Image

അലക്സി നവല്‍നിയുടെ മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയില്‍

Published on 28 February, 2024
 അലക്സി നവല്‍നിയുടെ മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയില്‍

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാല്‍നിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയില്‍.

അഭിഭാഷകനായ വാസിലി ഡബ്കോവിനെയാണ് കസ്റ്റഡിയിലെടുത്തത്. അലക്സി നവല്‍നിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് മാതാവിനെ സഹായിച്ച അഭിഭാഷകനാണ് വാസിലി ഡബ്കോവി.

എന്നാല്‍ തടവിലാക്കിയ ശേഷം തന്നെ വിട്ടയച്ചതായി വാസിലി ഡബ്‌കോവ് മാധ്യമങ്ങളോട് വ്യക്തമാക്കി.അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല.

മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് നവാല്‍നിയുടെ അമ്മ കിര യാർമിഷിന്റെ വക്താവ് എക്സിലൂടെ അറിയിച്ചിരുന്നു.

അലക്സി നവാല്‍നി (47) ജയിലില്‍ വെച്ചാണ് മരിച്ചത്. റഷ്യൻ ജയില്‍ ഏജൻസിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.

റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണം. ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്റെ ഏറ്റവും ശക്തമായ റഷ്യന്‍ വിമര്‍ശനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47കാരനായ നവല്‍നി.

രണ്ട് ദിവസം മുൻപാണ്  നവാല്‍നിയുടെ മൃതദേഹം മാതാവിന് കൈമാറിയത്. മരിച്ച്‌ ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മൃതദേഹം കൈമാറിയത്. നവല്‍നിയുടെ കുടുംബം കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു റഷ്യൻ ഭരണകൂടത്തിന്റെ നടപടി .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക