Image

ഇസ്രയേലും അമേരിക്കയും കരുതിയിരുന്നോളാൻ  ഇറാന്റെ താക്കീത്; സുരക്ഷ ശക്തമാക്കി (പിപിഎം) 

Published on 02 April, 2024
ഇസ്രയേലും അമേരിക്കയും കരുതിയിരുന്നോളാൻ  ഇറാന്റെ താക്കീത്; സുരക്ഷ ശക്തമാക്കി (പിപിഎം) 

സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ രോഷം കൊണ്ട ഇറാൻ കടുത്ത തിരിച്ചടി നൽകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു. ആക്രമണത്തിനു യുഎസും ഉത്തരവാദിയാണെന്നു കുറ്റപ്പെടുത്തിയ അവർ, ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ആക്രമണങ്ങൾ ഉണ്ടാവുമെന്ന താക്കീതു നൽകിയതോടെ ഇരു രാജ്യങ്ങളും ലോകമെമ്പാടുമുള്ള എംബസികൾക്കും കോൺസുലേറ്റുകൾക്കും സുരക്ഷ ശക്തിപ്പെടുത്തി. 

ഇറാന്റെ സമുന്നത സൈനിക നേതാവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ സഹീദിയും മറ്റു ആറു ഉന്നതരും കൊല്ലപ്പെട്ട ആക്രമണത്തിൽ എംബസിയുടെ ഭാഗമായ കോൺസലേറ്റ് കെട്ടിടവും തകർന്നു. ഇറാന്റെ പ്രമുഖ സേനയായ വിപ്ലവ ഗാർഡുകളുടെ (ഐ ആർ ജി സി) ഉയർന്ന നേതാവായ റെസ സഹീദിയാണ് ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ പരിശീലനത്തിന് രണ്ടു പതിറ്റാണ്ടായി നേതൃത്വം നൽകി വന്നത്. വ്യോമസേനാധിപൻ എന്ന നിലയ്ക്ക് ഹിസ്‌ബൊള്ളയ്ക്ക് ആയുധങ്ങൾ എത്തിച്ചു നല്കിയിരുന്നതും അദ്ദേഹം തന്നെ. 

ഇറാനിലെ ഷിയാ സമൂഹം അവരുടെ പ്രവാചകനായ ഇമാം അലിയുടെ രക്തസാക്ഷിത്വം ആചരിക്കുന്ന ദിവസമാണ് ആക്രമണം ഉണ്ടായത്. ഇറാന്റെ നവവത്സര ദിനവുമാണ്. 

സിറിയയിലെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൂണ്ടിക്കാട്ടി. മനുഷ്യത്വമില്ലാത്ത ആക്രമണമാണത്. അതിനു മറുപടി നൽകാതിരിക്കുന്ന പ്രശ്നമില്ല. 

ഇസ്രയേലിന്റെ സഖ്യരാഷ്ട്രമെന്ന നിലയിൽ അമേരിക്ക ഈ നടപടിക്ക് ഉത്തരവാദിയാണെന്നു തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞു സ്വിസ് അംബാസഡറെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രി ഹൊസെയിൻ ആമിർ അബ്ദോള്ളഹൈൻ അറിയിച്ചു. യുഎസുമായി നയതന്ത്ര ബന്ധങ്ങൾ ഇല്ലാത്ത ഇറാൻ സന്ദേശങ്ങൾ കൈമാറുന്നത് സ്വിസ് എംബസി വഴിയാണ്. 

യുഎസിന് ആക്രമണത്തിൽ പങ്കില്ലെന്നു നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയാൻ വാട്സൺ വ്യക്തമാക്കി. 

ഇറാന്റെ പല നഗരങ്ങളിലും പ്രതിഷേധം ആളിക്കത്തി. "ഇസ്രയേലിനു മരണം, അമേരിക്കയ്ക്കു മരണം" എന്ന് ആക്രോശിച്ചു കൊണ്ടു ജനക്കൂട്ടം തെരുവുകളിൽ ഇറങ്ങി.

യുഎന്നിൽ റഷ്യയുടെ അഭ്യർഥന മാനിച്ചു സെക്യൂരിറ്റി കൌൺസിൽ ചൊവാഴ്ച ഉച്ച തിരിഞ്ഞു കൂടുന്നുണ്ട്. 

Iran threatens US, Israel 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക