പള്ളിമണിയുടെ
മരണമുഴക്കം
ചെവികളെ
കൊട്ടിയടയ്ക്കുന്നു.
പള്ളിമണിയുടെ
സ്നേഹസ്പന്ദനം
പ്രാർത്ഥനയായി
ഹൃദയത്തിലേക്കാഴ്ന്ന
ബാല്യത്തെയോർത്തു
ചലനമറ്റ കോഴിക്കുത്തിനെ
പാത്രത്തിനടിയിലിട്ട്
കൊട്ടിപ്പാടി ജീവിപ്പിച്ച
നിഷ്ക്കളങ്ക ബാല്യം
കണ്ടൻ കടിച്ചുകുടഞ്ഞ
പൂച്ചക്കുഞ്ഞിനെ
വാരിയെടുത്ത്
ആശുപത്രിയിലാക്കി
ജീവൻ തിരിച്ചു പിടിച്ച
കൗമാരത്തിൻ്റെയഭിമാനം
മരണത്തെ ഭയന്ന
ഓർക്കാൻപോലും
ഇഷ്ടപ്പെടാത്ത
മരണത്തിൻ നിന്ന്
ഓടിയകലാനാഗ്രഹിച്ച
യൗവ്വനം.
ഇന്നിവിടെ
ജീവിതമധ്യാഹ്നത്തിൽ
മരണത്തെ
കാത്തിരിക്കുന്ന
കഷ്ടപ്പാടുകൾക്ക്
കൂട്ടിരിക്കുമ്പോഴാലോചിക്കുന്നു.
പെട്ടെന്നൊരു ജീവനെ
ഇല്ലാതാക്കാനുള്ള
കുറുക്കുവഴികളേതെന്ന്.
ആഗ്രഹിക്കുന്നവനെ
കഷ്ടപ്പെടുത്തുകയും
ആഗ്രഹിക്കാത്തവനെ
കൊണ്ടുപോകുകയും ചെയ്യുന്ന
മരണത്തിൻ്റെ ക്രൂരത
എലിയെ പോലൊരു ജീവനും
പൂച്ചയെപ്പോലെ മരണവും
കണ്ടിട്ടൊന്നും
ചെയ്യാനാവാതെ ഞാനും.