ഒരേർപ്പാടാണെന്നാണ് അമ്മായി പറഞ്ഞ് പഠിപ്പിച്ചത്. ഭേദം മഠത്തിൽ പോകുന്നതാണെന്നും. ഓരോരുത്തർക്കും അവരവരുടേതായ കാഴ്ച്ചപാടുകളുണ്ടാകും. അടിസ്ഥാനം സ്വന്തം അനുഭവങ്ങളായിരിക്കും. എന്തായാലും വിവാഹം സുഖകരമായ ഒരേർപ്പാടല്ലെന്ന് അമ്മായിയുടെ തുടർ ജീവിതം എനിക്ക് കാണിച്ച് തന്നു.
മഠത്തിൽ പോകാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല. അതൊരു തടവറയാണെന്ന് എനിക്കുറപ്പായിരുന്നു. ഒരു വിശുദ്ധ ജീവിതം ഞാനൊരിക്കലും ആഗ്രഹിച്ചതുമില്ല. എനിക്കെന്നും ഒരു മകളായി ജീവിക്കുന്നതായിരുന്നു ഇഷ്ടം. എന്നാൽ ആരുമതനുവദിച്ചില്ല. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ എല്ലാവരും എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
വിവാഹജീവിതത്തിലായിരിക്കണം അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് വലിയ പ്രാധാന്യമുള്ളത്. ഒരു കൊച്ചു പെൺകുട്ടിയുടെ മനസുമായാണ് ഞാൻ ദാമ്പത്യത്തിലേക്ക് പ്രവേശിച്ചത്. പെൺകുട്ടി എന്ന് പറയുന്നതുകൊണ്ട് ഇതാണുദ്ദേശിച്ചത്. വളർച്ചയ്ക്കൊപ്പം പാകമായിട്ടില്ലാത്ത മനസുള്ള ഒരുവളെന്ന്. ചിലർക്ക് പ്രായത്തേക്കാൾ പക്വതയുണ്ടാകും. മറ്റുചിലർക്ക് പ്രായത്തേക്കാൾ കുറവും.
ഞാനൊട്ടും പക്വതയില്ലാത്തവളാണെന്ന അഭിപ്രായം എല്ലാവർക്കുമുണ്ടായിരുന്നു. എനിക്ക് ആരോടും പ്രണയം തോന്നാത്തത് വലിയൊരു പോരായ്മയാണെന്ന് ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് ആയിടെ എന്നോട് പറഞ്ഞിരുന്നു. പ്രണയത്തിന്റെ വലിയ സാധ്യതകളെ പറ്റി വിവരിക്കുകയും ചെയ്തു.എന്നെ ഉപദേശിക്കാൻ എന്റെ അമ്മ തന്നെയാണ് അവരെ ഏർപ്പാടാക്കിയത്.
അമ്മ പ്രണയത്തെ വെറുത്തിരുന്നു. അമ്മയുടെ താക്കീതുകൾ ഭയന്നാണോ ഞാനന്ന് പ്രണയത്തെ മാറ്റിനിർത്തിയത്. അക്കാലത്തൊക്കെ എനിക്ക് പരന്ന വായനയുണ്ടായിരുന്നു. വായിക്കുന്നത് പ്രണയകഥയാണെങ്കിൽ അമ്മയതിലേ വരുമ്പോൾ ഞാൻ ഞെട്ടി പുസ്തകം മടക്കുമായിരുന്നു.
പ്രണയം ഒട്ടും നന്നല്ലെന്ന തോന്നലാണ് അന്നെനിക്കുണ്ടായിരുന്നത്. നല്ല കുട്ടികളൊന്നും പ്രേമിക്കില്ലെന്നും പ്രേമിക്കുന്നവരൊക്കെ ചീത്തയാണെന്നും കരുതി. ഞാൻ കാണാൻ മോശമല്ലായിരുന്നു. കാഴ്ച്ചയിൽ എന്നേക്കാൾ വളരെ താഴെ നിൽക്കുന്നവർക്കു പോലും പ്രണയലേഖനങ്ങൾ കിട്ടിയിരുന്നു. എന്നിട്ടും എന്നെ പ്രണയിക്കാനാരും വന്നില്ല. ഒരു നോട്ടം കൊണ്ടു പോലും . ഇനിയൊരു പക്ഷേ വന്നിരുന്നോ ? ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണോ?
വിവാഹത്തെക്കുറിച്ച് ചെറിയ ചില അറിവുകളൊക്കെ എന്റെ വായനയെനിക്ക് തന്നിട്ടുണ്ട്. ചില നോവലുകളിലെ ചില ഭാഗങ്ങൾ വായിച്ച ദിവസം എന്നിൽ കുറ്റബോധമുണ്ടായി. പാപം എന്ന വാക്ക് അത്രയധികം സ്വാധീനം ചെലുത്തിയതിനാലാകണം.
മതബോധന ക്ലാസുകൾ എന്നിലെ ക്രിസ്തുമത വിശ്വാസിയെ ഇല്ലാതാക്കിയെങ്കിലും എന്നിലെ ദൈവവിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല.
ഒരു സ്ത്രീ ഗർഭിണിയാകുന്നത് എങ്ങനെയെന്നും പ്രസവിക്കുന്നത് എങ്ങനെയായിരിക്കും എന്നുമുള്ള വലിയ സംശയങ്ങൾ അന്നെനിക്കുണ്ടായിരുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും വ്യാപകമായ ഇക്കാലത്തെ കുട്ടികൾ ഇത് കേട്ടാൽ ചിരിക്കാതിരിക്കില്ല. വായിച്ചുനേടുന്ന ചില ചില്ലറ അറിവുകളൊഴിച്ചാൽ ബാക്കിയെല്ലാം അറിവില്ലായ്മകളായിരുന്നു.ഞാനന്ന് വിവാഹത്തെ എന്നെ കൊണ്ടാവും വിധം എതിർത്തു കൊണ്ടിരുന്ന സമയമായിരുന്നു. അതിനെനിക്ക് നൂറായിരം കാരണങ്ങളുമുണ്ടായിരുന്നു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പുസ്തകങ്ങളാണെന്ന കണ്ടുപിടുത്തം അമ്മ നടത്തിയതിൽ പിന്നെ താൽക്കാലികമായി എന്റെ വായന നിലച്ചു.
അങ്ങനെയിരിക്കെയാണ് എന്റെ ആ കുടുംബസുഹൃത്തും അവരുടെ ഭർത്താവും കൂടി എനിക്കൊരു പുസ്തകം തരുന്നത്.
അവർ തരുന്ന പുസ്തകം വായിക്കാൻ എനിക്കനുവാദമുണ്ടായിരുന്നു. കാരണം അവർ ഞങ്ങളുടെ കുടുംബത്തോട് വിശ്വസ്തതയുള്ളവരായിരുന്നു എന്നാണ് എന്റെ അപ്പനും അമ്മയും കരുതിയിരുന്നത്..മുഴുവനും വായിക്കണം എന്നുപറഞ്ഞാണ് അവരത് തന്നത്. എന്നോടങ്ങനെ പറയേണ്ട കാര്യമേയില്ല. ഇതേവരെ ഒരു പുസ്തകവും ഞാൻ പകുതിയിൽ നിർത്തിയിട്ടില്ല.
ഞാനാ പുസ്തകം വായിക്കാനെടുത്തത് ഒരുച്ചനേരത്തായിരുന്നു. അതൊരു ചെറിയ പുസ്തകമായിരുന്നു. പെട്ടെന്ന് വായിച്ച് തീരുമല്ലോ എന്ന് സങ്കടപ്പെട്ടാണ് ഞാനത് വായിക്കാനിരുന്നത്. എന്നാൽ വളരെ വിമ്മിഷ്ടത്തോടെയാണ് വായിച്ചവസാനിപ്പിച്ചത്. ഇടക്ക് വച്ച് വായന നിർത്തിയാലോ എന്ന തോന്നലുണ്ടായി എങ്കിലും ആകാംഷ എന്നൊന്നുല്ലോ. അറിയാത്തത് അറിയാനാഗ്രഹിക്കുന്ന മനസിന്റെ ആകാംഷ .
പുസ്തകം എഴുതിയത് പമ്മൻ എന്നൊരാളായിരുന്നു. അതേവരെ ഞാനൊരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും പമ്മന്റെ പുസ്തകം ഞാനാദ്യമായിട്ടാണ് വായിക്കുന്നത്. ഒരു പുരുഷൻ സ്ത്രീയോടിടപെടുന്ന എല്ലാ വിഷയങ്ങളും കോൾമയിർ കൊള്ളിക്കുന്ന വിധത്തിൽ അതിനകത്ത് വിവരിച്ചിട്ടുണ്ടായിരന്നു.
എന്തിനാണ് അവരാ പുസ്തകം വായിക്കാൻ തന്നതെന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല. അവരുടെ ഉദ്ദേശമെന്തായിരുന്നു? അവരുടെ മകൾ വലുതാകുമ്പോൾ ലൈംഗിക വിദ്യാഭ്യാസം എന്ന നിലയിൽ അതുപോലൊരു പുസ്തകം അവർ കൊടുക്കുമോ? ആ പുസ്തകം തിരിച്ച് കൊടുക്കുമ്പോൾ എന്റെ മുഖഭാവം എന്തായിരുന്നെന്ന് എനിക്കറിയില്ല. വാങ്ങുമ്പോൾ അവരുടെ മുഖം വിളറിയിരുന്നു. പിന്നീട് അവരെനിക്ക് മുഖം തന്നതുമില്ല.
ഒരു കുമ്പസാര കൂട്ടിലും പറയാനാകാതെ വലിയ പാപബോധവുമായി കുറേകാലം എനിക്ക് ജീവിക്കേണ്ടി വന്നു. ദൈവവിശ്വാസമെന്ന് ഞാൻ കരുതിയ പലതും അന്ധവിശ്വാസങ്ങളായിരുന്നു എന്ന് അന്നെനിക്കറിയില്ലായിരുന്നല്ലോ. ചിലതൊക്കെ ആലോചിച്ചാൽ തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നിയിരുന്നു. ഞാനെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നും തോന്നാറുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്ന്. അത് നല്ലതോ ചീത്തയോ ആകാം. എന്നാലും അങ്ങനെയെന്തോ എന്നിലുണ്ടെന്നും എനിക്ക് തോന്നിയിരുന്നു.
പല ശരികളും തെറ്റെന്ന് പഠിച്ചതു കൊണ്ടായിരിക്കാം ഒരു പെൺകുട്ടിയിൽ നിന്ന് പെണ്ണെന്ന വളർച്ചയിലേക്ക് കുതിക്കാൻ എന്റെ
മനസാഗ്രഹിക്കാതിരുന്നത്. കുട്ടിയായിരിക്കുക എന്നതാണ് സെയ്ഫെന്ന് എന്റെ ഉപബോധമനസ്സ് മനസിലാക്കി വച്ചിട്ടുണ്ടായിരിക്കാം.
ബി.സി എന്നും എ.ഡി എന്നും കാലഘട്ടത്തെ രണ്ടായി വിഭജിച്ചതുപോലെ ഭൂരിഭാഗം പേരുടെ ജീവിതത്തെയും ബി.എം എന്നും എ .എം എന്നും രണ്ടായി തിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത് .വിവാഹത്തിനു മുൻപും വിവാഹത്തിന് ശേഷവുമെന്ന വിധത്തിൽ . ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ട് പ്രധാനപെട്ട കാലഘട്ടങ്ങൾ. വ്യത്യസ്തമായ രണ്ട് കാലഘട്ടങ്ങൾ.പ്രത്യേകിച്ചും സ്ത്രീകളുടെ. വിവാഹമെന്ന കോട്ടവാതിലിലൂടെ ഒരു പെരുംകോട്ടക്കകത്തേക്ക് പ്രവേശിക്കുന്നത് സ്ത്രീകളാണല്ലോ.
അല്ലെങ്കിലും അതെന്തൊരേർപ്പാടാണ് അല്ലേ. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലെ കാര്യമാണ്. മൊബൈൽ ഫോണൊന്നും പ്രചാരത്തിലായിട്ടില്ല. ഇതുവരെ ജീവിച്ച പരിസരത്തെയും കണ്ടിട്ടുള്ള മനുഷ്യരെയും പ്രിയപ്പെട്ട സകലതിനെയും ഉപേക്ഷിച്ച് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുള്ള സംസാരിക്കാൻ പോലും പറ്റിയിട്ടില്ലാത്ത ഒരാളോടൊപ്പം ഇതേവരെ കാണാത്ത ഒരിടത്തേക്ക് പോവുക. തുടർന്നുള്ള ജീവിതം അവിടെയുള്ളവർക്കായി ക്രമീകരിക്കുക.
വിവാഹ സമയത്ത് പള്ളിയിലെ ചടങ്ങുകൾക്കിടയിൽ ആലപിക്കുന്ന ഒരു സങ്കീർത്തന ഭാഗമുണ്ട്. നാൽപത്തിയഞ്ചാം സങ്കീർത്തനം.
"എന്റെ പുത്രീ നിന്റെ ജനത്തേയും നിന്റെ പിതൃഗൃഹത്തേയും നീ മറന്നു കളയുക."ഇപ്രകാരം നീ ചെയ്യുമ്പോൾ "നിന്റെ അഴകിൽ രാജാവ് സംപ്രീതനാകും."
എന്തൊരു വിരോധാഭാസം. ഇത് പുത്രിമാർക്ക് മാത്രമാണ് ബാധകം എന്നുള്ളതാണ് ആ വിരോധാഭാസം. എത്രയോ കാലങ്ങളായി അതങ്ങനെയാണ്. സ്വന്തം പിതൃഭവനത്തെ ഉപേക്ഷിച്ച് ഭർത്താവിന്റെ പിതൃഭവനത്തെ പരിചരിച്ചാൽ അവളുടെയഴകിൽ രാജാവ് സംപ്രീതനാകുമെന്ന്. അഴക് എന്നതു കൊണ്ടുദ്ദേശ്ശിക്കുന്നത് ആ സ്വഭാവസവിശേഷതയായിരിക്കും.
എന്തായാലും എനിക്ക് ആ സവിശേഷമായ സ്വഭാവം പിന്തുടരാൻ പറ്റിയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. മകളെ വേറൊരിടത്തേക്ക് പറഞ്ഞയക്കാൻ അപ്പനും അമ്മക്കും കഴിഞ്ഞു..ഹൃദയത്തിൽ നിന്നടർത്തി മാറ്റാനൊക്കില്ലെങ്കിലും ജീവിതത്തിൽ നിന്നടർത്തി മറ്റൊരിടത്തൊട്ടിച്ചു വയ്ക്കാനവർക്ക് കഴിഞ്ഞു.
എനിക്കും അന്നങ്ങനെ തന്നെയാണ് തോന്നിയത്. എന്നെ വേറൊരിടത്ത് അവരൊട്ടിച്ചു വയ്ക്കുകയാണെന്ന്.
എന്തായാലും പോയി നോക്കാം. പറ്റിയില്ലെങ്കിൽ തിരിച്ചുപോരാം എന്നൊക്കെ കരുതാനൊക്കുന്ന ഒരു
കാര്യമായിരുന്നില്ലല്ലോ അത്. എന്നിട്ടും,
പറിഞ്ഞു പോരാൻ സാധ്യതയുണ്ടെന്ന തോന്നലുണ്ടായിരുന്നിട്ടും, ഞാനാഗ്രഹിക്കാത്ത ഒരു കാര്യത്തിലേക്ക് എന്നെ പറഞ്ഞയക്കാൻ അവർക്ക് കഴിഞ്ഞല്ലോയെന്ന് അന്ന് ഞാൻ സങ്കടപ്പെട്ടിരുന്നു. പക്ഷേ അവർക്കെന്തു ചെയ്യാനൊക്കും? അവർ അദൃശ്യമായ ഒരു ചട്ടക്കൂടിനകത്തായിരുന്നല്ലോ ജീവിച്ചിരുന്നത്. അതിൽ നിന്നും പുറത്ത് വരാനുള്ള പ്രാപ്തിയൊന്നും അവർക്കുണ്ടായിരുന്നില്ല. എല്ലാവരും ചെയ്യുന്നതുപോലെ അവരും കാലത്തിനൊപ്പമൊഴുകി.
എന്റെ അപ്പനും അമ്മയും കത്തോലിക്കാസഭയിലുള്ളവരാണ്. അതുകൊണ്ട് ഞാൻ വളർന്നത് ആ സഭാസമ്പ്രദായങ്ങൾക്കനുസരിച്ചാണ്. അനുസരണ എന്ന വാക്കിന് വലിയ വിലയാണ് ഞങ്ങൾക്കിടയിൽ.
അപ്പനനുസരിക്കാൻ ബാധ്യത പെട്ടവനാണ്. അപ്പനെയനുസരിക്കാൻ ഞാനും. എന്നിട്ടും ഞാനെതിർത്തു. ഇന്റുവിനെ എനിക്കിഷ്ടമില്ലെന്ന് കരഞ്ഞു. പട്ടിണി കിടന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. പക്ഷേ എന്റെ അപ്പനമമ്മയും സങ്കടപ്പെട്ടു. എല്ലാം ശരിയാവുമെന്നെന്നെ ഉപദേശിച്ചു.
ഇഷ്ടമില്ലാത്ത ഒരാളെ എങ്ങനെ ഉൾക്കൊള്ളും എന്നാലോചിച്ചെന്റെ തലതരിച്ചു. എന്നാലാകുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴിയും കണ്ടില്ല.
തീരുമാനങ്ങൾ മുതിർന്നവരിൽ നിക്ഷിപ്തമായിരുന്നു. ഇത്തരം സാമൂഹികമായ ചില നീതിന്യായങ്ങൾക്ക് മാറ്റം വന്നു കൊണ്ടിരുന്ന കാലമായിരുന്നെങ്കിലും ഗ്രാമങ്ങളിലേക്ക് അതന്നെത്തപ്പെട്ടിരുന്നില്ല.
സാമൂഹികമായ നീതിന്യായങ്ങളേക്കാളും മതപരമായ നീതിന്യായങ്ങൾക്കായിരുന്നു പ്രാധ്യാന്യം.
ഒരോരുത്തരുടെയും ഹൃദയങ്ങളിൽ വേരുറപ്പിച്ച് സഭ വളർന്നു കൊണ്ടിരുന്ന സമയം.മതബോധം സൃഷ്ടിച്ച പാപഭയം എന്നിലുമുണ്ടായിരുന്നല്ലോ.
വിശ്വാസപ്രമാണവും ദൈവകൽപനകളും തിരുസഭാ കൽപനകളും ദിവസവും മുടങ്ങാതെ മധുരത്തോടെ ഉരുവിട്ടു കൊണ്ടിരുന്ന ബാല്യമുണ്ടായിരുന്നു എനിക്ക്. കോൺവെന്റ് സ്കൂൾ പഠനത്തോടെയാണ് അതെനിക്ക് കയ്ച്ചു തുടങ്ങിയത്. നിർബന്ധിതമായ ചില അച്ചടക്കങ്ങൾ. ആശയടക്കങ്ങൾ. വിശുദ്ധജീവിതം നയിച്ച അമ്മമാരുടെ സ്വയംപീഢകൾ. അവിടുത്തെ നിർബന്ധിത പ്രാർത്ഥനകൾ . മതാനുഷ്ഠാനങ്ങൾ. ദൈവത്തിന്റെ മണവാട്ടിമാരെന്ന് കരുതിയ കന്യാസ്ത്രീകളുടെ പെരുമാറ്റങ്ങൾ. എല്ലാമെല്ലാം ക്രിസ്ത്യാനിയെന്നാൽ സ്വാതന്ത്യമില്ലാത്തവരെന്നും ഹിന്ദുക്കളെന്നാൽ സർവ്വസ്വതന്ത്രരാണെന്നും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഹിന്ദുമതാചാരങ്ങളാണ് നല്ലത് എന്ന തോന്നലുമുണ്ടായി. കാരണം കൽപനകളോട് എന്നുമെനിക്ക് വെറുപ്പായിരുന്നു. സ്നേഹത്തോടെയാണ് ആവശ്യപ്പെടുന്നതെങ്കിൽ ഞാനെന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറാവാറുണ്ട്.
കൽപനകൾ പുറപ്പെടുവിക്കുന്നത് തന്നെ അനുസരിക്കാനായിട്ടാണല്ലോ. പത്ത് കൽപനകൾക്കു മുകളിലാണ് കത്തോലിക്കാ സഭയിരിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പത്തു കൽപനകളോടനുബന്ധിച്ചുണ്ടാക്കിയ വേറെയും കൽപനകൾ. നിർബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങൾ.
ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്നെ ഏകാധിപത്യപരമായ കൽപനകളനുസരിക്കേണ്ടി വരിക. നിർബന്ധപൂർവ്വമുളള അടിച്ചേൽപ്പിക്കലാണെന്ന് തോന്നാത്ത വിധത്തിലുള്ള ചില അടിച്ചേൽപ്പിക്കലുകൾ. ആ പ്രത്യേക ചട്ടക്കൂടിനകത്തൊതുങ്ങി ജീവിക്കേണ്ടി വരിക. എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം അസംബന്ധമായി തോന്നി.
ഞായറാഴ്ച്ചകുർബാന മുടക്കരുത്. എല്ലാ മാസവും കുമ്പസരിക്കണം. നിർബന്ധപൂർവ്വമായ ഇത്തരം പ്രവൃത്തികളൊന്നും എനിക്കുൾക്കൊള്ളാനായില്ല. വി.കുർബ്ബാനയിൽ പങ്കുകൊള്ളുമ്പോൾ എനിക്കൊരനുഭവവും ഉണ്ടായില്ല. വി.കുർബാന സ്വീകരിക്കുന്നതിൽ ആദ്യത്തെ കൗതുകം കഴിഞ്ഞതിനു ശേഷം പ്രത്യേകിച്ചൊരു താൽപര്യവും തോന്നിയില്ല. എല്ലാം എനിക്ക് ബുദ്ധിമുട്ടും മെനക്കെടലും ആയി തോന്നി. എങ്കിലും എന്റെ അപ്പന്റെയും അമ്മയുടെയും സന്തോഷത്തിനായി മറ്റു പലരെയും പോലെ ഞാനുമൊരു കത്തോലിക്കാവിശ്വാസിയായി നടിച്ചു. അവർ പഠിപ്പിച്ചതെല്ലാം അതേ പോലെ പിന്തുടർന്നു.
സ്നേഹമുളളിത്ത് ചെയ്യുന്ന ചില വിട്ടുവീഴ്ച്ചകൾ \സങ്കടമുണ്ടാക്കുന്നില്ല. പകരം മനസുഖം നൽകും..
ഇഷ്ടമില്ലാത്തിടത്ത് വിട്ടു കൊടുക്കലുണ്ടാകില്ല. മാറ്റിവയ്ക്കലുകളാണ് നടക്കുക. മറ്റൊരാൾക്കു വേണ്ടി നമ്മുടെ ജീവിതം നമുക്കിഷ്ടമില്ലാത്ത വിധത്തിൽ ക്രമീകരിക്കാനാരംഭിക്കുന്നിടത്ത് ആ ബന്ധം ക്ഷയിക്കാനാരംഭിക്കുകയായി. ഇന്റുവിനോടൊപ്പമുള്ള എന്റെ ജീവിതം ക്ഷയിച്ചു എന്ന് പറയാനാവില്ല. ക്ഷയിക്കാനാണെങ്കിൽ ആദ്യം വളരണമല്ലോ.
ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളെ പറ്റി പറഞ്ഞില്ലേ. അതിൽ രണ്ടാമത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് അഡ്ജസ്റ്റ്മെന്റ് എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. ഒരു പക്ഷേ മുൻപെവിടെയെങ്കിലും കേട്ടിരിക്കാം. പക്ഷേ ഞാനോർക്കുന്നില്ല. പ്രാധാന്യത്തോടെ കേട്ടത് അന്നാദ്യമായിട്ടായിരുന്നു.
കത്തോലിക്കാസഭയിലെ യുവതീയുവാക്കൾക്ക് വിവാഹത്തിനു മുൻപ് മൂന്നു ദിവസത്തെ ക്ലാസ് കൂടേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസമെന്നൊക്കെയാണ് പറയുന്നത് എങ്കിലും എങ്ങനെയാണ് കുടുബജീവിതം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നാണ് പ്രധാനമായും അവിടെ പഠിപ്പിച്ചത്.
ഞാനും പോയി മൂന്ന് ദിവസം. അരമനക്കകത്താണ് ക്ലാസ്. ചെറുക്കനും പെണ്ണും ഒരേ ദിവസം ക്ലാസ് കൂടാൻ വരുമെന്നതിനാൽ പലർക്കും അതൊരവസരമാണ്. പരസ്പരം കാണാമല്ലോ. മിണ്ടാമല്ലോ. എന്നാലെനിക്കോ? അതിലൊന്നും ഒരു രസവും തോന്നിയില്ല. ഉച്ചയ്ക്കുള്ള ഫുഡ് കൊള്ളാമായിരുന്നു. ഒരു ദിവസം ഒരു ചീരയിലതോരനുണ്ടായിരുന്നു. ഇപ്പോഴും അതിന്റെ രുചി ഞാൻ മറന്നിട്ടില്ല. പിന്നെ എന്റെ ജോഡിക്കാരനായ ഇന്റുവിന് അന്നത്തെ ക്ലാസിന് വരാനായില്ല. അതുകൊണ്ട് ആ ബോറടി സഹിക്കേണ്ടി വന്നില്ല. മറ്റുള്ള ജോഡികളുടെ പ്രണയസല്ലാപങ്ങളൊന്നും എനിക്കിഷ്ടപ്പെട്ടതുമില്ല.
ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. അത്തരം മൃദുലവികാരങ്ങളൊന്നും എന്നിൽ മുളപൊട്ടി തുടങ്ങിയിരുന്നില്ലെന്ന്. അതുകൊണ്ടായിരിക്കാം അയാളെങ്ങാനും വരുമോ എന്നോർത്ത് ഞാൻ ടെൻഷനടിച്ചത്. വന്നാൽ ഞാൻ മൈൻഡ് ചെയ്യണമെന്നില്ല. അതു കണ്ടയാൾക്ക് എന്തെങ്കിലും തോന്നിക്കൂടെന്നില്ല. ഉറപ്പിച്ച വിവാഹം അലസികൂടെന്നുമില്ല.
" ദാമ്പത്യമെന്നാൽ അതൊരുടമ്പടിയാണ്. ഉടമ്പടി ലംഘിച്ചാൽ ദാമ്പത്യത്തിൽ വിള്ളലുകളുണ്ടാകും. അതുകൊണ്ട് പ്രിയ കുഞ്ഞുങ്ങളേ....നിങ്ങളുടെ കയ്യിലാണ് ദാമ്പത്യം ഭദ്രമായിരിക്കേണ്ടത്. " ഒന്നാമത്തെ ദിവസത്തെ ക്ലാസിനിടെ ഒരച്ചൻ ഇതും പറഞ്ഞ് ഞങ്ങൾ പെൺകുട്ടികളിരിക്കുന്നിടത്തേക്ക് നോക്കി.
ആരുടെ കയ്യിൽ. പെണ്ണുങ്ങളുടെ കയ്യിൽ. ഞാൻ വായും പൊളിച്ചിരുന്നാണ് എല്ലാം കേട്ടത്. ദാമ്പത്യഭദ്രത സ്ത്രീകളുടെ കയ്യിലാണെന്നാണ് ആ അച്ചൻ പറയുന്നത്.
എനിക്ക് ചെമ്മീൻ സിനിമയിലെ ഒരു ഗാനരംഗമാണ് അപ്പോൾ ഓർമ്മ വന്നത്. കടലിലേക്ക് പോകുന്ന
മുക്കുവൻമാരുടെ ജീവനിരിക്കുന്നത് കരയിലിരിക്കുന്ന പതിവ്രതകളായ മുക്കുവത്തികളുടെ കയ്യിലാണെന്ന വിഷയം.
"ഭാര്യമാരേ നിങ്ങൾ ഭർത്താക്കൻമാർക്ക് വിധേയരായിരിക്കുവിൻ. വചനം അനുസരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് നയിക്കാൻ ഭാര്യമാർക്ക് കഴിയും. "
വിവാഹസമയത്തെ ഈ വചനഭാഗം കേട്ടപ്പോൾ ഞാനോർത്തു. ഇതുകൊണ്ടാണ് ആ അച്ചനന്ന് പെൺകുട്ടികളിരിക്കുന്ന ഭാഗത്തേക്ക് നോക്കിയതെന്ന്. ഭാര്യമാർ വേണം എല്ലാം സഹിച്ച് ഭർത്താക്കൻമാരെ നന്നാക്കിയെടുക്കേണ്ടത് എന്നല്ലേ ആ വചനത്തിന്റെ പൊരുൾ. ഭർത്താക്കൻമാരേ നിങ്ങൾ ഭാര്യമാർക്കും വിധേയരായിരിക്കുവിൻ എന്നെന്തുകൊണ്ട് ബൈബിൾ പറയുന്നില്ല.
"ഇന്നു മുതൽ മരണം വരെ സുഖത്തിലും ദുഖത്തിലും രോഗത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പരസ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഏകമനസോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ സുവിശേഷം സാക്ഷിയാക്കി ഞങ്ങൾ പ്രതിഞ്ജ ചെയ്യുന്നു. "
ഈ വിവാഹ ഉടമ്പടി ഞാൻ സശ്രദ്ധം കേട്ടെങ്കിലും പ്രതിഞ്ജ ചെയ്യാൻ തോന്നിയില്ല. സത്യം ചെയ്താലത് പാലിക്കണമെന്നാണ് അപ്പനെന്നെ പഠിപ്പിച്ചത്. സത്യലംഘനം മരണമാണെന്നും. ക്ലാസിലാ അച്ചൻ പറഞ്ഞതുപോലെ ചെയ്ത ഉടമ്പടിയിൽ വിള്ളലുണ്ടാകാതെ നോക്കണമല്ലോ. അപ്പോൾ ഉടമ്പടി ചെയ്യാതിരിക്കുകയാണല്ലോ നല്ലത്. ഇന്റുവും അങ്ങനെയൊരു പ്രതിജ്‌ഞ എടുത്തിട്ടില്ലെന്ന് പിന്നീടുള്ള ജീവിതം തെളിയിച്ചു.
രണ്ടാമത്തെ ദിവസം ക്ലാസെടുക്കാൻ വന്ന അച്ചനെ എനിക്കിഷ്ടമായി. ആ അച്ചനെ പോലെ ഒരാളായിരുന്നെങ്കിൽ നന്നായിരുന്നു. അച്ചന്റെ താടി, മുടി, കണ്ണട സംസാരം എല്ലാം എനിക്കിഷ്ടപ്പെട്ടു.
" ചെറുതും വലുതുമായ അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുമെന്നേ. ജീവിതം സന്താഷത്തോടെ മുന്നോട്ട് കൊണ്ടുപോണ്ടെ. വേണ്ടേ ...."
ഇടക്ക് ആ അച്ചൻ മനോരാജ്യത്തിൽ മുഴുകിയിരുന്ന എന്റെ നേരെ കൈചൂണ്ടി ചോദിച്ചു.
"വേണ്ടേ ...." അച്ചൻ വീണ്ടും ചോദിച്ചു.
ഗത്യന്തരമില്ലാതെ ഞാൻ ഒരളിഞ്ഞ ചിരിയോടെ തലയാട്ടി. അല്ലാതെന്തു ചെയ്യും. എന്നാലും ഞാനാലോചിച്ചു. ഇഷ്ടമില്ലാത്ത ഒരാളുമായി ഏതു വിധത്തിൽ അഡ്ജസ്റ്റ് ചെയ്യും. അഡ്ജസ്റ്റ് ചെയ്താൽ സന്തോഷമെങ്ങനെ വരും. എനിക്കറിയില്ലായിരുന്നു. അച്ചനും അതറിയില്ലെന്നാണ് എനിക്ക് തോന്നിയത്. എന്നാലും ആ അച്ചന്റെ ക്ലാസെനിക്കിഷ്ടപ്പെട്ടു. മൂന്നാലുവട്ടം ഉളളിൽ പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റെന്ന വാക്കോർത്തു വയ്ക്കുമ്പോൾ ഇനിയങ്ങോട്ട് എപ്പോഴും കേൾക്കാൻ പോകുന്ന ഒരു വാക്കാണതെന്ന് ഞാനെങ്ങനെ ചിന്തിക്കാനാണ്.
പെണ്ണുകാണൽ ചടങ്ങെന്നാൽ ആണു കാണൽ ചടങ്ങുമാണല്ലോ. കാര്യം പെണ്ണിനെ കാണാനാണ് ചെറുക്കൻ വരുന്നതെങ്കിലും പെണ്ണിന് ചെറുക്കനെ കാണാനും കഴിയുമല്ലോ. ചെറുക്കനെ ഇഷ്ടപ്പെട്ടില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം എന്റെ അപ്പനെനിക്ക് തന്നിട്ടുണ്ടായിരുന്നു. ആ സ്വത്രന്ത്ര്യം ഞാൻ മുതലെടുക്കുന്നു എന്ന് അവർക്ക് തോന്നിക്കാണും. മൊത്തം അറുപത്തിയെട്ട് ചെറുക്കൻമാരെന്നെ കാണാൻ വന്നിട്ടുണ്ട്. അറുപത്തിയഞ്ച് പേരെയും എനിക്കിഷ്ടപ്പെട്ടില്ല. ആ മുഖങ്ങളൊന്നും ഓർമ്മയുമില്ല. നാലാളെ എനിക്കോർമ്മയുണ്ട്. വന്നതിൽ മൂന്നാളെയാണ് എനിക്കിഷ്ടമായത്. അതിൽ രണ്ട് പേർക്ക് എന്നെയിഷ്ടമായില്ല. പിന്നെയുള്ള ഒരാളെ എന്റെ അമ്മയ്ക്കും അപ്പനും ഇഷ്ടമായില്ല. നാലാമനെ അവർക്കിഷ്ടപ്പെട്ടു. അങ്ങനെ അറുപത്തെട്ടാമനായ നാലാമനാണ് ഇഷ്ടമില്ലാതെ എന്റെയൊപ്പം കൂടിയത്. ഞാൻ ഞാനല്ലാതായി ജീവിക്കേണ്ടി വന്ന കുറേ വർഷങ്ങൾ അയാൾ എനിക്ക് തന്നിട്ടുണ്ട്.
മൂന്നാമത്തെ ദിവസത്തെ ക്ലാസു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവിടുത്തെ പുസ്തകശാല ഞങ്ങൾക്കായി തുറന്നിരുപ്പുണ്ടായിരുന്നു. പുസ്തകങ്ങൾ എന്നും എന്റെ വലിയ ഇഷ്ടമാണ്. ഏത് തരത്തിലുള്ളതായാലും. എങ്കിലും അവിടെയിരിക്കുന്ന പുസ്തകങ്ങളിൽ ഒരു പുസ്തകം പെട്ടെന്ന് എന്റെ കണ്ണിലുടക്കി. "ആൺകുഞ്ഞുണ്ടാകാൻ ചെയ്യേണ്ട കാര്യങ്ങൾ " ഒരാൺകുട്ടിയില്ലാത്തതിൽ എന്റെയമ്മ എപ്പോഴും സങ്കടപ്പെടുമായിരുന്നു. ഞാനൊരു ആൺകുട്ടിയായിരുന്നെങ്കിലെന്ന് പലപ്പോഴും പറയുമായിരുന്നു. അതിനാലാകാം അതെനിക്ക് വാങ്ങാൻ തോന്നിയത്.
പുസ്തകവുമായി പുറത്തേക്കിറങ്ങിയപ്പോൾ എന്റെ അപ്പനെന്നെ കാത്തു നിന്നിരുന്നു. എന്റെ അമ്മായിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഞങ്ങൾക്ക് അങ്ങോട്ടാണ് പോകേണ്ടത്. ഞാനുളളിൽ വളരെ സന്തോഷിച്ചു. അവസാനം ആ മനുഷ്യൻ എന്റെ അമ്മായിക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. അങ്ങനെ സ്വാർത്ഥപരമായി ചിന്തിക്കാനാണ് എനിക്കപ്പോൾ തോന്നിയത് .
ക്ലാസ് കൂടിയ വിരസതയൊക്കെ മറന്ന് ഞാനപ്പനോടൊപ്പം അങ്ങോട്ട് തിരിച്ചു.
സ്ത്രനിയേരി - വിദേശി - തുടരും...
read previous chapters