Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 14 : മിനി ആന്റണി )

Published on 02 March, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ - 14 : മിനി ആന്റണി )

ജെന്നിഫർ ജോലിയുപേക്ഷിച്ച് തിരിച്ചുവന്നതിൻ്റെ പിറ്റേന്നാണ് വേറെ രണ്ടതിഥികൾ കൂടി പറുദീസയിലേക്ക് വന്നത്. ഒരു ഭാര്യയും ഭർത്താവും. രാവിലെ ഉറക്കച്ചടവുള്ള മുഖത്തോടെ മുറിക്കു പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം കണ്ടത് അവരെയായിരുന്നു. നീണ്ട കൃതാവുള്ള ഭർത്താവിന് പഴയ സിനിമാനടൻ സുകുമാരൻ്റെ മുഖഛായയാണ് . ഏതോ വടക്കേന്ത്യൻ സ്കൂളിലെ  സാറായിരുന്നെന്ന് സുബി പരിചയപ്പെടുത്തി.  സാർ എന്നെ നോക്കി. തലയൊന്നുകുലുക്കി. പിന്നെയൊന്ന് ചിരിച്ചു.  ടീച്ചറാണെന്ന് പറഞ്ഞ് ഭാര്യയേയും സുബി പരിചയപ്പെടുത്തി. 

ആദ്യമായൊരിടത്ത് വന്നുപ്പെടുമ്പോഴുണ്ടാകുന്ന വൈക്ലബ്യം മാഷിനുണ്ടായിരുന്നെങ്കിലും  ടീച്ചർക്കതുണ്ടായിരുന്നില്ല.  "കൂടുതൽ പരിചയപ്പെടണം.'' എന്നു പറഞ്ഞ് അവരെൻ്റെ കൈയ്യിൽ പിടിച്ചു. അവർ പരിചയപ്പെടേണ്ടവർ തന്നെയാണെന്നെൻ്റെ മനസ്സുപറഞ്ഞു. ടീച്ചറുടെ ഭംഗിയായി ക്രോപ്പ് ചെയ്ത മുടിയാണെൻ്റെ കണ്ണിലുടക്കിയത്. കാഴ്ച്ചയിൽ എന്തെങ്കിലും പ്രത്യേകതയുളളവർ നമ്മുടെ മനസ്സിലുടക്കുമല്ലോ. പെരുമാറ്റത്തിലെ പ്രത്യേകതയാലും ചിലർ ശ്രദ്ധിക്കപ്പെടും.

മാഷും ടീച്ചറുമാണ്. ആ ജോലിയുപേക്ഷിച്ച് ഇവരെന്തിനിവിടെ വന്നു. ഞാനാലോചിച്ചു. ഇവിടെ എന്താണ് ജോലി എന്നറിഞ്ഞിട്ടു തന്നെയാണോ ഇവരുടെ വരവ്. പ്ലസ്ടു ടീച്ചറായിരുന്നു എന്നാണറിഞ്ഞത്. അതും കെമിസ്ട്രി ടീച്ചർ. എന്നിട്ടും ഈ ബദാന്ത ജോലിക്ക് ! അല്ലെങ്കിൽ  വേറെ ഉദ്ദേശ്യം വല്ലതും ഉണ്ടായിരിക്കുമോ?

ഉദ്ദേശ്യമെന്തായാലും പിന്നീടങ്ങോട്ട് പറുദീസയിലെല്ലാവർക്കും 
അവർ സാറും ടീച്ചറുമായിരുന്നു. അവർ വന്നതിനു ശേഷമാണ്  ചില വിശേഷങ്ങളരങ്ങേറിയത്. ചില പ്രത്യേക വിശേഷങ്ങൾ. ഇറ്റലിയിലെത്തപ്പെടാൻ ഏതൊക്കെ രീതിയിലാണ് മനുഷ്യർ മനുഷ്യരോട് സഹകരിക്കുന്നതെന്ന് അൽഭുതത്തോടെയെനിക്ക് ചിന്തിക്കേണ്ടിവന്ന ചില സാഹചര്യങ്ങൾ ആ വിശേഷങ്ങൾക്കിടയിലുണ്ടായി.

ടീച്ചറും മാഷും വന്നതിലായിരുന്നില്ല പ്രത്യേകത. അവരെ കൊണ്ടുവന്ന
ഒരേജൻ്റുണ്ട്. ക്ലെമൻ്റ് എന്നാണയാളുടെ പേര്. അയാൾക്കായിരുന്നു പ്രത്യേകത. പിറ്റേന്നയാൾ പറുദീസയിലേക്ക് വരുന്നുണ്ടത്രെ. ജെന്നിഫറും ഹസ്ബൻ്റും അയാളുടെ സഹായത്തോടെ വന്നവരാണ്. പറുദീസയിലെ ഭൂരിഭാഗം പേരെയും അയാളാണ് കൊണ്ടുവന്നിരിക്കുന്നത്. അയാൾ വരുന്നെന്നതറിഞ്ഞതിനുശേഷം ബോബിയും സുബിയും  വെപ്രാളപ്പെട്ട് ഓടി നടക്കുന്നത് കണ്ട് എനിക്കാശ്ചര്യമായി.
ഒരേജൻ്റിന് ഇത്ര പ്രാധാന്യമോ? എന്നെ കൊണ്ടുവന്നയാൾക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. ഇനി ഈ ക്ലെമൻ്റിനെന്തായിരിക്കും കൂടുതലായിട്ടുള്ളത്?  

പറുദീസ അടിച്ചുതുടച്ചു വൃത്തിയാക്കുന്നു. ബെഡ്ഷീറ്റും തലയിണക്കവറും സെറ്റിക്കവറുമടക്കം എല്ലാം പുത്തനാക്കുന്നു. ആകെ മൊത്തമൊരു മോടിപിടിപ്പിക്കൽ. ആദ്യമായി പെണ്ണുകാണലിനായി വീട്ടിലേക്ക് ആളുകൾ വരുമെന്ന് പറഞ്ഞ ദിവസം അമ്മയിങ്ങനെ വെപ്രാളപ്പെട്ടിരുന്നത് എനിക്കോർമ്മ വന്നു. 

"ജെന്നിചേച്ചി ക്ലെമൻ്റ്സാറിനീ വീട് ഇഷ്ടപ്പെടുമോ? ബോബി ഹോട്ടൽറൂം ബുക്ക് ചെയ്യാമെന്ന് പറഞ്ഞതാരുന്നു. സാറ് സമ്മതിച്ചില്ല. ഒരു ദിവസം ഇവിടെ താമസിക്കേണ്ടതല്ലേ. ഉറക്കമൊക്കെ ശരിയാകുമോ? എന്ത് ഫുഡാ ഉണ്ടാക്കേണ്ടിയേ? സാറിന് ഇറ്റാലിയൻ ഫുഡിനോടാ താൽപര്യം എന്ന് പറഞ്ഞു കേട്ടു. ശരിയാണോ ചേച്ചി....ഓ..എനിക്കാകെ പേടിയാകുന്നു."

സുബി ആധിയെടുത്ത് പറഞ്ഞുകൊണ്ടേയിരുന്നു. അതിവൈകാരികത എന്നൊരവസ്ഥയിലേക്ക് ചിലപ്പോഴൊക്കെ സുബി പോകുന്നത് മുൻപും എൻ്റെ  ശ്രദ്ധയിൽ പെട്ടിരുന്നു. അത്തരം ഒരവസ്ഥയും ഭാവിയിൽ അതുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളും എന്നേക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക. ചിലപ്പോൾ അതെൻ്റെ തോന്നൽ മാത്രമായിരിക്കും എന്നാശ്വസിക്കാനാണ് അപ്പോൾ തോന്നിയത്. 

ആ സമയത്ത് ജെന്നിയും ഞാനും പുറത്തെ ഷെഡിലെ സോഫയിൽ ഇരിക്കുകയായിരുന്നു. സുബിയിലും പറുദീസയിലും നാളെ വരാനിരിക്കുന്ന കേമനായ അതിഥിയിലുമായി ചിന്തകൾ പാറി നടന്നു. സോഫയിലിരുന്ന് കൈകൾ ഇരുസൈഡിലും കുത്തി മുന്നോട്ടാഞ്ഞിരുന്ന് കുറച്ചുനേരം ഞാനാലോചിച്ചു. എന്നിട്ട് ചോദിച്ചു.

"ജെന്നി...നിങ്ങടെ ഏജൻ്റിന് എന്താണിത്ര പ്രത്യേകത "

അപ്പോഴതിലേ പോയ സച്ചുവാണതിന് മറുപടി പറഞ്ഞത്.

"വമ്പനാ ചേച്ചി വമ്പൻ. മനുഷ്യകടത്താ ജോലി. "

" നീയൊന്ന് പോടാ ചെറുക്കാ. " എന്ന് ജെന്നി ഒച്ചവച്ചു. 

സിംപിളായൊരു മനുഷ്യൻ. എല്ലാവരോടും സ്നേഹം. കാഴ്ച്ചയിൽ സിംപിളാണെങ്കിലും  വലിയ മനസിൻ്റെ  ഉടമ. പത്തിരുപത് കൊല്ലമായി ഇറ്റലിക്കാരനാണ്. ഇവിടുത്തെ
സിറ്റിസൺഷിപ്പുണ്ട്. ഒരുപാടു പേരെ അയാൾ ഇറ്റലിയിൽ എത്തിച്ചിട്ടുണ്ട്.രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയാണ്  ജെന്നിയുടെ മനസിലെ ക്ലമൻ്റ് .

"ഉവ്വുവ്വേ.  ലക്ഷം എണ്ണി വാങ്ങിച്ചിട്ടാ ചേച്ചി. അതിനെ രക്ഷപ്പെടുത്തലെന്ന് പറയാവോ? സച്ചു വീണ്ടും ഇടയിൽ കയറി പറഞ്ഞു.

ജെന്നി പറഞ്ഞ മറുപടി  തൃപ്തികരമാണെങ്കിലും സച്ചു പറയുന്നതിലും കാര്യമുണ്ടല്ലോ. 

"അയാൾടെ അടുത്ത് പൈസ കുറവാണോ ജെന്നീ. സഹായൊക്കെ ചെയ്യുന്ന മനുഷ്യനാണോ?" ഞാൻ വീണ്ടും ചോദിച്ചു.

" സഹായമൊക്കെ ചെയ്യുമാരിക്കും. കാശ് കൊടുത്തിട്ടാണേലും കൊണ്ടുവരാനൊരു മനസ്സു വേണ്ടേ ചേച്ചി.  വല്ല്യേ മനുഷ്യനാ. കോടീശ്വരനാ. അതിൻ്റെ പവറൊന്നും ഇല്ല കേട്ടോ. പറുദീസയിലേക്ക് ഈ  ആൾക്കാരെ മുഴുവൻ  കൊടുക്കുന്നത് അയാളല്യോ. സുബിയിങ്ങനെ 
പാഞ്ഞുനടക്കുന്നെ വെറുതെയാന്നോ?"

ആ മറുപടിയിൽ എനിക്കെല്ലാം വ്യക്തമായി. ഇനിയാ രാജാവിനെ കാത്തിരിക്കുക തന്നെ. ആനയും അമ്പാരിയും ഇല്ലന്നേയുള്ളൂ. എന്നാലതെല്ലാം വേണമായിരുന്നു എന്ന മനസോടെയാണ് ബോബിയും സുബിയും തയ്യാറെടുപ്പ് നടത്തിയിരുന്നത്.  എല്ലാവർക്കുമൊപ്പം ഞാനും അടുത്ത ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. 

അതിനിടയിൽ അന്നാദ്യമായി ഞാൻ അപ്പോയിൻ്റ്മെൻ്റ് എന്ന പ്രഹസനത്തിനും ദൃക്സാക്ഷിയായി.
വന്നതിൻ്റെ പിറ്റേന്ന് മുതൽ 
അപ്പോയിൻ്റ്മെൻ്റിനെ കുറിച്ച്  കേട്ടുതുടങ്ങിയതാണ്.  അപ്പോയിൻ്റ്മെൻ്റ്. ഓഫീസ് ജോലിക്കൊക്കെ കേറാനായി അപ്പോയിൻ്റ്മെൻ്റ് ലെറ്റർ കിട്ടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെയൊക്കെയായിരിക്കും ഇതും എന്നായിരുന്നു എൻ്റെ കണക്കുകൂട്ടൽ.

ഉച്ച ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണത് സംഭവിച്ചത്. പറുദീസയിൽ ജോലിയൊന്നുമില്ലെങ്കിൽ ഞാനും ജെന്നിയും ഷെഡിലായിരിക്കും ഇരിക്കുന്നത്. തുറസായ സ്ഥലമായതിനാൽ ചൂട് കുറവാണ്. അവിടെ നല്ല കാറ്റുമുണ്ടായിരിക്കും.  പിന്നെ നെറ്റിന് നല്ല റെയ്ഞ്ചും. 

ആ സമയത്താണ് കറുത്ത ഒരു കാറ് പറുദീസയുടെ ഗെയ്റ്റിനു മുന്നിൽ വന്നു നിന്നത്. 

"അപ്പോയിൻ്റ്മെൻ്റായിരിക്കും. അങ്ങോട്ട്  നോക്കണ്ട."എന്ന് ജെന്നി ശബ്ദം താഴ്ത്തി പറഞ്ഞു. 

അത് പുരുഷൻമാരിൽ ഒരാൾക്കുള്ള അപ്പോയിൻ്റ്മെൻ്റായിരുന്നു. സുബി ഓടി വന്ന് അവരോട് ചാവോ പറഞ്ഞു. അവരും തിരിച്ചു പറഞ്ഞു. നമ്മുടെ നമസ്ക്കാരത്തിന് പകരം ഇറ്റാലിയൻസ് പറയുന്ന വാക്കാണത്. സുബിക്ക് പിന്നാലെ നമ്മുടെ കലവറക്കാരൻ ചേട്ടൻ ടിപ്പ്ടോപ്പായി ഒരുങ്ങി വരുന്നതും കണ്ടു. സുബി ഇറ്റാലിയൻസുമായി സംസാരിച്ച് സംഭവം സെറ്റാക്കി. അവർ ചേട്ടനെയും കൊണ്ടാണ് തിരിച്ചുപോയത്. 

"ഇതാണാ സംഭവം. 
അപ്പോയിൻ്റ്മെൻ്റ്. "

ജെന്നിയതിനെ നിസാരവൽക്കരിച്ചു കൊണ്ട് പറഞ്ഞു.. വന്നിട്ട് ഒരു മാസം കഴിഞ്ഞതിനാലും രണ്ടോ മൂന്നോ അപ്പോയിൻ്റ്മെൻ്റുകൾ കഴിഞ്ഞതിൻ്റെ അനുഭവം ജെന്നിക്കുണ്ടായിരുന്നതിനാലുമായിരിക്കാം ജെന്നിയതിനെ നിസാരമായി കണ്ടത്.

ഇന്ത്യൻ പേരുകൾക്കു പകരം എല്ലാവർക്കും ഒരോ ഇറ്റാലിയൻ പേരുകളിട്ടിരുന്നു സുബി. ഇന്ത്യൻ പേരുകൾ ഉച്ചരിക്കാൻ ഇറ്റാലിയിൻസിന് ബുദ്ധിമുട്ടാണെന്നാണ് കാരണം പറഞ്ഞത്. സാറ, റോസ, അന്ന, മരിയ എന്നീ സ്ഥിരം പേരുകളാണ് എല്ലാവർക്കും. അൻ്റോണിയോ, ജൂസപെ, മത്തേയോ എന്നൊക്കെയാണ് ആൺപേരുകൾ.

ഞാൻ ലോറൻസോയെയും ലോറൻസോ വിളിച്ച  പേരും ഓർത്തു. ഇറ്റലിയിൽ എൻ്റെ പേരതായിരിക്കും എന്ന് ഞാനപ്പോഴേ തീരുമാനിച്ചതായിരുന്നല്ലോ. ഇനിയൊരു പക്ഷേ ഞാൻ ലോറൻസോയെ ഒരിക്കലും കാണണമെന്നില്ല.  അയാളങ്ങ് ഖത്താനിയയിൽ ആണല്ലോ. മിലാസോയിൽ നിന്ന് എത്രയോ 
ദൂരെയാണാ സ്ഥലം.

അടുത്തയൂഴം എൻ്റെതും ജെന്നിയുടെതുമായിരുന്നു. വൈകിട്ട് അഞ്ചുമണിക്ക്. വരുന്ന പാർട്ടിക്ക് കാണുമ്പോൾ ഇഷ്ടപ്പെടണം . സംസാരിക്കുമ്പോഴും ഇഷ്ടപ്പെടണം. സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങളും അതിൻ്റെ ഉത്തരങ്ങളും പഠിപ്പിക്കാനായി സുബിയുടെ ശ്രമം. പാഠം  ശരിക്ക് പഠിക്കാത്ത  കുട്ടിയെപ്പോലെയായി ഞാൻ.

" കോം തി ക്യാമി ?"  സുബി ചോദിച്ചു.
നിൻ്റെ പേരെന്താണ് എന്നാണതിൻ്റെ അർത്ഥം.

" ഇയോ സോനോ ലെയാ " ഞാൻ ലെയാ ആകുന്നു.   സുബി 
പറഞ്ഞുതന്നപോലെ പേര് മാത്രം മാറ്റി ഞാനുത്തരം പറഞ്ഞു. സുബിയെനിക്ക് റോസ എന്നായിരുന്നു പേരിട്ടത്.

" ലെയാ...ആ... കൊള്ളാലോ ചേച്ചി പേര്. പക്ഷേ ഇങ്ങനെ ഒരു ഇറ്റാലിയൻ പേരുണ്ടോ?  ഈ പേരാർക്കും കേട്ടിട്ടില്ല ഇവിടെ. അവർക്ക് നമ്മുടെ പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടായോണ്ടാ പേര് മാറ്റിപ്പറയുന്നെ."

എന്നാൽ ഞാനാ പേരിൽ തന്നെ ഉറച്ചുനിന്നു. ഇയോ സോനോ ലെയാ ..... ഞാനത് വീണ്ടുമാവർത്തിച്ചു.

"ക്വാന്തി ആന്നി ആയ്?"
നിനക്കെത്ര വയസായി.

" ക്വറാന്തദുവെ ആന്നി. "നാൽപത്തിരണ്ട് വയസ്സായി.

ഇങ്ങനെ അവർ ചോദിക്കുന്ന കാര്യങ്ങളെല്ലാം ഞാനാവർത്തിച്ച് പഠിച്ചു. മിക്കവാറും വയ്യാതിരിക്കുന്നവരുടെ മക്കളാണ് ബദാന്തയെ തിരഞ്ഞെടുക്കാൻ വരുന്നത്. ഇഷ്ടപ്പെട്ടാൽ ഉടനെ കാറിൽ കയറ്റി കൊണ്ടുപോകുന്നു. അവർ വരുന്ന സമയത്ത് സുബി മിടുക്കു കുറഞ്ഞവരെയാണ് ആദ്യം അവർക്കുമുന്നിലെത്തിക്കുന്നത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മാത്രമാണ് അടുത്ത ആളെ വിളിക്കുന്നത്.

അഞ്ചുമണിക്ക് വരുന്നവർക്ക് ഇറ്റാലിയൻ പറയാനറിയാവുന്ന ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. ജെന്നി ഒന്നുരണ്ടു സ്ഥലത്ത് ജോലിക്ക് കയറിയിരുന്നതു കൊണ്ട് കുറച്ചു വാക്കുകളൊക്കെയറിയാമായിരുന്നു.
ഞാനും ജെന്നിയും മെയ്ക്കപ്പൊക്കെയിട്ട് ഒരുങ്ങിയിരുന്നു. അഞ്ചു മണിയായി. ആദ്യത്തേത് എൻ്റെ ഊഴമാണ്. ഒരു കാറ് ഒഴുകി വന്നു. ഗേയ്റ്റിനരികിൽ നിന്നു. കാറിൽ നിന്ന് ഒരു ഭാര്യയും ഭർത്താവുമിറങ്ങി. 
സുബി പതിവുമര്യാദകൾക്കു ശേഷം എന്നെ വിളിച്ചു.

പേടിക്കേണ്ട ഒരു കാര്യവുമില്ലെങ്കിലും പരിചയക്കുറവിൻ്റെ പേടിയും വിറയലും എന്നെ ബാധിച്ചു. ലോറൻസോയ്ക്കും എനിക്കും  എത്ര എളുപ്പത്തിലാണ് പരസ്പരം മനസിലാക്കാൻ സാധിച്ചതെന്ന് ഓർത്തു കൊണ്ടാണ് ഞാനവരുടെ മുന്നിൽ നിന്നത്.

"കോം തി ക്യാമി" ആ ഇറ്റാലിയൻകാരൻ ചോദിച്ചു.
സ്പീഡിൽ ചോദിക്കുന്നതു കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല. 

"ചേച്ചി..... പേര് പറ ചേച്ചി. ചിരിക്ക് ചേച്ചി. എന്നൊക്കെ സുബി സൈഡിൽ നിന്ന് പറഞ്ഞതുകൊണ്ട് ഞാൻ പേര് പറഞ്ഞു.
    
"ലെയാ......" ബാക്കിയെല്ലാം ഞാൻ മറന്നുപോയിരുന്നു.  അയാളുടെ ഭാര്യ പറഞ്ഞു.

"ബ്യൂട്ടിഫുൾ നെയിം. " അവർക്ക് കുറച്ച് ഇംഗ്ലീഷറിയാമായിരുന്നു.

പിന്നെയും അവർ എന്തൊക്കെയോ ചോദിച്ചു.ഞാൻ ചിരിച്ചു.

എന്തിനൊക്കെയോ സി എന്നും ചിലതിന് നൊ എന്നും സുബിയുടെ മുഖഭാവം നോക്കി ഉത്തരം പറഞ്ഞു. അടുത്തതായി ജെന്നിയെ വിളിപ്പിച്ചു. ജെന്നി കൂസലില്ലാതെ അവരെ നേരിടുന്നത് ഞാനൽഭുതത്തോടെ നോക്കി നിന്നു.

എങ്കിലും അവർ തിരഞ്ഞെടുത്തത് എന്നെയായിരുന്നു. അവിടെ എത്ര മിടുക്കർ വന്നു നിന്നാലും അവരെന്നേയേ തിരഞ്ഞെടുക്കുമായിരുന്നുള്ളൂ. അതിനുള്ള കാരണമെന്തെന്ന് ചോദിച്ചാൽ അതങ്ങനെ നടക്കേണ്ടത് കാലത്തിൻ്റെ ആവശ്യമായിരുന്നെന്നാണ് പറയാനുള്ളത്.

ജോലി വാങ്ങികൊടുക്കുന്ന കാര്യത്തിൽ സുബി മിടുമിടുക്കിയാണ്. ഒന്നാമതായി ഇറ്റാലിയൻ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്. പിന്നെ പറുദീസയിലെ ഓരോ വ്യക്തിയും തനിക്ക് അത്രയും വേണ്ടപ്പെട്ടവരാണെന്നും ജോലി ചെയ്യുന്നതിൽ മിടുമിടുക്കരാണെന്നും ഇറ്റാലിയൻസിനെ വിശ്വസിപ്പിക്കാനുള്ള മിടുക്ക്. ഇതു രണ്ടും വേണ്ടതിലധികം സുബിക്കുണ്ടായിരുന്നു.

അങ്ങനെ എനിക്കുള്ള ജോലി ശരിയായി. ആഗസ്റ്റ് പതിനൊന്നിന് അവർ എന്നെ കൊണ്ടു പോകാനെത്തും. പോകാനിനിയും ദിവസങ്ങളേറെയുണ്ട്.   

ഒരോ അപ്പോയിൻ്റ്മെൻ്റുകൾ കാണും തോറും എൻ്റെ മനസിൽ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത ഒരു ചിന്ത കടന്നുവന്നു.  എന്താണ് ഞാനിങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നെനിക്കപ്പോൾ തോന്നിയെങ്കിലും വേറെചിലർക്കും ഇതേ ചിന്ത ഉണ്ടായതായി പിന്നീടറിഞ്ഞു. ചിന്ത വേറൊന്നുമല്ല.

പറുദീസയും അവിടെ ഷെഡിലും മതിലരികിലും വാതിൽക്കലുമൊക്കെയായി ഇരിക്കുന്നവരും നിൽക്കുന്നവരും
ഇടക്കു വന്നു പോകുന്ന കാറുകളും മെയ്ക്കപ്പിട്ട് കാറിൽ കയറി പോകുന്നവരും ഒക്കെ കൂടി ഒരൊറ്റ കാഴ്ച്ചയാകുമ്പോൾ എൻ്റെ മനസിലുളള വേറൊരു ദൃശ്യത്തോട് സാദൃശ്യപ്പെടുത്തിയുള്ള ഒരു ചിന്ത. 

സിനിമയിലോ ടിവിയിലെ വാർത്തകൾക്കിടയിലോ ആണ് ഞാനിതേപോലുള്ള ദൃശ്യങ്ങൾ കണ്ടിട്ടുള്ളത്.

കൽക്കത്തയിലെ സോനാഗച്ചിയിലും ബോംബൈയിലെ ചുവന്ന തെരുവിലും കാണുന്ന ചില കാഴ്ച്ചകളുണ്ടല്ലോ. വാതിൽക്കലും ജനലരികിലുമൊക്കെ നിൽക്കുന്ന സ്ത്രീകളടങ്ങിയ കാഴ്ച്ചകൾ.

പെർഫോമൻസും കാണാനുള്ള ലുക്കും നോക്കി അവിടെ ചിലർ വന്ന് വില പറഞ്ഞുറപ്പിച്ച് ഒരാളെ കാറിൽ കയറ്റി കൊണ്ടുപോകുന്നു. ഇവിടെയും ചിലർ വന്ന് അടിമുടി നോക്കി വില പറഞ്ഞുറപ്പിച്ച് ഒരാളെ കൊണ്ടു പോകുന്നു. ഈയൊന്നിനെ കൃത്യമായി ആയൊന്നിനോടുപമിക്കാൻ കഴിയില്ലെങ്കിലും   ചില സാമ്യങ്ങളുണ്ടെന്നാണ് ഞാനുദ്ദേശിച്ചത്.

ബദാന്തയെന്ന വാക്കിന് കെയർ ഗിവർ എന്നതിലുപരി സഹനമെന്നും ക്ഷമയെന്നും സ്നേഹമെന്നും കരുണയെന്നുമൊക്കെ അർത്ഥമുണ്ടെന്ന് പലരുടെയും അനുഭവങ്ങളിൽ നിന്നെനിക്ക് മനസിലായി.

എങ്കിലും ഇറ്റലിയിൽ വരുന്ന ഭൂരിഭാഗം പേരും ബദാന്ത ജോലി തിരഞ്ഞെടുക്കാനൊരു കാരണമുണ്ട്. ഈ ജോലിയിൽ നിന്ന് പതുക്കെ മാറാമെന്ന് കരുതുന്നവർ പോലും പിന്നീട് ഈ ജോലിയുപേക്ഷിക്കാൻ തയ്യാറാവില്ല.

കെയർ ഗിവറാണെന്ന് പറയുമ്പോഴുള്ള കുറച്ചിലൊഴിവാക്കിയാൽ മറ്റേത് ജോലിയേക്കാളും സാമ്പത്തികവും സുരക്ഷിതത്വവും ഈ ജോലിക്കകത്തുനിന്ന് കിട്ടുന്നുണ്ടെന്നുള്ളതാണ് ആ കാരണം.

ഒരു ജോലി ശരിയായല്ലോയെന്നുള്ള സമാധാനത്തിൽ ഞാൻ സുഖമായി കിടന്നുറങ്ങി.

പിറ്റേന്നെഴുന്നേറ്റപ്പോൾ ആദ്യമോർത്തത്  അന്ന് വരാനിരിക്കുന്ന രാജാവിനെയാണ്.  ഉച്ചയ്ക്ക് മുന്നേ അയാളെത്തും. കൂടെ ഒരു പെൺകുട്ടിയുമുണ്ട്. അയാളുടെ ബന്ധുവായ പെൺകുട്ടി.

ഫുഡൊക്കെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അയാൾക്കിഷ്ടപ്പെട്ടതെന്ന് കരുതുന്ന ചില ഇറ്റാലിയൻ ഡിഷസൊക്കെ സുബി ഓർഡർ ചെയ്തിട്ടുണ്ട്.

അയാൾ കൊണ്ടുവന്നവരിൽ മിക്കവരും ജോലിയിലായിരുന്നു.

സ്പെഷ്യൽ ലീവ്  വാങ്ങി ചിലരൊക്കെ അയാളെ കാണാനായി പറുദീസയിലേക്കെത്തി.  

എല്ലാവർക്കും അയാളോടൊരു ബഹുമാനമുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസിലായി. ഞാനും അയാളെ കാണാൻ മനസുകൊണ്ടൊരുങ്ങി.

പറുദീസ മുഴുവനായും അയാളുടെ വരവും കാത്തിരുന്നു.
               

(സ്ത്രനിയേരി - വിദേശി - തുടരും )

Join WhatsApp News
പ്രഭാകരൻ എം 2024-03-03 06:53:26
പിറകെ വായിക്കാൻ ആകാംക്ഷയുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക