ഇന്ന് മീഷത്തോയുടെ ബന്ധുവീട്ടിൽ പോയി. അവിടെ രണ്ട് കറുത്ത നായ്ക്കൾ. കാഴ്ച്ചയിൽ ലാബിനെ പോലുണ്ട്. ആ... ലാബ് തന്നെയാന്നാ തോന്നുന്നെ. ഉശിരൻമാരാ.
ഇവിടെയൊക്കെ റിമോട്ട് ഗെയ്റ്റുകളാണ്. പുറത്തെ മതിലിലൊരു സ്വിച്ചുണ്ട് . അതിൽ പ്രസ്സ് ചെയ്താൽ വീടിനകത്ത് ബെല്ലടിക്കും. പുറത്താരാണെന്ന് പറഞ്ഞാൽ അവർ അകത്തുനിന്ന് ഗെയ്റ്റ് തുറക്കും.
" ഇയോ സോനോ റോസ . ആപ്രി കഞ്ചല്ലോ പെർ ഫവോറെ"
ഞാൻ റോസയാ. ദയവു ചെയ്ത് ഗെയ്റ്റ് തുറക്കാമോന്നാണർത്ഥം. ഇവിടെ തൽക്കാലത്തേക്ക് ഞാൻ റോസയെന്ന് അറിയപ്പെടുന്നു.
ഗെയ്റ്റ് തുറന്ന് ഞാനകത്തു കടന്നപ്പഴാ ആ രണ്ട് ഉശിരൻമാര് കുരച്ചുചാടി വന്നത്. നമ്മളീ നായ്ക്കളെ ആദ്യായ്ട്ട് കാണൊന്ന്വല്ലല്ലോ. ഇറ്റാലിയൻ നായ്ക്കളാണ്. എന്നാലും എല്ലാടത്തും നായ്ക്കളുടെ ഭാഷ ഒന്നെന്നെ.
ഞാൻ നമ്മടെ സ്ഥിരം പേര് വിളിച്ച് കൈ ഞൊടിച്ചു.
ജിമ്മീ..... Stay....sit എന്നൊക്കെ കാച്ചി.
ആക്ഷനും കൂടി ഉള്ളോണ്ടാരിക്കും അവൻമാക്ക് മനസിലായി. അവൻമാര് വാലാട്ടി അടുത്ത് വന്നിരുന്നു. ഞാനൊന്ന് തലോടി അവരെ സെറ്റാക്കിയിടുത്തപ്പഴാണ് സെഞ്ഞോറ ക്ഷമാപണം നടത്തി ഓടിവരണത്.
അവര് പട്ടീനെ വിളിച്ച പേര് കേട്ടപ്പോ എൻ്റെ നെഞ്ച് പൊടിഞ്ഞുപോയി.
“ഇന്ത്യാ... ക്യൂബാ.......വിയേനേ ക്വാ.......”
(ഇന്ത്യാ , ക്യൂബാ..... ഇവിടെ വരൂ)
ഇളിഭ്യച്ചിരി ചിരിക്കാനേ പറ്റുമായിരുന്നുള്ളൂ. ന്നാലും ഇനി ഇന്ത്യക്കും ക്യൂബക്കും തമ്മിലെന്ത് എന്ന് സ്റ്റഡി ചെയ്യണം. ഇവരെന്തോന്നാരിക്കും ഉദ്ദേശിച്ചത്. ചെലപ്പോ ഒന്നും ഉദ്ദേശിച്ചു കാണില്ലാലേ. വെറുതെ ഒരു രസത്തിന് ഇന്ത്യ എന്നിട്ടതാരിക്കും.
എന്തായാലും ഇനി ഞാൻ ഇന്ത്യാന ആണെന്ന് മിണ്ടൂല എന്ന് തീരുമാനിച്ചിട്ടുണ്ട്.