Image

എന്നെ നടക്കാനനുവദിക്കൂ ( കവിത : മിനി ആന്റണി )

Published on 06 March, 2024
എന്നെ നടക്കാനനുവദിക്കൂ ( കവിത : മിനി ആന്റണി )

നിങ്ങളെന്റെ കാലുകൾ
ചങ്ങലക്കിട്ടിരിക്കുന്നതെന്തിനാണ്?
എന്നെ നടക്കാനനുവദിക്കൂ..

എന്റെ യാത്ര
വെളിച്ചത്തിൽ നിന്ന്
ഇരുട്ടിലേക്കോ
ഇരുട്ടിൽ നിന്ന്
വെളിച്ചത്തിലേക്കോ ആകട്ടെ.

എന്താണ് ?
എന്തിനെയാണ് ?
നിങ്ങൾ ഭയപ്പെടുന്നത്.

ഇരുട്ടിലെന്റെ
വിദൂഷകവേഷം
അഴിച്ച് വയ്ക്കുമെന്നോർത്തോ...
വെളിച്ചത്തിലെന്റെ 
നഗ്നത
അനാവൃതമാകുമെന്നോർത്തോ....

ഞാൻ
ഞാനായിരിക്കുന്നതല്ല
അവരെപ്പോലെ
ഇവരെപ്പോലെ
നിങ്ങളെപ്പോലെ.....
നിങ്ങളിലൊരാളായി....
നിങ്ങൾക്കിഷ്ടമതത്രെ !

ഒരുമിച്ചല്ല
ഒറ്റക്ക്....
ഒറ്റക്കങ്ങനെ....
വേറിട്ട്....
വേറെ... വേറെയായി
ചോദിക്കാനും
പറയാനും
ആരുമില്ലാതെ....
തോന്നുമ്പോഴുറങ്ങി
തോന്നുമ്പോഴെഴുന്നേറ്റ്....
തോന്നിവാസിയായി...
ആഹാ...
അതിലത്രെ
എന്റെ സന്തോഷം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക