Image

ഇറാൻ പ്രസിഡന്റിന്റെ മരണത്തിൽ പങ്കില്ല: ഇസ്രായേൽ

Published on 21 May, 2024
ഇറാൻ പ്രസിഡന്റിന്റെ മരണത്തിൽ പങ്കില്ല: ഇസ്രായേൽ

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പങ്കില്ലെന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസമാണ് ഇറാനെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ റെയ്‌സി കൊല്ലപ്പെട്ടത്. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് വാദം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്.

ഇന്നലെ വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനില്‍ റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇടിച്ചിറങ്ങിയാണ് അപകടം ഉണ്ടായത്. പ്രദേശത്തെ ഗവര്‍ണറായ മാലിക് റഹ്മാതി അടക്കമുള്ളവരും കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍രാജ്യമായ അസര്‍ബൈജാനിലെ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷമുള്ള മടക്കയാത്രയിലായിരുന്നു അപകടം.

ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്ന നേതാവാണ് റെയ്‌സി എന്നതാണ് സംഭവത്തില്‍ മൊസാദിന് കരങ്ങളുണ്ടെന്ന് വിശ്വസിക്കാന്‍ കാരണമായിരിക്കുന്നത്. മുമ്പും ഇസ്രായേലിന്റെ പ്രധാന വിമര്‍ശകനായിരുന്നു അദ്ദേഹം.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഇന്നത സൈനികോദ്യോഗസ്ഥരടക്കം കൊല്ലപ്പെടുകയും, തുടര്‍ന്ന് ഇസ്രായേലിന് നേരെ 300-ഓളം മിസൈലുകളും, ഡ്രോണുകളും തൊടുത്ത് ശക്തമായി ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആസന്നമാകുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളായില്ല. അതിന് ശേഷം ആഴ്ചകള്‍ക്കകമാണ് റെയ്‌സി അപകടത്തില്‍ കൊല്ലപ്പെടുന്നത്. 

രാജ്യത്തിനകത്ത് നിന്നുതന്നെ റെയ്‌സിലെ കൊലപ്പെടുത്താന്‍ മൊസാദിന് സഹായം ലഭിച്ചെന്ന് കരുതുന്നവരും കുറവല്ല. അധികാരത്തിനായി പലരെയും റെയ്‌സി തടവിലാക്കുകയും, നിരവധി പേര്‍ക്ക് തൂക്കുകയര്‍ നല്‍കാന്‍ ഇടപെടുകയും ചെയ്തയാളാണ് റെയ്‌സി. അദ്ദേഹത്തിന്റെ ഭരണത്തെ എതിര്‍ക്കുന്നവരും ഏറെയാണ്.

അതേസമയം മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തതും സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ലെവല്‍ 1-ല്‍ മാത്രം ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ ഇത്തരമൊരു കാലാവസ്ഥയില്‍ ഉപയോഗിച്ചതിലും ദുരൂഹത നിലനില്‍ക്കുന്നു. 1968-ല്‍ വികസിപ്പിച്ച ബെല്‍ 212 എന്ന ഹെലികോപ്ടറിലായിരുന്നു ഇബ്രാഹിം റെയ്‌സിയുടെ അന്ത്യ യാത്ര. ബെല്‍ 212 അത്യാധുനിക തരത്തിലുള്ള ഒരു മോഡല്‍ അല്ല എന്നതാണ് ദുരൂഹത സംശയിക്കാനുള്ള മറ്റൊരു കാരണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക