Image

കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Published on 19 June, 2024
കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ : കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. കേരളത്തിൽ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

മണ്ണഞ്ചേരി, മാരാരിക്കുളം, സൗത്ത്, ചേർത്തല സൗത്ത്, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കത്തിച്ചു കുഴിച്ചുമൂടുന്ന കള്ളിങ് നാളെ നടത്തും. വളർത്തുപക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ മാത്രമാണു കള്ളിങ് നടത്തുന്നതെന്നും കാക്ക, പരുന്ത്, കൊക്ക് എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരീച്ച സ്ഥലങ്ങളിലെ വളർത്തുപക്ഷികളെ കൊല്ലില്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.

ദ്രുതകർമസേന അംഗങ്ങളില്ല പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നടത്താനായി ജില്ലയിൽ ദ്രുതകർമസേനാംഗങ്ങളില്ല. കള്ളിങ്ങിൽ പങ്കെടുക്കുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണു ചട്ടം. ജില്ലയിലെ ദ്രുതകർമസേനാംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കള്ളിങ്ങിൽ പങ്കെടുത്തതിനാൽ ക്വാറന്റീനിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക