Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 10 : മിനി ആന്റണി )

Published on 02 February, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ -  10 : മിനി ആന്റണി )
അരമനയിൽ നിന്ന് അന്നത്തെ  ആ ക്ലാസ്സ് കഴിഞ്ഞ് ഞാനപ്പനോടൊപ്പം പാണ്ടിപ്പറമ്പിലേക്കാണ് പോയത്. അവിടെയാണല്ലോ അമ്മായിയുടെ വീട്.  പാറമടയുടെ തൊട്ടു താഴെയായി ഓടിട്ട ഒരു ചെറിയ വീട്. 
 
പാറമടയിൽ വെടി പൊട്ടുമ്പോൾ വീടു കുലുങ്ങാറുണ്ടെന്നും ഓടിളകി താഴെ വീഴാറുണ്ടെന്നും അമ്മായി പറയാറുണ്ട്. അത് ശരിയായിരിക്കും. പാറമടക്കും അമ്മായിയുടെ വീടിരിക്കുന്ന പറമ്പിനുമിടയിൽ ഒരു റോഡിൻ്റെ അകലമേയുണ്ടായിരുന്നുള്ളൂ. 
 
ഞങ്ങൾ പതുക്കെ വീട്ടിലേക്കുള്ള ഒതുക്കുകളിറങ്ങി. മുറ്റത്തിനരികെ വച്ചുപിടിപ്പിച്ച ബുഷ് എൻ്റെ നെഞ്ചോളം ഉയരത്തിൽ വളർന്നു നിൽക്കുന്നു. അത് വെട്ടിയൊതുക്കാറേയില്ലെന്ന് തോന്നുന്നു.
ഒന്നുരണ്ട് തരം ഇലച്ചെടികളും വളർന്ന് ചെറിയൊരു മരമായി നിൽക്കുന്നുണ്ട്.
 
മരണവീട്ടിലെ ഒച്ചയനക്കങ്ങളൊന്നും അവിടെ  ഉണ്ടായിരുന്നില്ല. അപ്പുറവും ഇപ്പുറവും നിന്ന് കുശുകുശുക്കുന്ന ചിലരല്ലാതെ അധികം ആളുകളും ഉണ്ടായിരുന്നില്ല
 
ഞാൻ അമ്മായിയെ നോക്കി. അമ്മായി കരച്ചിലായിരിക്കുമോ എന്നൊരാലോചന എന്നിലുണ്ടായിരുന്നു. 
വലിയ സങ്കടക്കാരിയാണ്. ചെറിയ കാര്യം മതി കരയാൻ. പക്ഷേ ആ കണ്ണുകളിൽ നനവിൻ്റെ ഒരംശം പോലുമില്ല. മോളെ ചേർത്തു പിടിച്ച്  ഒരിടത്തിരിക്കുന്നുണ്ട്. എന്നെ കണ്ടപ്പോഴൊന്നു നോക്കി. അമ്മായിയുടെ ചുണ്ടിലൊരു ചെറുചിരി വിരിഞ്ഞെന്ന് എനിക്ക് തോന്നിയതായിരിക്കും.
 
പാറമടയിലെ വെയിലിൽ  ആ കണ്ണുകളെന്നേ ഉണങ്ങിയതാണ്. അവിടുത്തെ ചൂടിൽ ഉള്ളെന്നേ പഴുത്തു പാകപ്പെട്ടതാണ്. ആ കണ്ണുകളിവിടെ നനയുമെന്നോർത്ത ഞാനെന്തൊരു വിഢിയാണ്. 
 
അവിടെ പെട്ടിയിൽ കിടന്ന മനുഷ്യനെ പറ്റി എനിക്ക് കാര്യമായി ഒന്നുമറിയില്ല. അമ്മായി അയാളെ പറ്റി കൂടുതലൊന്നും പറഞ്ഞിരുന്നുമില്ല. വിവാഹം കഴിക്കുന്നത് ചീത്തയാണെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.  
 
"ചത്ത് കളഞ്ഞാ മതീന്ന് തോന്നാ" എന്ന് അമ്മായി ചിലപ്പോഴൊക്കെ സങ്കടപ്പെടാറുണ്ട്. അപ്പോൾത്തന്നെ ചിരിച്ചുകൊണ്ട് "അങ്ങനെ ചാവാനൊന്നും എന്നെ കിട്ടില്ല്യ "എന്ന് തിരുത്താറുമുണ്ട്
 
കാഴ്ച്ചയിൽ അമ്മായിയുടെ ഭർത്താവ് നല്ല മനുഷ്യനായിരുന്നു. ചുരുക്കം ചില അവസരങ്ങളിൽ കണ്ടപ്പോഴൊക്കെ അയാൾ സരസമായും സ്നേഹത്തോടെയുമാണ് എന്നോടിടപഴകിയത്. അതിനാൽ ചിലപ്പോഴൊക്കെ ഞാൻ അയാളുടെ ഭാഗത്തുനിന്നും ചിന്തിക്കാറുണ്ട്.  അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതിനു പിന്നിൽ എൻ്റെ വീട്ടിലെ ചില സാഹചര്യങ്ങളുമുണ്ടായിരുന്നു.
 
"ഞാനിപ്പൊ കാണിച്ച് തരാട്ടാ." എന്നൊരു ഭീഷണി മുഴക്കി എൻ്റെ അമ്മ എപ്പോഴും അപ്പനെ പേടിപ്പിക്കാറുണ്ട്. ഒരു മുഴം കയറിൽ സ്വയം തീർക്കുമെന്നുള്ള ഭീഷണിയിൽ  ഭയന്ന് ഉറക്കമൊഴിച്ച് അമ്മക്ക് കാവലിരിക്കുന്ന അപ്പൻ എൻ്റെ സങ്കടവുമായിരുന്നു.  അവിടെ അമ്മയിൽ ഞാൻ ന്യായങ്ങളൊന്നും കാണാറില്ല. അമ്മക്ക് അപ്പനോടുള്ള സ്വാർത്ഥപരമായ സ്നേഹത്തെ ഞാൻ പരിഗണിക്കാറുമില്ല. സ്നേഹമെന്നാൽ മനസ്സിലാക്കലാണെന്നാണ് അന്നേ ഞാൻ കരുതിയിരുന്നത്. 
 
എൻ്റെ അപ്പൻ ഒരിക്കലുമൊരു ചീത്ത ഭർത്താവായിരുന്നില്ല. എങ്കിൽ ഏറ്റവും നല്ല ഭർത്താവായിരുന്നോ എന്ന് ചോദിച്ചാൽ  അങ്ങനെയും ആയിരുന്നില്ല.  എന്നാൽ എൻ്റെ അപ്പൻ ഒരു നല്ല മനുഷ്യനാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.
 
ഒരു നല്ല മനുഷ്യന് ഭാര്യയാഗ്രഹിക്കുന്ന വിധത്തിലൊരു   ഭർത്താവായിരിക്കാൻ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. മക്കളാഗ്രഹിക്കുന്ന വിധത്തിലൊരു അപ്പനാവാനും സാധിക്കണമെന്നില്ല.തിരിച്ചും അങ്ങനെത്തന്നെ. കുടുംബത്തോട് മാത്രമല്ലല്ലോ അവർക്ക് ഉത്തരവാദിത്വമുള്ളത്. അപ്പനെന്നും മുൻതൂക്കം കൊടുത്തത് നാടിനും നാട്ടുകാർക്കുമായിരുന്നു.
 
പരസ്പരം മനസിലാക്കുന്നതിലെ ചില പാകപ്പിഴകളാണോ അമ്മായിയുടെ ദുഖത്തിന് കാരണമെന്ന് അതുകൊണ്ടാണ് ഞാനാലോചിച്ചത്. എന്നാൽ അമ്മായിയുടെ അവസ്ഥ എന്തായിരുന്നു എന്ന് മനസിലാക്കാൻ ഏതാനും ചില മാസങ്ങൾക്കപ്പുറം എനിക്ക് കഴിഞ്ഞു. ഇൻറുവിനോടൊപ്പം ജീവിതമാരംഭിച്ചതിനു ശേഷം. പുറമേ നിന്ന് നോക്കുന്നവർക്ക് ഇൻറുവും ഒരു പാവമായിരുന്നു. 
 
ചില മനുഷ്യരങ്ങനെയുമുണ്ട്.പുറമേ കാണുന്ന, മറ്റുള്ളവർക്കറിയാവുന്ന ആളേയായിരിക്കില്ല  വീടിനകത്ത്. വീടിനകത്തും കിടപ്പറയിലും അയാൾ മറ്റൊരാളായിരിക്കും.
 
ചുറ്റും നിന്ന പലരും അമ്മായിയുടെ കല്ലിച്ച മനസിനെ പറ്റിയും നിറയാത്ത മിഴികളെ പറ്റിയും പറയുന്നുണ്ടായിരുന്നു.
സാധുവായ മറ്റൊരു പെണ്ണിനെ കെട്ടിയിരുന്നെങ്കിലയാൾ സുഖമായി ജീവിക്കുമായിരുന്നത്രേ. 
ഒട്ടും മനക്കട്ടിയില്ലാത്ത പാവം മനുഷ്യനാണ് അമ്മായിയുടെ ഭർത്താവെന്നത് അവരിൽ നിന്നു കിട്ടിയ പുതിയ അറിവാണെനിക്ക്.
 
അങ്ങനെയുള്ള പാവങ്ങൾ ഒരിക്കലുമൊരു വിവാഹം കഴിക്കരുത് എന്ന അഭിപ്രായക്കാരിയാണ് ഞാൻ. കാരണം അവരുടെ അപകർഷതാബോധം കൂടെയുള്ളവരുടെ ജീവിതം നശിപ്പിക്കും.
 
അവർ പറഞ്ഞതിനർത്ഥം അമ്മായി സാധുവല്ലെന്നല്ലേ. സ്വയം പര്യാപ്തതക്ക് ശ്രമിക്കുന്ന സ്ത്രീകളെ   സാമർത്ഥ്യക്കാരായി ചിത്രീകരിക്കുന്നത് ഞാനടക്കമുള്ള നമ്മുടെ സമൂഹത്തിൻ്റെ ഒരു രീതിയാണല്ലോ.
 
ആ പെണ്ണ് രക്ഷപ്പെട്ടു എന്നു പറയുന്ന ചിലരെയും കണ്ടു. സമൂഹത്തിന് അങ്ങനെയും ഒരു സ്വഭാവമുണ്ടല്ലോ. എന്തിനും രണ്ടഭിപ്രായമുണ്ടാകും. തീയില്ലാതെ പുകയുണ്ടാവില്ലെന്ന് പറയും. പുകഞ്ഞതകത്താണെന്ന് ഒരു കൂട്ടരും  പുറത്താണെന്ന് വേറൊരു കൂട്ടരും പറയും. എന്തായാലും അമ്മായിയെ അനുകൂലിക്കുന്ന ചിലരെങ്കിലും ആ നാട്ടിലുണ്ടെന്നത് എന്നെ സന്താഷിപ്പിച്ചു.
 
ഭർത്താവ് മരിച്ചതിനു ശേഷമാണ് എൻ്റെ അമ്മായി നന്നായി ജീവിച്ചു തുടങ്ങിയത്. കരുവാളിച്ച മുഖം  വീണ്ടും നിറം വെച്ചു. കല്യാണത്തിന് മുൻപുണ്ടായ മുഖപ്രസാദം എത്ര പെട്ടെന്നാണെന്നോ അമ്മായി വീണ്ടെടുത്തത്. 
 
അമ്മായിയെ മാത്രമല്ല വേറെയും ചില സ്ത്രീകളെ എനിക്കറിയാം. ഭർത്താവ് മരിച്ചതിനു ശേഷം സന്തോഷത്തോടെയും  സമാധാനത്തോടെയും ജീവിക്കുന്ന ചിലരെ.  എന്നോട് പലരും പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്.
 
"എത്ര പൊട്ടയാണെങ്കിലും ഒരാണൊള്ളതൊരു ബലാ. അതില്ലാണ്ടാവുമ്പോ കാണാം കളി. "
 
     അങ്ങനെയൊക്കെയുണ്ടോ? ഉണ്ടാകാം. ചില സ്ത്രീകൾക്ക് താൻ ഭർത്താവിൻ്റെ സംരക്ഷണയിൽ കഴിയുന്നവളാണെന്ന ബോധ്യമോ ബോധ്യപ്പെടുത്തലോ ആത്മധൈര്യം കൊടുക്കുമായിരിക്കാം.
 
എൻ്റെ അമ്മായി സഹോദരൻമാരെ ആശ്രയിക്കാതെ പാറമടയിൽ കല്ലുപൊട്ടിച്ചും അവിടുത്തെ പാചകപ്പുരയിൽ കുശിനിപ്പണി ചെയ്തും ആത്മാഭിമാനത്തോടെയാണ്  ജീവിച്ചത്.  ഒരേയൊരു സഹോദരിക്ക് നല്ലൊരു ജീവിതം നേടിക്കൊടുക്കാനാകാത്ത, വീട്ടിലെ മാനസിക പീഡനത്തെ പറ്റി പല തവണ പറഞ്ഞിട്ടും കുറച്ചൊക്കെ  സഹിക്കണമെന്നുപദേശിച്ച ആങ്ങളമാർക്കുള്ള ഏറ്റവും നല്ല ഉത്തരം അതു തന്നെയായിരുന്നില്ലേ.
 
പണ്ട് എനിക്ക് പരിചയമുള്ള ഒരാളുണ്ടായിരുന്നു. ഒരു നല്ല മനുഷ്യൻ. അല്ലെങ്കിൽ നല്ല മനുഷ്യനാണെന്ന് ഞാൻ കരുതുന്ന മറ്റുള്ളവർ പറഞ്ഞിരുന്ന ഒരാൾ.  ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഞാനയാളെ കണ്ടിട്ടേയില്ല. പേര് സാമുവൽ. പൂർവ്വകാലത്തിലെ ആളുകൾക്കൊന്നും പേര് വേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സാമുവലിൻ്റെ പേരു പറയാൻ കാരണം  ഇവിടെ ഇത് വായിക്കുന്നവരുടെ മനസിലെങ്കിലുമയാൾ ജീവിച്ചിരിക്കണം എന്ന് കരുതിയാണ്. എന്തൊക്കെയായാലും എനിക്കയാളെ ഇഷ്ടമായിരുന്നു. ഒരിക്കലും മറക്കാനും സാധിക്കില്ല
 
എന്തിനാണ് അയാളെക്കുറിച്ച് ഞാനിവിടെ പറയുന്നത് എന്നെനിക്കറിയില്ല. ഞാനിപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളുമായി ചിലപ്പോൾ അയാൾക്ക് ബന്ധമുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കും സാമുവലും അയാളുടെ ഭാര്യയും പെട്ടെന്നെൻ്റെ മനസിലേക്ക് കയറി വന്നത്.
 
എനിക്ക് സാമുവലുമായി മൂന്നു വർഷത്തെ പരിചയമേയുള്ളൂ.  ഒല്ലൂർ കോൺവെൻ്റ് സ്ക്കൂളിൻ്റെ തൊട്ടടുത്ത് ഞാനൊരു റെഡിമെയ്ഡ് കടയിട്ടതിനുശേഷം തുടങ്ങിയ പരിചയം.
സാമുവൽ ആ സ്കൂളിലെ പി.ടി.എ പ്രസിഡണ്ടാണ്.  അയാളുടെ മൂന്ന് പെൺകുഞ്ഞുങ്ങളും പഠിക്കുന്നതവിടെയാണ്. ഒരു ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് അയാളന്ന് കടയിലേക്ക് വന്നത്.  ഭംഗിയുള്ള ചിരി. ഭംഗി എന്നു പറഞ്ഞാലത് കാണാൻ അതിസുന്ദരനായതുകൊണ്ടല്ല. ആ ചിരിയിൽ സത്യസന്ധതയും നിഷ്ക്കളങ്കതയും ഉണ്ടായിരുന്നതു കൊണ്ടാണ്. ചിരിയോടെയുള്ള തുറന്ന സംസാരം ആരേയും ആകർഷിക്കുന്നതായിരുന്നു.
 
" വല്ല്യ റെയ്റ്റില്ലാത്ത രണ്ട് ചുരിദാറെടുത്ത് വെച്ചേക്ക്. ഞാൻ നാളെ ഭാര്യേം കൊണ്ട് വരാം.''
 
എന്നും പറഞ്ഞാണ് ആദ്യ ദിവസം അയാൾ പോയത്. പറഞ്ഞതു പോലെ ഭാര്യയേയും മക്കളെയും കൊണ്ട് പിറ്റേന്നയാൾ വന്നു. ചുരുളൻ മുടിയുള്ള വിഷാദഭാവമുള്ള കണ്ണുകളുള്ള ഒരു സ്ത്രീ.  മക്കൾക്ക് മൂന്നു പേർക്കും അയാളുടെ ഛായയാണ്.
 
 വില കുറഞ്ഞതെങ്കിലും  മൂന്ന് ചുരിദാറന്നവർ വാങ്ങി. ഞാനത് സാമുവലിൻ്റെ ഭാര്യയുടെ അളവിൽ ഷേയ്പ് ചെയ്ത് കൊടുക്കുമ്പോൾ അയാൾ പറഞ്ഞു.
 
" കൊറച്ച് ലൂസായിക്കോട്ടേട്ടാ. ദാ ഇതുപോലെ."
 
ഭാര്യയും മക്കളും തങ്ങളേക്കാൾ വലിയ സൈസിലുള്ള വസ്ത്രങ്ങളാണിട്ടിരിക്കുന്നത്. അയഞ്ഞ വസ്ത്രങ്ങളും കഴുത്തിൽ വലിയ മണികളുള്ള കൊന്തയും !  ഏറ്റവും ലളിതമായ വസ്ത്രധാരണ രീതിയായിരുന്നു അവരുടേത്. എങ്കിലും സ്വന്തം അളവിൽ  വസ്ത്രങ്ങളിട്ടു കൂടെ അവർക്ക് എന്നെനിക്ക് തോന്നി. വസ്ത്രങ്ങളെത്ര വില കുറഞ്ഞതുമാകട്ടെ   അതിട്ടിരിരിക്കുന്ന രീതിയാണ് അതിനെ ഭംഗിയുള്ളതും വൃത്തിയുള്ളതുമാക്കുന്നത്. ആ ഒരു കാര്യം പിന്നീട് ഞാൻ സാമുവലിനോട് പറയാറുമുണ്ട്. ചെറിയ മാറ്റം വന്നതുമായിരുന്നു.
 
സാമുവൽ ഒരു സുവിശേഷ പ്രഘോഷകനായിരുന്നു. രോഗശാന്തി ശുശ്രൂഷകളിലും പ്രാർത്ഥനകളിലും അയാൾ സജീവമായിരുന്നു. ധ്യാനകേന്ദ്രങ്ങളിൽ പ്രസംഗിക്കാനും കൗൺസിലിംഗിനുമൊക്കെ പോയാണ് അയാൾ ജീവിച്ചിരുന്നത്. കിട്ടുന്ന വരുമാനത്തിലൊതുങ്ങി ജീവിക്കണമല്ലോ. ആർഭാടങ്ങൾ അവരെപോലുള്ളവർക്ക് പഥ്യവുമല്ലല്ലോ.
 
പിന്നെ ഭക്തിമാർഗത്തിൽ ജീവിക്കുന്നവർക്ക് ചില ഭാവങ്ങളും പെരുമാറ്റരീതികളുമുണ്ട്. അവരങ്ങനെയായിരിക്കണം എന്ന സമൂഹത്തിൻ്റെ ചില കാഴ്ച്ചപ്പാടുകൾ. വസ്ത്രധാരണരീതി അങ്ങനെയായത് ഒരുപക്ഷേ അതുകൊണ്ടാകാം. 
 
സാമുവൽ ഒരിക്കൽ പോലും എന്നെ ഉപദേശിക്കാൻ വന്നിട്ടില്ല. താനങ്ങനെയൊരാളാണെന്ന ഭാവം പോലും കാണിച്ചിട്ടില്ല. ധ്യാനമെന്ന വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല. കടയുടെ തൊട്ടുമുന്നിൽ പള്ളിയാണ്. ഞാനൊരു കൃസ്ത്യാനിയാണെന്നും എന്നാൽ പള്ളിയിൽ പോകാനിഷ്ടപ്പെടുന്നില്ലെന്നും അയാൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ പള്ളിയിലൊന്ന് പൊയ്ക്കൂടെയെന്ന് എന്നോടയാൾ പറയേണ്ടതാണ്. അല്ലെങ്കിൽ അത്തരത്തിലുള്ള എന്തെങ്കിലുമൊരു സംസാരം. പക്ഷേ ഒന്നുമുണ്ടായിട്ടില്ല. അതു തന്നെയായിരിക്കും ഞാനയാളെ വിലമതിക്കാനുള്ള കാരണം.
 
     അങ്ങനെയിരിക്കെ ഒരു ദിവസം സാമുവലെന്നെ ഞെട്ടിച്ചുകളഞ്ഞു.
അയാളുടെ രോഗവിവരമറിയിച്ച്. അയാൾ നേരിട്ട് പറയുകയല്ല. മറ്റൊരാൾ പറഞ്ഞ് ഞാനറിയുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച വരെ ഞാനയാളെ കണ്ടതാണ്.
 
"എന്നെപ്പോലെ ഞാരു പോലിരിക്കുന്നോർക്കെന്താവോ ഈ മുട്ടുവേദന വരണെ " കടയിലെ സ്റ്റൂളിലിരുന്ന് മുട്ട് മടക്കി നിവർത്തി അയാൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതായിരുന്നു അയാളുടെ രോഗലക്ഷണം. മുട്ടുവേദന. മഞ്ജയിൽ ക്യാൻസറായിരുന്നു സാമുവലിന്.  ഒരു മാസത്തിനുള്ളിൽ അയാൾ മരിച്ചു. 
 
അയാളുടെ രോഗമോ മരണമോ അല്ല. മരണത്തോടും രോഗത്തോടുമുള്ള അയാളുടെ പ്രതികരണമാണ് എന്നെ ഞെട്ടിച്ചു കളഞ്ഞത്. 
 
    രോഗമറിഞ്ഞതിനു ശേഷം  അയാളാരേയും കാണാൻ കൂട്ടാക്കിയിരുന്നില്ല.  എല്ലാവരോടും എല്ലാത്തിനോടും ദേഷ്യത്തോടെയാണ് പ്രതികരിച്ചിരുന്നത്. ഒന്ന് കാണണമെന്നാഗ്രഹമുണ്ടായിരുന്നു. എങ്കിലും ഞാനത് വേണ്ടെന്ന് വച്ചു. കാരണം അയാളെ അങ്ങനെയൊരു ഭാവത്തിൽ കാണേണ്ട എന്നു കരുതി.ഞാനറിയുന്ന സാമുവലിന് മരണത്തെ പുഞ്ചിരിയോടെ സ്വീകരിക്കാൻ കഴിയും എന്നാണ് ഞാൻ കരുതിയിരുന്നത്. 
 
എന്തായിരിക്കാം അവസാനസമയങ്ങളിൽ സാമുവലങ്ങനെ പ്രതികരിക്കാൻ കാരണം. അയാൾ ജീവിതത്തെ 
ഒരുപാടാഗ്രഹിച്ചു കാണണം. പെട്ടെന്നത് അവസാനിക്കുന്നു എന്നത് ഉൾക്കാള്ളാനായിട്ടുണ്ടാവില്ല. ഇത്ര നാൾ താൻ ചെയ്ത നല്ല കാര്യങ്ങളൊന്നും തനിക്കുപകരിച്ചില്ലല്ലോയെന്നും വിശ്വസിച്ച ദൈവം തന്നെ ഈ വിധത്തിൽ ചതിച്ചതെന്തിനെന്നും സങ്കടപ്പെട്ടു കാണണം.   
 
താൻ ചെയ്ത നന്മകളുടെ പ്രതിഫലം ഭാര്യക്കും മക്കൾക്കും കിട്ടുമല്ലോ എന്നാശ്വസിക്കാൻ അയാൾക്കായില്ല. തനിക്കന്യമാകുന്ന ലോകത്തെക്കുറിച്ച് ഇനിയൊന്നും അറിയണ്ട എന്ന നിലാപാടിൽ എല്ലാത്തിൽ നിന്നും മുഖം തിരിച്ചാണ് അയാൾ മരിച്ചത്.
 
സാമുവലിൻ്റെ ഭാര്യയെ കാണുമ്പോൾ കുറച്ചു നാളത്തേക്ക് എനിക്കും സങ്കടമായിരുന്നു. അവരൊന്ന് ചിരിച്ചുകണ്ടില്ല. മുഖത്തെ വിഷാദഭാവം ഇരട്ടിച്ചു.  പക്ഷേ അത് വളരെ കുറച്ചു നാളത്തേക്കായിരുന്നു. സാമുവലില്ലാത്ത ശൂന്യതയിൽ നിന്ന് കരകേറും വരേക്ക് മാത്രം.
 
ഇപ്പോൾ സാമുവലിൻ്റെ ഭാര്യയെ കണ്ടാൽ തിരിച്ചറിയുകയേയില്ല. അത്ര പ്രസരിപ്പോടെയാണ് അവർ നടക്കുന്നത്. അവർ ജോലിക്ക് പോകുന്നു. വണ്ടിയെടുക്കുന്നു. ചുരുണ്ട മുടി നിവർത്തുന്നു. പാകത്തിനുള്ള വസ്ത്രങ്ങളണിയുന്നു. അവരുടെയും മക്കളുടെയും  ലൈഫ് സ്റ്റൈൽ മറ്റൊന്നായി മാറുന്നു. 
 
കാഴ്ച്ചയിൽ സാമുവൽ ഒരു നല്ല മനുഷ്യനായിരുന്നെങ്കിലും അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് അയാളുടെ ഭാര്യ ജീവിച്ചിരുന്നത്. അയാളോടുള്ള സ്നേഹം കൊണ്ടാണ് തികച്ചും നിരുപദ്രവകരമായ പല ഇഷ്ടങ്ങളും അവർ വേണ്ടെന്ന് വച്ചത്
 
എൻ്റെ അമ്മായിയും സാമുവലിൻ്റെ ഭാര്യയും രണ്ടു രീതിയിലാണ് ഭർത്താക്കൻമാരെ അനുസരിച്ച്  ജീവിച്ചത്. എങ്കിലും രണ്ടും അടിമത്തമായിരുന്നില്ലേ. ഒന്നിൽ ദൃശ്യമായ മതിലാണെങ്കിൽ മറ്റൊന്നിൽ അദൃശ്യമായ മതിൽ.
 
പരസ്പരം സ്വാതന്ത്ര്യത്തെ ഹനിക്കാതെ രണ്ടുപേർക്കൊന്നിച്ച് കഴിയാനാവില്ലേ. അതിന് സ്നേഹം മാത്രം ഉണ്ടായാൽ മതിയോ. സാമുവലിന് ഭാര്യയോട് സ്നേഹമുണ്ടായിരുന്നു. തിരിച്ച് ഭാര്യക്കും. എങ്കിൽ അവരുടെ സ്നേഹത്തെ എങ്ങനെയാണ് മനസിലാക്കേണ്ടത്. ഭാര്യ അയാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വയം പരുവപ്പെട്ടു. അയാൾക്കെന്തുകൊണ്ട് ഭാര്യയുടെ ഇഷ്ടങ്ങൾ മനസിലാക്കാനായില്ല. അതിനനുസരിച്ച് സ്വയം പരുവപ്പെടാനായില്ല. അവർക്കിടയിൽ എന്തോ ഒരു പോരായ്കയുണ്ടായിരുന്നു. ചേർച്ചയിലും
ചേരാത്ത ചിലത്. 
 
നാനാത്വത്തിൽ ഏകത്വമെന്നത് അതിസുന്ദരമായ ഒരവസ്ഥയാണെന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. അത് രണ്ട് വ്യക്തിക്കിടയിൽ പോലും നടപ്പിലാകും.വ്യത്യസ്തതകൾക്കിടയിലും 
പരസ്പരം മനസിലാക്കി ബഹുമാനിച്ച് ഒന്നിക്കാനായാൽ. 
 
"എല്ലാം നോക്കീം കണ്ടും  പെരുമാറണം. എടുത്തു ചാട്ടം പാടില്ല. കൊറേ കണ്ടില്ലാ കേട്ടില്ലാന്ന് വെക്കണം. പെണ്ണിൻ്റെ കയ്യിലാ കുടുംബം ഇരിക്കണത്. എത്ര ചാടിക്കടിച്ചാലും അപ്പനുണ്ണാതെ അമ്മ ഉണ്ണണെ കണ്ടിട്ടുണ്ടോ നീയ്. അപ്പൻ കൊണ്ടരണേന്ന് ഒരു പിടി അരി ഞാനെപ്പഴും മാറ്റി വക്കണ കണ്ടിട്ടില്ല്യേ. എപ്പഴും ഒരു പിടിപ്പ് വേണം. എന്ത് കൊഴപ്പണ്ടായാലും പെണ്ണിനാ കുറ്റം വരാ. അമ്മ വളത്ത്യേൻ്റെ കുറ്റാന്നാ പറയൊള്ളൊ. സഹിക്കണം കൊറേയൊക്കെ. "ഇത്തരത്തിലുള്ള നീണ്ട ഉപദേശം തന്നാണ് അമ്മ എന്നെ ഇൻ്റുവിൻ്റെ വീട്ടിലേക്കയച്ചത്.  വിവാഹത്തിന് പള്ളിയിൽ കേട്ട  ബൈബിൾ വചനത്തിൻ്റെ മറ്റൊരു വേർഷൻ.  
 
മുകളിൽ  പറഞ്ഞതൊക്കെ ആദ്യമൊക്കെ ചെയ്തു നോക്കി. പക്ഷേ തുടരാനായില്ല. എതിർത്തു. എല്ലാം നഖശിഖാന്തം എതിർത്തു. അതുകൊണ്ടാകണം
സാമർത്ഥ്യക്കാരിയാണെന്ന പട്ടം എനിക്കും ചാർത്തിത്തന്നിട്ടുണ്ട് എൻ്റെ നാട്ടുകാർ. അഹങ്കാരിയാണെന്ന കിരീടവും വച്ചു തന്നിട്ടുണ്ട്
 
  ഇറ്റലിയിലെത്തുമ്പോൾ ഒറ്റയ്ക്കൊരു ജീവിതമാണ് ഞാനാഗ്രഹിച്ചിരുന്നത്. അധികം ആരേയും കാണണ്ട. മിണ്ടണ്ട. ആരോടും കൂട്ടു കൂടണ്ട. മറ്റുള്ളവരുടെ കണ്ണീര് കണ്ട് ചിരിക്കുന്ന, അതിനായി അവസരങ്ങളുണ്ടാക്കുന്ന  സമൂഹത്തെ ഞാൻ ഭയക്കുകയും  വെറുക്കുകയും ചെയ്തു. 
 
ഒരു മനുഷ്യനെ നല്ലതാക്കുന്നതും ചീത്തയാക്കുന്നതും അവൻ ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്.  സമൂഹം പറയുന്നതെന്തോ അതാണ് അവൾ അല്ലെങ്കിൽ അവൻ.  അവരതല്ലെങ്കിലും സമൂഹമവരെ അങ്ങനെയാക്കിക്കളയും.
 
എൻ്റെ പ്രവൃത്തികളെടുത്ത്  അമ്മാനമാടാൻ ഇനിയും  ഞാനവസരമുണ്ടാക്കില്ല. ഒറ്റയ്ക്കൊരു ജീവിതം ആർക്കുമാവില്ല.  ഒരോ മനുഷ്യനും സമൂഹത്തിൻ്റെ ഭാഗമാണ്. എന്നാലാ സമൂഹത്തിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച്  
ജീവിക്കണമെന്ന എഴുതാലിഖിതമാണ് എനിക്കംഗീകരിക്കാനാവാത്തത്. അതെതിർത്തതുകൊണ്ടാണ്  സമൂഹത്തിൽ  ഞാൻ നോട്ടപ്പുള്ളിയായത്. 
 
(  സ്ത്രനിയേരി - വിദേശി - തുടരും )
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക