സങ്കടം കൊണ്ട്
കടൽ മാനത്തേക്ക് നോക്കി
മലർന്നു കിടന്നു.
നിറഞ്ഞ കണ്ണുകളെ
പുറത്തേക്കൊഴുകാൻ
അനുവദിക്കാതെ
തന്നിൽ തന്നെ
വറ്റിച്ചെടുക്കാൻ ശ്രമിച്ച്
നീറിച്ചുവന്ന്....
വിടർത്തിയിട്ട മുടി
കാറ്റിലിളകി.
മുടിയിഴകളുരുമ്മിയകന്നപ്പോൾ
ഒന്നുമറിയാത്ത തീരം
ഇക്കിളി പൂണ്ട് ചിരിച്ചു.
സൂര്യൻ ചുവന്ന് താഴ്ന്ന്
മാറിലേക്കമർന്നപ്പോൾ
ഉറങ്ങിയെണീറ്റ്
കുളിച്ചൊരുങ്ങി
പൊയ്ക്കോളും
ഒന്നും ചോദിക്കല്ലേയെന്ന്
കൈ കൊണ്ടാംഗ്യം കാട്ടി.
കാറ്റ് തെറ്റിപ്പിരിഞ്ഞ്
വഴക്കുണ്ടാക്കിയപ്പോൾ
തീരത്തെ ചേർത്ത് പിടിച്ച്
ഒന്നും മിണ്ടല്ലേയെന്ന്
ചുണ്ടിൽ വിരൽ ചേർത്തു.
ഇനി ചേർത്തണക്കാൻ
വരേണ്ടെന്ന്
കര കരിങ്കൽ ഭിത്തി
കെട്ടിയപ്പോഴാണ്
വല്ലാതെ തളർന്ന്
തീരത്തെ മണലിൽ
എന്നോ മാഞ്ഞു പോയ
പിഞ്ചുകാൽ പാടുകൾ
ചികഞ്ഞെടുത്തുമ്മ വച്ച്
കടലിങ്ങനെ
അനങ്ങാതെ
കിടപ്പിലായത്.
സ്വയം തിളച്ച് വറ്റി
കടലില്ലാതാവുന്നതറിയാതെ
ഇക്കിളി കൂട്ടുന്ന
മുടിയിഴകളെ നോക്കി
ചിരിച്ചിരിപ്പാണിവിടെ പലരും.