പറുദീസയിൽ പത്ത് ദിവസമെനിക്ക് താമസിക്കേണ്ടി വന്നു.
അത്രയുംദിവസംകൊണ്ട് മാനസികമായി ഒരടുപ്പം ആ
വീടുമായുണ്ടായി. അത് ചിലപ്പോൾ നാട്ടിലെ വീടുമായുള്ള സാമ്യം കൊണ്ടായിരിക്കാം.
വീടുമായി തോന്നിയ അടുപ്പം സുബിയുമായി തോന്നിയില്ല. അതെന്തുകൊണ്ടാണെന്ന് പ്രത്യേകിച്ചാലോചിക്കേണ്ടതില്ല. ഈയിടെയായി എനിക്കാരുമായും പെട്ടെന്നൊരടുപ്പം സ്ഥാപിക്കാനാവാറില്ല. ചില കാര്യങ്ങളിൽ സുബിയിൽ ഞാനെന്നെ കണ്ടു. പ്രധാനമായും രണ്ടുകാര്യങ്ങളിൽ. അതിലൊന്ന് ബോബിയുമായുള്ള ഇടപെടലുകളാണ്. രണ്ടാമത്തേത് സംസാരത്തിലും ശാരീരിക ചലനങ്ങളിലും പ്രകടമാവുന്ന അഹങ്കാരമാണ്.
ഭയങ്കര അഹങ്കാരിയാണെന്നും ജാഡക്കാരിയാണെന്നുമുള്ള തെറ്റിദ്ധാരണ എന്നെ കണ്ടുപരിചയം മാത്രമുള്ളവർക്ക് തോന്നാറുണ്ട്. ജാഡക്കാരിയാണെന്നത് അടുത്തറിയുന്നതുവരെ മാത്രം നിലനിൽക്കുന്ന തോന്നലാണ്. അഹങ്കാരിയാണ് എന്നുള്ള മറ്റുള്ളവരുടെ ആ തോന്നലിൽ സത്യമുണ്ട്. എനിക്കുണ്ടെന്ന് ഞാൻ കരുതുന്ന ചില കാര്യങ്ങളിൽ ഞാനഹങ്കാരിയാണ്. എന്നാലതിനെ ആത്മവിശ്വാസം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.
ഒന്നിരുത്തി ചിന്തിച്ചാലറിയാം. അഹങ്കാരി എന്ന് സമൂഹം വിളിക്കുന്നതാരെയാണെന്ന്. എന്തെങ്കിലും കഴിവുള്ളവരല്ലേ എപ്പോഴും
അഹങ്കാരികളെന്നറിയപ്പെടുന്നത്. ഒരു തരത്തിൽ നോക്കിയാൽ അതൊരംഗീകാരമാണ്.
അടുത്തറിയുമ്പോഴാണല്ലോ ഒരാളെന്താണെന്നറിയുന്നത്. ചിലപ്പോൾ എത്രയടുത്താലും മനസിലാവണമെന്നുമില്ല. എങ്കിലും അടുക്കുന്നതുവരെയുള്ള അറിവുകളെല്ലാം പുറം കാഴ്ച്ചകളാണ്. പുറംകാഴ്ച്ചയിലായിരിക്കും
സുബിയങ്ങനെ. അടുത്തറിഞ്ഞാൽ ചിലപ്പോൾ ഇതുവരെ അറിഞ്ഞ
ആളേയായിരിക്കില്ല.
അതിനിടക്ക് ഒരു കാര്യം പറയാൻ വിട്ടുപോയി. അക്കോമഡേഷൻ നടത്തുന്നവരെ അവിടെ താമസിക്കുന്നവർ 'കാപ്പ'എന്നാണ് ബഹുമാനപൂർവ്വം വിളിക്കുന്നതെന്ന കാര്യം. ഞാനാദ്യമായി കേൾക്കുന്ന വാക്കായിരുന്നു അത്. "കാപ്പ "
ഈ വിവരം സച്ചുവിൽ നിന്നാണെനിക്ക് കിട്ടിയത്. സച്ചു പറുദീസയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണല്ലോ. ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസുകാണുമവന്. എന്നാൽ സംസാരത്തിൽ അവനെന്നെയും കവച്ചുവയ്ക്കും. അതായത് ഒരു നാൽപതു വയസുകാരനെപ്പോലെയാണ് സംസാരം.
അവനോടു മാത്രമാണ് സുബി വഴക്കിടാറ്. തമാശ പറയാറ്. ചിരിക്കാറും കളിക്കാറുമുളളത്. എനിക്കൊരനിയനുണ്ടായിരുന്നില്ല. ഉണ്ടെങ്കിലൊരു പക്ഷേ ഞങ്ങൾ അവരെപ്പോലെയായിരുന്നേനെ എന്നെനിക്ക് തോന്നാറുണ്ട്.
സച്ചു ആരേയും വെറുതെ വിടാറില്ല. അങ്ങോട്ട് മിണ്ടാനൊന്നും പോകണ്ട. ഇങ്ങോട്ടായിക്കോളും. പ്രത്യേക രീതിയിൽ ചിരിച്ച് ശരീരം കുറച്ച് വളച്ച് വിരൽ ചൂണ്ടിയുള്ള സംസാരം.
"ചേച്ചി ഇറ്റലിയിൽ പുതിയതാണല്ലേ. അക്കോമഡേഷൻ മര്യാദകളുണ്ട്. പിന്നെ പലതുമുണ്ട്. എല്ലാം വഴിയേ പറഞ്ഞു തന്നേക്കാം. പക്ഷേ ....... ചെലവുണ്ട് കേട്ടോ" അവനെന്നെയും വിട്ടില്ല. അവൻ്റെ വീരസാഹസിക കഥകൾക്ക് ഞാൻ നല്ലൊരു കേൾവിക്കാരിയായി.
എല്ലാവരുമായും പെട്ടെന്നടുപ്പമുണ്ടാക്കുക എന്നതൊരു കഴിവാണ്. സമ്മതിച്ചു കൊടുക്കാതെ വയ്യ.
"അഹങ്കാരത്തിന് കൊമ്പും വാലും വച്ചയാളാ. കാപ്പയായോണ്ട് സഹിക്കാതെന്നാ ചെയ്യാനൊക്കും."
രണ്ടാം കാപ്പയായ സുബി കേൾക്കലെ സച്ചു കളിയായി പറഞ്ഞു. സുബിയെ തോണ്ടുന്നത് അവനൊരു രസമായിട്ടെടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്.
"ഓ... ഞങ്ങൾക്ക് കാപ്പയെന്ന ബഹുമതിയൊന്നും വേണ്ട. അതിൻ്റെ അഹങ്കാരോമില്ല.ഇവിടെ വരുന്നോരെല്ലാം ഞങ്ങളിൽ ഒരാളാണെന്നേ ഞങ്ങൾ
കരുതുന്നുള്ളൂ. ചേച്ചിക്കെന്നതാ തോന്നിയേ ?"
സുബി എന്നെ നോക്കി ചോദിച്ചു
സച്ചുവിൻ്റെ തമാശകൾ കേട്ട് സുബി ചിരിക്കുന്നതും ചൊടിക്കുന്നതും കാണാനും രസമുണ്ട്. ആ സമയത്ത് അഹങ്കാരിയുടെ ഭാവമൊന്നും ഉണ്ടാകാറില്ല. കുസൃതിയായിരിക്കും അപ്പോഴാ മുഖത്ത് .
"ചേച്ചി പൊക്കം പറയുന്നതല്ല. മറ്റുള്ള അക്കോമഡേഷനിലെ പോലല്ല ഇവിടെ. സ്വന്തം വീടുപോലെ സ്വാതന്ത്ര്യമുണ്ട്. നല്ല ഭക്ഷണമുണ്ട്. "
വേറൊരു അക്കോമഡേഷൻ എനിക്കറിയില്ലാത്തതുകൊണ്ടും സുബി പറയുന്ന പോലെ ഒരു വീടിൻ്റെ അന്തരീക്ഷം അവിടെയുണ്ട് എന്നതുകൊണ്ടും ഞാനതിനെ തലയാട്ടി ശരിവച്ചു.
ഒന്നാം കാപ്പയായ ബോബി അപ്പോഴതിലേ വന്നു.അവൻ്റെ കറുത്ത കുട്ടിബാഗിൻ്റെ നീളൻ വള്ളി വലത്തേ തോളിലിട്ട് ഇടത്തോട്ട് തൂങ്ങിക്കിടക്കുന്ന ബാഗിലൊന്ന് പരതി. സ്കൂട്ടറിൻ്റെ ചാവിയെടുത്തു. എന്തോ മറന്നപോലെ വീണ്ടും വീട്ടിനകത്തേക്ക് നടന്നു. എപ്പോഴും നെട്ടോട്ടമാണാ മനുഷ്യന്.
ഓട്ടത്തിനിടയിലെ ഇത്തിരി സമയത്ത് ബാഗുപോലും മാറ്റാതെ കിടക്കുന്നത് കാണാം. കിടക്കുമ്പോഴേക്കും ഉറങ്ങും. ഉറക്കെ കൂർക്കം വലിക്കും. പൊടുന്നനെ എണീറ്റ് വീണ്ടും പുറത്തേക്ക് പോകും. അതിനിടയിൽ പാചകവും ചെയ്യും.
ഉച്ചയ്ക്ക് പാസ്തയായിരുന്നു. ഞാനാദ്യമായാണ് പാസ്ത കഴിക്കുന്നത്. ഇനിയിവിടുന്നങ്ങോട്ട് ഇതായിരിക്കും ഭക്ഷണം എന്നെന്നോടായി പറഞ്ഞു കൊണ്ടാണ് ബോബി പാസ്ത തയ്യാറാക്കിയത് .
"ഒന്നാം കാപ്പക്ക് ഇരിക്കാനും കിടക്കാനും സമയമില്ല. അതിൻ്റെടേല് അടുക്കളേലും കേറണം." ബോബിയതിലേ പോകുന്നത് കണ്ട് സച്ചു സുബിയെ നോക്കി ആംഗ്യം കാട്ടി പറഞ്ഞു.
ആ പറഞ്ഞത് ശരിയാണ്. കാപ്പക്ക് ഒന്നിനും നേരമില്ല. ഇടക്ക് ഭാര്യയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നതു കാണാം. അടുത്തു വന്ന് ഒരു മിനിറ്റ് നിൽക്കുന്നത് കാണാം.
"ഇച്ചായൻ അവരുടെ പൈസ അയ ച്ചാരുന്നോ? നാളേക്കുള്ള സാധനങ്ങളൊക്കെ വാങ്ങിയോ? എന്നെ ജോലിക്ക് കൊണ്ടാക്കണ്ടാതാണേ. മറക്കല്ലേ. പെട്ടെന്ന് പോയി വാ." ഉള്ള സമയത്തിൽ സുബി നൂറ് കാര്യമോർമ്മിപ്പിക്കും.
പറുദീസയിലെ എൻ്റെ ആദ്യ ദിവസങ്ങളിലാണ് ഇതെല്ലാം നടക്കുന്നത്. എന്നാൽ പിന്നീടങ്ങോട്ടും കാപ്പമാർ അതേപ്പോലെ തന്നെയായിരുന്നു. ഒരു കരയിലാണെങ്കിലും ഇരുകരയിലെന്ന പോലെ.
അന്നൊക്കെ പറുദീസയിൽ പതിനാലോ പതിനഞ്ചോ പേരുണ്ടാകും. പറുദീസയുടെ ശൈശവദശയിലാണ് ഞാനവിടെയെത്തിയത്. പിന്നീട് പറുദീസ വളർന്നു. ആളെണ്ണം കൂടി. വളരുന്നതിനനുസരിച്ച് മാറ്റങ്ങളുണ്ടായി.അതിനൊത്ത് സുബിയുടെ ചിന്തകളും പ്രവൃത്തികളും മാറി. ബോബിയിൽ പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
സച്ചു കഴിഞ്ഞാൽ സുബി കുറച്ചെങ്കിലും അടുപ്പം കാണിച്ചത് ജെന്നിയോടായിരുന്നു. ജെന്നിയെ കാണുന്നതിന് മുൻപേ സുബി പറഞ്ഞവരെപറ്റിയറിയാമായിരുന്നു.
കൊറോണ കാലത്ത് ബിസ്നസ് തകർന്ന് കടം പെരുകി നാടുവിടേണ്ടി വന്ന ഒരുപാടുപേരുണ്ടല്ലോ നമ്മുടെ നാട്ടിൽ. അതിലൊരു ഫാമിലി. വലിയ ബിസ്നസ് സാമ്രാജ്യം ഉണ്ടായിരുന്നവരാണെന്ന് പറയുന്നു. പറുദീസയിലെത്തി മൂന്നാമത്തെ ദിവസമാണ് ജെന്നി വരുന്നത്.
"ജെന്നിചേച്ചിയെ കണ്ടിട്ടില്ലല്ലോ. ഇന്ന് വരും. ജോലി കളഞ്ഞേച്ചുള്ള വരവാ. ചേച്ചിക്ക് ഇവിടുത്തെ ഈ ജോലിയുമായി പൊരുത്തപ്പെടാനാവുന്നില്ല. വയസ്സായവരെ നോക്കുന്ന ജോലിയല്ലേ. വീട്ടിൽ ജോലിക്കാരൊക്കെ ഉണ്ടായിരുന്നയാളാ. അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടാവില്ല. "
"ചേച്ചി ചില പണികൾ നല്ലതാവും. ചിലത് ബുദ്ധിമുട്ടുള്ളതും.. ഭാഗ്യം പോലെ വരും. കിട്ടുന്ന പണിയിൽ പിടിച്ച് നിൽക്കണം. ' ആദ്യം വിഷമമൊക്കെ തോന്നും. ഒരു മാസം കഴിഞ്ഞാൽ ആ വീട് നമ്മുടെ കയ്യിലാവും. അതുവരെ നമ്മൾ അഡ്ജസ്റ്റ് ചെയ്യണം ചേച്ചി."
സുബി പറഞ്ഞതു പോലെ ജെന്നി വന്നു. കണ്ടു. ശരിയാണ്. കാഴ്ച്ചയിൽ ഒരു പ്രൗഢിയൊക്കെയുണ്ട്.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണ്. സംസാരത്തിൽ നിലവാരമുണ്ട്. എന്നാൽ ജാഡയില്ല. പറുദീസയിൽ എനിക്ക് കിട്ടിയ ആദ്യത്തെ സുഹൃത്തായിരുന്നു ജെന്നിഫർ എന്ന ജെന്നി.
സച്ചുവിനെയും ജെന്നിയെയും മാറ്റി നിർത്തിയാൽ സുബി മറ്റാരോടും വ്യക്തിപരമായ ഒരടുപ്പം കാണിക്കുന്നത് കണ്ടിട്ടില്ല. ബോബിയിൽ നിന്നുപോലും മനപ്പൂർവ്വം ഒഴിഞ്ഞു മാറുന്നതായി തോന്നാറുമുണ്ട്. ഉള്ളത് പറഞ്ഞാൽ ഭാര്യയും ഭർത്താവുമാണ് അവരെന്നുള്ളത് പറഞ്ഞറിയിക്കുക തന്നെ വേണം. ഒരു മുറിയിലൊന്നിച്ചൊരുറക്കം പോലുമില്ല. ചിലപ്പോൾ തിരക്കായിരിക്കാം കാരണം. അല്ലെങ്കിൽ മറ്റു ചിലത്.
പണ്ട് തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു എനിക്ക്. അന്ന് പലരും ചോദിക്കാറുണ്ട്.
"കുറച്ച് സമയം കുടുംബത്തിനായി മാറ്റി വയ്ക്കണം ട്ടാ. ങ്ങനെ ഓടി നടന്ന് സമ്പാദിച്ചിട്ടെന്താ കാര്യം. "
ഞാനുള്ളിൽ ചിരിക്കും. എന്ത് സമ്പാദിക്കുന്നു! ആര് സമ്പാദിക്കുന്നു! കുടുംബം എനിക്ക് ഒരിക്കലും സന്തോഷം തന്നിരുന്നില്ല. ആ കുടുംബത്തിന് ഞാനെന്തിനെൻ്റെ സമയം കൊടുക്കണം. 'തിരക്കുകളിലെന്നെ പൂഴ്ത്തിവയ്ക്കാനാണ് ഞാനപ്പോഴൊക്കെ ശ്രമിച്ചു കൊണ്ടിരുന്നത്.
" ഈ പ്രായൊക്കെ കഴിഞ്ഞാ ഞങ്ങളും ഇവടെത്തീത്. " എന്ന ചില കാർന്നോൻമാരുടെ താക്കീതോർമ്മയുണ്ടോ? ഇത് കേൾക്കാതെ കൗമാരം പിന്നിട്ടവർ ചുരുക്കമായിരിക്കും.
അതിൽ കാര്യമുണ്ട് അല്ലേ. നാം കടന്നുപോന്ന വഴികളിലുടെയാണ് പിറകേയുള്ളവരും നടന്നുകയറുന്നത്. കാലത്തിൻ്റെ മാറ്റം വഴികൾക്കുമുണ്ടാകും. നാട്ടിടവഴി ചെമ്മൺ റോഡാകുന്നതുപോലെ. മൺ റോഡ് ടാറിടുന്നതുപോലെ. ചെറുതും വലുതുമായ മാറ്റങ്ങളുണ്ടായാലും വഴിയതുതന്നെയല്ലേ. അതുകൊണ്ടാണ് ചില സാഹചര്യങ്ങളിൽ ചിലരെപറ്റി ചിലതൂഹിക്കാനാവുന്നത്.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കോടുന്ന ബോബിയും സുബിയും സുഗമമല്ലാത്ത ദാമ്പത്യ ജീവിതത്തിൻ്റെ രണ്ടരികുകളായി എനിക്ക് തോന്നി. സുബിയൊരിക്കലും ഞാനല്ല. ബോബിയൊരിക്കലും ഇൻ്റുവുമല്ല. എങ്കിലും എവിടേയോ ഒരു പോരായ്ക അവർക്കിടയിൽ ഉണ്ടെന്നുറപ്പായിരുന്നു.
സ്ത്രീപുരുഷബന്ധത്തെ പറ്റി വ്യക്തമായ അറിവില്ലാത്ത എത്രയോ ദമ്പതിമാരുണ്ട്. ഇങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്ന് ഭർത്താവ് തീരുമാനിക്കുന്നു .പ്രവൃത്തിക്കുന്നു ഇങ്ങനെയൊക്കെയായിരിക്കും ദാമ്പത്യമെന്ന് ഭാര്യ മനസിലാക്കുന്നു സഹിക്കുന്നു.
ഞാൻ മനസിലാക്കിയിടത്തോളം സ്നേഹിക്കുന്ന
രണ്ടുപേർക്കിടയിൽപോലും സമ്പത്തിലും സെക്സിലുമുള്ള പോരായ്മകൾ വിള്ളലുണ്ടാക്കുന്നു. എങ്കിൽ പരസ്പരസ്നേഹമില്ലാത്തിടത്ത് ദാമ്പത്യം എത്രത്തോളം വിജയിക്കും.
വിവാഹേതര ബന്ധങ്ങൾ പെരുകിവരുന്ന കാലമാണിത്. അതിൻ്റെ പ്രധാനകാരണം സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നുപറയാനും കിട്ടേണ്ടിടത്ത് കിട്ടിയില്ലെങ്കിൽ കിട്ടുന്നയിടങ്ങളിലേക്കൊരു മാറ്റത്തിന് സ്ത്രീകളും തയ്യാറാവുന്നു എന്നുള്ളതാണ്. ചിലപ്പോൾ ഒരു പരീക്ഷണമെന്ന നിലയിൽ. ചിലപ്പോൾ ഒരു രക്ഷാകവചമെന്ന നിലയിൽ. ഇതിൻ്റെ പേരിൽ പെരുംകുഴിയിൽ ചാടുന്നവരും വിരളമല്ല.
സദാചാര വാദികൾക്ക് ഞാനൊരു വിലയും കൽപിച്ചില്ല. തനിപിന്തിരിപ്പൻ മൂരാച്ചികളയവർക്ക് ചൊറിയാൻ അവസരമുണ്ടാക്കികൊണ്ടേയിരുന്നു. അവർക്കു മുന്നിലൂടെ കുലസ്ത്രീകൾക്കനുയോജ്യമല്ലാത്ത വസ്ത്രങ്ങളിട്ടു നടന്നു. അവരെ കാണിക്കാൻ വേണ്ടിയായിരുന്നില്ല. അതെൻ്റെ ഇഷ്ടങ്ങളായിരുന്നു. കാമുകനോടൊപ്പം ബൈക്കിൽ ചുറ്റി. സിനിമയ്ക്കും ബീച്ചിലും പോയി. അതാരെയും നാണംകെടുത്താനായിരുന്നില്ല. അതെൻ്റെ സന്തോഷമായിരുന്നു.
അന്ന് എൻ്റെയൊരു ബന്ധു എന്നെയുപദേശിച്ചിതങ്ങനെയാണ്.
"നീയുന്തൂട്ടാണീ കാട്ടിക്കൂട്ടണെ. തോന്ന്യാസത്തിനും വേണ്ടേ ഒരതിര്. നമ്മളെന്തു ചെയ്യുമ്പഴും ഒരു വെരലിൻ്റെ മറവേണം. "
പലപ്പോഴും പലരും പറഞ്ഞറിഞ്ഞതും ഞാനനുഭവിച്ചറിഞ്ഞതുമായ ഒരു കാര്യമുണ്ടായിരുന്നു. അതിതാണ്.
"ആരെങ്കിലും അറിയുമ്പോൾ മാത്രമെ ചെയ്യുന്നത് തെറ്റാവുന്നുള്ളൂ. "
അതിൻ്റെ അർത്ഥം ആരുമറിയാതെ ഏത് തെണ്ടിത്തരവും ആർക്കും ചെയ്യാമെന്നാണ്. പിടിക്കപ്പെടുന്നതുവരെ കട്ടവൻ
കള്ളനാകുന്നില്ല. കൊന്നവൻ കൊലപാതകിയാവുന്നില്ല. ഇതിലെ ന്യായത്തോട് എനിക്കൊട്ടും യോജിക്കാനാവില്ല. ഞാൻ ചെയ്യുന്നത് എന്തായാലും അതിൽ എനിക്കൊരു ശരിയുണ്ട്. അതെല്ലാവരും അറിഞ്ഞായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
എനിക്കൊരു പ്രണയമുണ്ടായപ്പോൾ ഞാനത് ഒളിച്ചുവയ്ക്കാനാഗ്രഹിച്ചില്ല. ആഗ്രഹിച്ചില്ല എന്നല്ല. അതറിയണം. എല്ലാരുമറിയണം. ആദ്യമറിയേണ്ടത് ഇൻ്റു തന്നെയായിരിക്കണം
എന്നാഗ്രഹിക്കുകയായിരുന്നു ചെയ്തത്.
ഇൻറുവിനോടുള്ള പ്രതികാരമായി ഞാനതിനെ കണ്ടു.
അറിഞ്ഞ പലരുമെന്നെ കല്ലെറിഞ്ഞു. ഒന്നും എന്നിലേക്കെത്തിയില്ല. ഞാനപ്പോൾ പ്രണയത്തിൻ്റെ വൻമതിൽകെട്ടിനകത്തായിരുന്നു. എറിയുന്ന കല്ലുകൾ ആ മതിലിൽ തട്ടി താഴെ വീണുകൊണ്ടിരുന്നു. ആദ്യത്തെ കല്ലുകളെറിഞ്ഞത് ബന്ധുക്കളെന്ന ലേബലൊട്ടിച്ചവരായിരുന്നു. വേണ്ടപ്പെട്ട ചിലരെറിഞ്ഞ കല്ലുകൾ മതിലും ഭേദിച്ച് മനസ്സിൽ വന്നു വീണു. എന്നിട്ടുമെനിക്ക് വേദനിച്ചില്ല. നാട്ടുകാരിൽ നിന്നകന്ന് വീട്ടുകാരിൽ നിന്നകന്ന് കൂട്ടുകാരിൽ നിന്നുപോലുമകന്ന് ഞാനെൻ്റെ ലോകം ഒരാളിലേക്കു മാത്രമായി
ഒതുക്കിയിരിക്കുകയായിരുന്നു അപ്പോൾ.
അപ്പോൾ പിന്നെ എനിക്കു പുറത്ത് മറ്റൊരു ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ എന്നെയെങ്ങനെ ബാധിക്കാനാണ്. വെറുമൊരു പെണ്ണായൊതുങ്ങിയ നാളുകൾ. അല്ലെങ്കിൽ എന്നിൽ ഇങ്ങനെയൊരു സ്ത്രീയുണ്ടെന്നും എനിക്കും ഇങ്ങനെയൊക്കെയാകാനൊക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞ നാളുകൾ.
എൻ്റെ ഒന്നാമത്തെ കാമുകനോടൊപ്പം ഞാൻ ജീവിച്ച കാലഘട്ടമാണത്. ഒന്നിച്ചെന്നു പറയുമ്പോൾ ഒന്നിച്ചൊരു വീട്ടിലെന്നർത്ഥമില്ല. വല്ലപ്പോഴും എവിടെയെങ്കിലും വച്ചൊന്നു കാണുക, മിണ്ടുക. ചിലപ്പോൾ വാക്കുകൾപോലുമാവശ്യമില്ലാത്ത മിണ്ടൽ. രണ്ടിടത്തിരുന്ന് പരസ്പരമാലോചിക്കുക, പരസ്പരമാഗ്രഹിക്കുക. പ്രണയത്തിൽ ഏറ്റവും സുന്ദരമായ സമയമതാണ്. പിന്നീട് പലപ്പോഴും ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കിലും അങ്ങനെയൊരു കാലമില്ലായിരുന്നെങ്കിൽ ഞാൻ എന്നെ തിരിച്ചറിയുകയില്ലായിരുന്നു. ചുറ്റുമുള്ള പലതും തിരിച്ചറിയുകയില്ലായിരുന്നു.
എല്ലാ പ്രണയവും ലൈംഗികതയിലേക്കെത്താനുള്ള വഴിയാണ്. ദിവ്യപ്രണയമാണെന്നും പ്രാർത്ഥനപോലെയുള്ള പ്രണയമാണെന്നും പ്രണയത്തെ നിർവ്വചിക്കുന്നവരുണ്ടാകാം. പ്രാർത്ഥന പോലെ ആഗ്രഹം മാത്രമായി കൊണ്ടു നടക്കുന്നിടത്തോളം പ്രണയം ദിവ്യമാണ്. ഒരിക്കലും അവസാനിക്കാത്തതാണ്. സ്ത്രീമനസ്സുകളിൽ പ്രണയത്തിന് അങ്ങനെയൊരു മുഖമുണ്ട്. അവരിലെ പ്രണയം മനസ്സിലാണ് മൊട്ടിട്ട് വിടരുന്നത്. പ്രണയത്തിൻ്റെ അങ്ങേയറ്റത്ത് ഒരു പുരുഷനെയറിയുന്ന സ്ത്രീ ജീവിതാവസാനം വരെ ആ ഒരൊറ്റ ലഹരിയിലാണ്ട് ജീവിച്ചെന്ന് വരാം.
വിവാഹ ഉടമ്പടി വഴിയായി സ്ത്രീയും പുരുഷനും "രണ്ടല്ല ഒരൊറ്റ ശരീരമാണ്". അങ്ങനെ ഒരൊറ്റ ശരീരമാകുന്നതിൻ്റെ സംതൃപ്തി ഈ ഉടമ്പടിയിൽ ഒപ്പുവെച്ച എത്ര സ്ത്രീകൾക്കുണ്ടായിക്കാണും. തൊണ്ണൂറുകളിൽ എൻ്റെ നാട്ടിൽ അങ്ങനെയൊന്നുണ്ടെന്നറിയുന്ന സ്ത്രീകൾ പോലും വിരളമായിരിക്കും. എനിക്കും അറിയില്ലായിരുന്നു.
കുടുംബത്തിനായി സ്വയം സമർപ്പിക്കുകയും വിവാഹബന്ധത്തിനു ശേഷം ദൈവം തരുന്ന മക്കളെ ദൈവഭക്തിയോടെ വളർത്തുകയും ചെയ്യുന്നതാണ് തങ്ങളുടെ കടമ എന്ന് കരുതിയാണ് ഭൂരിഭാഗം സ്ത്രീകളും ജീവിക്കുന്നത്. തുടക്കത്തിൽ കുറേക്കാലം ഞാനും അങ്ങനെയാശ്വസിച്ചാണ് ജീവിച്ചത്.
"നല്ല കുടുംബത്തിൽ പിറന്ന പെങ്കുട്ട്യാ . അന്യപുരുഷൻ്റെ മോത്തൂടി നോക്കില്ല്യ." എന്നാണ് ബ്രോക്കർ എന്നെപറ്റി പറഞ്ഞതെന്ന് പിന്നീട് ഇൻ്റു പരിഹസിക്കാറുണ്ട്. വിവാഹത്തിനു ശേഷം ഞാനാ ബ്രോക്കറെ കണ്ടിട്ടേയില്ല. കണ്ടിരുന്നെങ്കിൽ ഞങ്ങൾ രണ്ടു പേരും അയാളെ പഞ്ഞിക്കിട്ടേനെ. എനിക്കും ഇൻ്റുവിനും ആ ഒരു കാര്യത്തിൽ ഒരേ മനസാണ്.
അടക്കവും ഒതുക്കവും ഉള്ളവളാണെന്ന ധാരണ ആദ്യമേ ഞാൻ മാറ്റിയെടുത്തിരുന്നു. ഞാനുറക്കെ ചിരിച്ചു. മുതിർന്നവർക്കു മുന്നിൽ കസേരയിലിരുന്നു. കാലാട്ടി. വിശന്നപ്പോൾ ഭക്ഷണം കഴിച്ചു. ഏട്ടത്തിമാരേപ്പോലെ അടുക്കളയിൽ ഭക്ഷണം തികയില്ലെന്ന് തോന്നിയാൽ കഴിക്കൽ അവസാനത്തേക്ക് മാറ്റി വച്ചില്ല. അതൊരു പതിവെന്ന് തോന്നിയപ്പോൾ കൂടുതൽ ഭക്ഷണം കരുതണമെന്നാവശ്യപ്പെട്ടു. ഭർത്താവിൻ്റെയും ഭർതൃസഹോദരൻമാരുടേയും അടിവസ്ത്രം അലക്കില്ല എന്ന് പ്രഖ്യാപിച്ചു. ഞാനങ്ങനെ കുറ്റങ്ങളേറെ ചെയ്യുന്നവളായി.
സഹിച്ചും ക്ഷമിച്ചും ത്യജിച്ചും ജീവിക്കുന്ന സ്ത്രീകളെ സമൂഹം നല്ലവളെന്നും കുടുംബത്തിൽ പിറന്നവളെന്നും വിളിക്കുന്നു. അങ്ങനെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കാൻ ഓരോ സ്ത്രീയും സ്വന്തം സ്വത്വം മറക്കുന്നു. അല്ലെങ്കിൽ അങ്ങനെയൊന്ന് തനിക്കുണ്ടെന്ന് അവളോർക്കുന്നുപോലുമില്ല.
ഇൻറുവിനോടൊപ്പം അവരുടെ വീട്ടിലെത്തിയ ദിവസം. എല്ലാവരും യാത്ര പറഞ്ഞു തിരിച്ചു പോകുന്ന സമയത്ത് ഞാൻ ചിരിച്ചുകൊണ്ടവരെ യാത്രയാക്കി. എന്നെ കെട്ടിപ്പിടിച്ച് എൻ്റെ അമ്മായി കരഞ്ഞു. മറ്റു ബന്ധുക്കളൊക്കെ കരഞ്ഞു. ഞാൻ മാത്രം കരഞ്ഞില്ല.
ഇനിയങ്ങോട്ട് കരയില്ലെന്ന് തീരുമാനിച്ചാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കാറിലേക്ക് കയറുമ്പോൾ അപ്പൻ്റെ മുഖത്തേക്ക് നോക്കിയില്ല. ഇൻ്റുവിനരികിലിരുന്നപ്പോൾ പ്രത്യേകിച്ചൊരു സുരക്ഷിതത്വവും എനിക്ക് തോന്നിയില്ല. ഇത്രനാളും ഞാൻ സംരക്ഷിക്കപ്പെടുകയായിരുന്നു. ഇനിയിവിടുന്നങ്ങോട്ട് എന്തായിരിക്കും?
ഇൻ്റുവിനോടൊപ്പം ഒന്നാമത്തെ രാത്രി.
വായിച്ച നോവലുകളിലെ നായികമാർ ഉൾപുളകത്തോടെ കാത്തിരിക്കാറുള്ള രാത്രി. എന്നാൽ കിടക്കയുടെ
ഒരരികിൽ കിടന്ന് ഞാൻ
മനസിലാഗ്രഹിച്ചു കൊണ്ടിരുന്നത് ഒരേയൊരു കാര്യമായിരുന്നു. നന്നായി വൃത്തിയാക്കിയ കാലായിരിക്കണേ അയാളുടേതെന്ന്. വൃത്തിയാക്കാത്ത അടിഭാഗം കറുത്തിരിക്കുന്ന കാലുമായി അയാളെൻ്റെയടുത്ത് കിടന്നിരുന്നെങ്കിൽ ആ രാത്രി എന്തു സംഭവിക്കുമായിരുന്നു
എന്നെനിക്കറിയില്ല.
വൃത്തിയില്ലാത്തവനായിരിക്കുമോ? കൂർക്കം വലിക്കുന്നവനായിരിക്കുമോ? ഈ രണ്ട് കാര്യങ്ങളില്ലെങ്കിൽ ബാക്കിയൊക്കെ എങ്ങനെയും സഹിക്കാം എന്നാണ് ഞാൻ കരുതിയിരുന്നത്.വൃത്തിയിൽ കഴുകിയ കാലുമായി ഇൻ്റു അടുത്ത് വന്നുകിടന്നപ്പോൾ ഞാൻ സമാധാനിച്ചു.
അരമനയിലെ പ്രി മാരേജ് കോഴ്സ് ഇൻറുവും കൂടിയതാണല്ലോ. അന്നത്തെ ഒരു ക്ലാസ് ഭാര്യയും ഭർത്താവും സെക്സ് ആരംഭിക്കേണ്ടതെപ്പോൾ എന്നതിനെ പറ്റിയായായിരുന്നു. ആദ്യ ദിവസം പരസ്പരം സംസാരിക്കണം. പരസ്പരം മനസിലാക്കണം. കിടന്നുറങ്ങണം.
ഇൻ്റുവും അത് കേട്ട് കാണണം.
" ഇന്ന് നമുക്കുറങ്ങാല്ലേ" എന്ന് ചോദിച്ച് ഇൻ്റു ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നു. കിടന്നപ്പഴേ ഉറങ്ങുകയും കൂർക്കം വലിക്കാൻ തുടങ്ങുകയും ചെയ്തു. ഇനിയെന്നും ഇതേ കൂർക്കംവലി കേൾക്കേണ്ടി വരും. കൂർക്കവലിയുടെ കാര്യത്തിൽ സംശയമുള്ളതുകൊണ്ട് ഞാൻ കരുതിയാണ് വന്നിരുന്നത്. ഞാനെണീറ്റ് വീട്ടിൽ നിന്ന് കൊണ്ടു വന്ന പെട്ടി തുറന്നു. അതിൽ ഒരു പാക്കറ്റ് കോട്ടനുണ്ടായിരുന്നു. കുറച്ച് വലിച്ചെടുത്ത് രണ്ടു ചെവിയിലും തിരുകി. കോട്ടനിടയിൽക്കൂടി പിന്നെയും കൂർക്കംവലി തലക്കകത്തേക്ക് കയറിയെങ്കിലും കാഠിന്യം കുറച്ച് കുറഞ്ഞു.
ഒരു പരിചയവുമില്ലാത്ത ഒരു സ്ഥലത്ത് ഒരു പരിചയവുമില്ലാത്ത ഒരാൾക്കൊപ്പം ഉറങ്ങാൻ കിടക്കുന്നു. അയാളുടെ കൂർക്കംവലിയും സഹിച്ച് അയാളുടെ ഗന്ധവും ശ്വസിച്ച്. എനിക്ക് വീർപ്പുമുട്ടുന്ന പോലെ തോന്നി. വിവാഹം കഴിപ്പിച്ചയക്കാതെ സ്വന്തം വീട്ടിൽ പെൺകുട്ടികളെ ജീവിക്കാനനുവദിച്ചാലെന്താ? അപ്പനും അമ്മയും മരിച്ചാൽ അവർ എങ്ങനെ ജീവിക്കും എന്നോർത്തിട്ടാണെങ്കിൽ സ്വന്തമായി ഒരു ജോലി തരപ്പെടുത്താൻ സഹായിച്ചാൽ പോരെ? വിവാഹം. ഒട്ടും നല്ലതല്ലാത്ത ഒരേർപ്പാട്.
'ഇന്നലെ വരെ താമസിച്ച എൻ്റെ വീട്,ഇന്നലെ വരെ ഞാൻ കിടന്ന കട്ടിൽ, കട്ടിലിൻ്റെ സൈഡിലെ തുറന്നിട്ട ജനാലയിലൂടെ കാണുന്ന രാത്രികാഴ്ച്ചകൾ . ദൂരെ ഇരുട്ടിൽ വലിയൊരാനയെപ്പോലെ ആനപ്പാറ. വവ്വാലിൻ്റെ ചിറകടിയൊച്ചകൾ ഇതെല്ലാം ഓർത്തോർത്ത് കിടന്ന് ഞാനും എപ്പോഴോ ഉറങ്ങിപ്പോയി.
വിവാഹശേഷം പതിവുള്ള ചടങ്ങുകൾക്കെല്ലാം പതിയേ വഴങ്ങേണ്ടി വന്നു. വെളുത്ത തോർത്തിലെ ചുവന്ന പൊട്ടുകൾ ഇൻറുവിനെ ആഹ്ലാദിപ്പിച്ചു. അന്നതിൻ്റെ അർത്ഥം മനസിലായില്ലെങ്കിലും പിന്നീട് അയാളുടെ ആ ആഹ്ലാദം പുഛത്തോടെയാണ് ഞാനോർക്കാറുള്ളത്.
തുടക്കത്തിൽ ഓരോ രാത്രിയും പെട്ടെന്നവസാനിക്കാൻ ഞാനാഗ്രഹിച്ചു. പകലൊരിക്കലും തീരാതിരുന്നെങ്കിൽ എന്നും കൊതിച്ചു. അന്തംവിട്ടുറങ്ങാനായി അപ്പൻ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ വരുന്നതും കാത്തിരുന്നു. മാസത്തിൽ ഒരാഴ്ച്ച വീട്ടിലേക്ക് 'പാർക്കാൻ' പോകാൻ അനുവാദമുണ്ട്. പാർക്കൽ എന്ന വാക്കുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നെനിക്ക് ഇപ്പോഴും അറിയില്ല. വിവാഹം കഴിയുന്നതോടെ സ്വന്തം വീട് അന്യ വീടാകുന്നതു കൊണ്ടായിരിക്കാം അങ്ങനെയൊരു പദപ്രയോഗം. എന്തായാലും പാർക്കൽ കഴിഞ്ഞ് ഇൻറുവിനോടൊപ്പം തിരികെപോരുമ്പോൾ ഓരോ പ്രാവശ്യവും ഞാനുള്ളിൽ അലമുറയിട്ടു. "എനിക്ക് പോകണ്ട . എനിക്ക് പോകണ്ട എന്ന്. എനിക്കും മനസിലായി. വിവാഹജീവിതം വൃത്തികെട്ടതും വേദനിപ്പിക്കുന്നതും ഉറക്കം കെടുത്തുന്നതുമായ ഒരേർപ്പാടാണെന്ന്.
പണ്ട് എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീഴും. നടക്കുന്ന സമയത്ത് താഴെയായിരിക്കില്ല കണ്ണ്. ആകാശത്തോ മരത്തിൻ്റെ മണ്ടയിലോ ഒക്കെ നോക്കിയാണ് നടക്കുന്നത്. അതുകൊണ്ട് വീഴ്ച്ച സ്ഥിരം സംഭവമാണ്. ചിലപ്പോൾ കാലോ കയ്യോ കുറച്ചധികം ചെരണ്ടിമുറിയും. അമ്മ മുറിവിൽ കമ്മൂണിസ്റ്റ് പച്ച പിഴിഞ്ഞൊഴിക്കും. മുറിവ് നീറി
ഞാനലറിക്കരയും.
ചിലപ്പോൾ കാലിൽ മുള്ള് കയറും. ചെരുപ്പിടുന്ന സ്വഭാവം എനിക്കന്നും ഇന്നുമില്ല. നടക്കുന്ന വഴിയിലൊക്കെ തൊട്ടാവാടി കാണും
"കാടുകേറി നടക്കുമ്പോ ഓർക്കണേർന്നു. പച്ചില നോക്കി കെടക്ക്" പച്ചില നോക്കി കിടക്കുന്ന സമയത്ത് അമ്മ മുള്ള് കുത്തിയെടുക്കും. അപ്പോഴും ഞാനലറികരയും.
അപ്പോഴൊക്കെ അമ്മ പറയും.
"പെണ്ണ്ങ്ങള് എന്തോരം വേദ്ന സഹിക്കാനൊള്ളതാ. ഇതൊന്നൊരു വേദ്നല്ല. വേദ്നിച്ചാ തന്നെ
ഇങ്ങനൊച്ചെണ്ടാക്കാൻ പാടില്ല്യ.നിന്നെ പെറണ സമയത്ത് എൻ്റൊച്ച പൊങ്ങാണ്ടിരിക്കാനേ തോർത്ത് കടിച്ചു പിടിച്ചേക്കാർന്നു. "
പെണ്ണെന്നാൽ വേദന സഹിക്കാനുള്ളവളാണെന്നാണ് അമ്മ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഞാനും തോർത്ത് പ്രയോഗം നടത്തി എല്ലാ വേദനയും സഹിക്കാൻ പഠിച്ചു. പിന്നെ പിന്നെ വേദനയില്ലാതായതോ വേദനയറിയാണ്ടായതോ അതെനിക്കോർമ്മയില്ല. എല്ലാം ശീലമായി.
എവിടെയും ഞാൻ തോറ്റു കൊടുക്കാറില്ല. സ്നേഹത്തിൻ്റെ മുൻപിലൊഴിച്ച്. പൊരുതി ജയിക്കാനാണ് എപ്പോഴും ശ്രമിക്കാറ്. ഇൻറുവിനോടൊപ്പമുള്ള ഓരോ ദിവസവും ഞാൻ പൊരുതി കൊണ്ടിരിക്കുകയായിരുന്നു. തോറ്റ് പിൻമാറാൻ ഞാനൊരുക്കമല്ലായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത് സ്വന്തം വീട്ടിലേക്ക് മടങ്ങി ചെല്ലാൻ എൻ്റെ അഭിമാനമനുവദിച്ചില്ല. രണ്ടാമത് എൻ്റെ അപ്പനും അമ്മയും വേദനിക്കുന്നത് എനിക്ക് കാണാനാകുമായിരുന്നില്ല. അവരുടെ മുൻപിൽ ഇൻറുവും ഞാനും
മാതൃകാ ദമ്പതികളായി പെരുമാറി. അവരുടെ മുൻപിൽ മാത്രമല്ല ലോകത്തിനു മുൻപിലും കുറേക്കാലം ഞങ്ങൾ തകർത്തഭിനയിച്ചു.
( സ്ത്രനിയേരി - വിദേശി - തുടരും)