Image

ഒരേ വിധിയുടെ ഇരകൾ ( കവിത : മിനി ആന്റണി )

Published on 12 April, 2024
ഒരേ വിധിയുടെ ഇരകൾ ( കവിത : മിനി ആന്റണി )

പുലരികൾക്കാണ്
സൗന്ദര്യമെന്ന്
അവർ.
അല്ല
സന്ധ്യകൾക്കാണെന്ന് 
ഞാൻ.

മഞ്ഞിൽ 
മുങ്ങി കുളിച്ച്
ഈറനുണങ്ങാത്ത
മരങ്ങളും
കിളികളുടെ
കോലാഹലങ്ങളും
എന്നിൽ
കൗതുകം
നിറക്കാത്തതെന്താണ് ?

നേരിയ തണുപ്പുള്ള
പുലരികൾ
തളർന്ന് കിടന്ന്
സ്വപ്നം കാണാനാണ്
എന്നെ
പ്രേരിപ്പിക്കാറ്.

നേരിയ
മഞ്ഞ വെളിച്ചം
ഇളം കാറ്റ്
നിറം മാറുന്ന മാനം
കൂട്ടിലേക്ക്
മടങ്ങുന്ന പക്ഷികൾ
മയങ്ങി കിടക്കുന്ന
പാടം
പണി നിർത്തിയ
കർഷകൻ
മേയലവസാനിപ്പിച്ച 
പശുക്കൾ
എല്ലാം നോക്കിയൊരോരത്ത്
ഞാനും....

പകലിനോടൊപ്പം
ഓടി തളർന്ന്
വിയർത്തൊട്ടി
ഒരിടത്തിരിന്ന്
സന്ധ്യയെ 
നോക്കിയിരിക്കുമ്പോൾ
എന്ത് ഭംഗിയാണവൾക്ക്.

അവളെ പോലെ തന്നെ
മാറ്റി വെക്കാനാവാത്ത
ഓട്ടം കഴിഞ്ഞെത്തി
മടങ്ങും മുൻപ്
അവളെ തന്നെ നോക്കി
ഒരിടത്തിരിക്കുന്ന
എന്നെ പറ്റി
അവളും 
കരുതുന്നത്
ഇങ്ങനെയാവുമോ?

മുടിയിഴകൾ
ഒട്ടിപ്പിടിച്ച കഴുത്തിലും
കുങ്കുമം
ഒഴുകി പരന്ന
നെറ്റിയിലും
തുടിപ്പു പോയ
കവിളിലും
അവൾ തലോടുന്നതും
സഖീ ....
നമ്മളൊരേ
പാതയിലെ
പഥികരെന്ന്....
ഒരേ വിധിയുടെ
ഇരകളെന്ന്....
പറയാതെ പറയുന്നതും
ഞാനറിയുന്നുണ്ട്.

Join WhatsApp News
Sudhir Panikkaveetil 2024-04-14 16:28:03
ഉഷസ്സോ സന്ധ്യയോ സുന്ദരി ഓമനേ നീ ഉണരുമ്പോഴോ ഉറങ്ങുമ്പോഴോ സുന്ദരി ഉഷസ്സോ സന്ധ്യയോ സുന്ദരി- Sreekumaran Thampi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക