Image

കോവിഡ് കാലത്ത് പ്രവാസിയെ എങ്ങനെയാണ് കേരളം കണ്ടത്? (ലോക കേരള സഭ-2 ജോർജ് എബ്രഹാം)

Published on 25 June, 2024
കോവിഡ് കാലത്ത് പ്രവാസിയെ എങ്ങനെയാണ് കേരളം കണ്ടത്? (ലോക കേരള സഭ-2  ജോർജ് എബ്രഹാം)

മണി ഓർഡർ എക്കണോമി എന്നത്  ഇപ്പോൾ വയർ ട്രാൻസ്ഫർ ഇക്കോണമി എന്ന്  നിങ്ങൾക്ക്  മാറ്റി   വിളിക്കാം . വിദേശത്തുനിന്ന്  പണമയയ്ക്കുന്നതിന്റെ  ഏകദേശം 20% കേരളത്തിലേക്കാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതു തന്നെ. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് ആ യാഥാർത്ഥ്യത്തെക്കുറിച്ചും  പ്രവാസികളെല്ലാം മടങ്ങിയെത്തിയാൽ എന്ത് സംഭവിക്കുമെന്നതിനെപ്പറ്റിയും  ധാരണയില്ല. കോവിഡ് മഹാമാരി  ഇപ്പോൾ  ഒരു ദൃഷ്ടാന്തമാണ്. കേരളത്തിലുടനീളം  മടങ്ങിയെത്തിയ പ്രവാസികളോട്   ആ സമയത്ത് കൈക്കൊണ്ട  സമീപനം  ഓർക്കുക. ഭ്രഷ്ട് കല്പിച്ചവരെപ്പോലെ സമൂഹം അവരെ ആട്ടിപ്പായിക്കുകയും ഒറ്റപ്പെടുത്തുകയും  അസഭ്യവർഷം ചൊരിയുകയും ചെയ്തത്  വിസ്മരിക്കാനാവില്ല. ഇന്ത്യയും  ഏതാനും രാജ്യങ്ങളും ഒഴികെ  എല്ലാ പരിഷ്കൃത രാജ്യങ്ങളും വിദേശത്തുള്ള തങ്ങളുടെ പൗരന്മാർക്ക്  മഹാമാരിക്കിടെ അഭയം നൽകാൻ തയ്യാറായി.

എന്നിട്ടാണ് അവർ ഇപ്പോൾ കേരളത്തിന് പ്രവാസികൾ എത്രത്തോളം പ്രധാനമാണെന്ന് പുലമ്പുന്നത്. ആ  വാക്കുകൾ ആത്മാർത്ഥമായിരുന്നെങ്കിൽ, കേരളത്തിലെ ജനങ്ങൾ അത് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുമായിരുന്നു. പ്രവാസികളെ വന്ദിച്ചില്ലെങ്കിലും അർഹിക്കുന്ന ബഹുമാനം നൽകാനുള്ള ബോധവൽക്കരണം വിദ്യാഭ്യാസത്തിലൂടെ നൽകാൻ നോർക്ക മുൻകൈ എടുക്കുന്നത് നല്ലതായിരിക്കും.

എല്ലാ ലോക കേരള സഭാ യോഗങ്ങളിലും, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ പ്രവാസികൾക്ക്  എങ്ങനെ സഹായിക്കാനാകും  എന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നു.  കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരണമെന്ന്  നമ്മൾ ഓരോരുത്തരും എത്രത്തോളം ആഗ്രഹിച്ചാലും , ബിസിനസ്സിനോട് സൗഹൃദപരമല്ലാത്തൊരു  ഭൂതകാലം പ്രവാസികളായ ഞങ്ങൾ പലരും നേരിട്ടിട്ടുണ്ടെന്ന്  ഓർക്കുക. ഇപ്പോൾ അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി 'സാമ്രാജ്യത്വ രാജ്യങ്ങളുമായി കച്ചവടം നടത്തുന്നതിനെ ശക്തമായി എതിർത്തിരുന്നു. വ്യവസായത്തിൻ്റെ ഓട്ടോമേഷൻ അല്ലെങ്കിൽ ഭരണസംവിധാനത്തിന്റെ കമ്പ്യൂട്ടർവൽക്കരണം ഉൾപ്പെടെ എല്ലാറ്റിനെയും അവർ എതിർത്തു. 2005 ൽ പോലും ഇന്ത്യയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യയും ഹെവി വാട്ടറും ലഭ്യമാകുമായിരുന്ന ഇൻഡോ-യുഎസ് ന്യൂക്ലിയർ കരാറിനെ സിപിഎം നഖശിഖാന്തം എതിർക്കുകയാണ് ചെയ്തത്.

ആ പാരമ്പര്യം ഇനിയും  തുടച്ചുമാറ്റപ്പെട്ടിട്ടില്ല. മാത്രമല്ല, വൻകിട ഉൽപ്പാദന പ്ലാൻ്റുകൾ സ്ഥാപിക്കാൻ സാധിക്കുന്ന വിസ്തൃതിയുള്ള ഭൂമിയും നമുക്കില്ല. അവശേഷിക്കുന്ന ഏതാനും സാധ്യതകൾ ഐ.ടി. ഫാർമസ്യൂട്ടിക്കൽസ് പോലുള്ള രംഗങ്ങളിലാണ്. എന്നിരുന്നാലും, നിലവിലെ മോഡൽ നന്നായി മുന്നോട്ടുപോവുകയും അത് നമ്മുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും അവരെ പ്രാപ്തരാക്കി പുറത്ത് ഇറക്കുകയും ചെയ്യുന്നു. അവരാകട്ടെ, പണം സമ്പാദിക്കുന്നതോടൊപ്പം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുകയും ചെയ്യുന്നു.

ഐബിഎമ്മിൻ്റെ സെൻ്റർ ഓഫ് എക്‌സലൻസ് പ്രോഗ്രാമിനായി ധാരണാപത്രത്തിന് വേണ്ടി  തിരുവനന്തപുരത്ത് അധികാരത്തിൻ്റെ ഇടനാഴികളിലൂടെ നടന്ന ദിവസങ്ങളാണ് എനിക്ക്  ഓർമ്മവരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഒരു സിടിഒ എന്ന നിലയിൽ, യുഎന്നിലെ  ഐ.ടി വിങ്ങിലേക്ക്  ഞാൻ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നിരവധി ഉദ്യോഗാർത്ഥികളുടെ അഭിമുഖം  നടത്തിയിട്ടുണ്ട്. നമ്മുടെ വിദ്യാർത്ഥികൾക്ക് അവർ പഠിച്ച വിഷയത്തിൽ ഗ്രാഹ്യമുണ്ടെങ്കിലും കൂടുതൽ ആശയവിനിമയ വൈദഗ്ധ്യവും ആത്മവിശ്വാസവും ആവശ്യമാണെന്നത് ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്. എന്നാൽ, ചെന്നൈയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ ഉള്ള കുട്ടികൾ അവിടെ കൂടുതൽ മികവ് പുലർത്തി. ബാംഗ്ലൂരും ചെന്നൈയും പോലൊരു കോസ്‌മോപൊളിറ്റൻ നഗരം നമുക്കില്ലാത്തതിനാൽ അതിന് നമ്മുടെ കുട്ടികളെ കുറ്റപ്പെടുത്താനാവില്ല.

അഭിമുഖം നടത്തുമ്പോൾ സർവ്വകലാശാലകൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുള്ള ഐബിഎം-ൻ്റെ ഒരു സർട്ടിഫിക്കേഷൻ  അവർക്ക് നൽകാറുണ്ട്. അത് പാടില്ലായിരുന്നു. അക്കാലത്തെ ബഹുമാനപ്പെട്ട മന്ത്രി അതൊരു അമേരിക്കൻ കമ്പനിയാണെന്ന് പറഞ്ഞ് അവരുമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന പേരിൽ ആ ഓഫർ നിരസിച്ചു. ഇതാണ് ഇപ്പോൾ ഭരണചക്രം തിരിക്കുന്നവരുടെ യഥാർത്ഥ പാരമ്പര്യം.

എന്നാൽ, നിലവിലേതുപോലെ  ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകി  ഉയർന്ന ശമ്പളമുള്ള ജോലികൾക്കായി ആഗോള വിപണിയിൽ മത്സരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന കേരളത്തിൻ്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മൂല്യച്യുതി സംഭവിച്ചതുകൊണ്ടുതന്നെ കടുത്ത ഭീഷണി ഉയർന്നിരിക്കുകയാണ്.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ അമിത രാഷ്ട്രീയവൽക്കരണമാണ് ഏറ്റവും വലിയ പ്രശ്നം. കുട്ടികൾ ഇപ്പോൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതാകട്ടെ, പലപ്പോഴും ഭീകരമായ അക്രമത്തിൽ കലാശിക്കുന്നു. എന്നാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും   സമൂഹത്തിലെ ഉന്നതരുടെയും മക്കളെ വിദേശ സർവകലാശാലകളിലേക്ക്
അയച്ച് പഠിപ്പിക്കുന്നതുകൊണ്ട് ഈ ദൗർഭാഗ്യകരമായ സംഭവവികാസം അവരെ  ബാധിക്കുന്നതേയില്ല. സാധാരണക്കാരുടെ മക്കളാണ് ഇവിടെ ബലിയാടാകുന്നത്.

അക്കാദമികൾ രാഷ്ട്രീയ രക്ഷാകർതൃത്വത്താൽ നിറഞ്ഞിരിക്കുന്നു, പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ കൂടുതലായും പാർട്ടി ബന്ധങ്ങൾ അടിസ്ഥാനമാക്കിയാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിൻ്റെ സ്വാതന്ത്ര്യത്തെയും ഗുണനിലവാരത്തെയും ദുർബലപ്പെടുത്തുന്ന ഈ അപകടകരമായ പ്രവണതയിൽ നിന്ന് വിദ്യാഭ്യാസമേഖലയിലെ  സ്ഥാപനങ്ങളൊന്നുംതന്നെ മുക്തമല്ല. മുൻകാലങ്ങളിൽ മികവ് മാനദണ്ഡമാക്കി സ്ഥാനങ്ങൾ നൽകിയിരുന്ന രീതി പൂർണമായും ഇല്ലാതായിരിക്കുന്നു.

ആഗോള മത്സരക്ഷമത വർദ്ധിക്കുമ്പോൾ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയുടെ ആവശ്യകത കൂടുകയാണ്. എന്നാൽ,നമ്മുടെ കാമ്പസുകളിൽ  മയക്കുമരുന്നുകളുടെ ലഭ്യത വർദ്ധിച്ചുവരുന്നത് ഇവിടെ വെല്ലുവിളിയാകുന്നു. അടുത്ത കാലം വരെ, നമ്മുടെ 100 ശതമാനത്തിനടുത്ത്  വിദ്യാർത്ഥികളും 12-ാം ക്ലാസ്സിൽ വിജയിക്കാറുണ്ടായിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്നിട്ടും പാഠ്യവിഷയത്തിൽ  അടിസ്ഥാന വൈദഗ്ധ്യം പോലുമില്ലാതെ ഇംഗ്ലീഷ് എഴുതാനോ വായിക്കാനോ പോലും അറിയാതെയാണ് പലരും സ്‌കൂളിന്റെ പടിയിറങ്ങുന്നത്.

 'നിങ്ങൾ ഈ ലോകത്ത് എന്ത് മാറ്റം കാണാൻ ആഗ്രഹിക്കുന്നുവോ, അതാകണം' (Be the change you want to see in this world) എന്ന ഗാന്ധിജിയുടെ പ്രശസ്തമായ  വാചകം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്  വിവർത്തനം ചെയ്യാൻ  ഏതാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും  അവർക്കത് ചെയ്യാൻ കഴിഞ്ഞില്ല എന്ന് ജെ.എസ്.അടൂരിന്റെ  ഒരു ലേഖനത്തിൽ അടുത്തിടെ  വായിച്ചു. മാർട്ടിൻ ലൂഥർ കിംഗിനെയോ നെൽസൺ മണ്ടേലയോ അവരുടെ  ചിത്രങ്ങൾ നോക്കി  ആരാണെന്ന് പറയാൻ പോലും അവർക്ക് കഴിഞ്ഞില്ല.
 ചാൾസ് ഡിക്കൻസിനെക്കുറിച്ചോ ഷേക്സ്പിയറിനെക്കുറിച്ചോ പിന്നെ പറയേണ്ടല്ലോ.
 
സെമസ്റ്റർ സംവിധാനങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സിലബസുകളുടെ സർട്ടിഫിക്കേഷൻ തുടങ്ങി സർക്കാർ കൊണ്ടുവന്ന ചില പരിഷ്‌കാരങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാൽ, മുഴുവൻ സമയ അധ്യാപകർക്ക് പകരം ഗസ്റ്റ് അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്ന നിയമനത്തിലെ ഏറ്റവും പുതിയ പ്രവണത വിദ്യാഭ്യാസ സംവിധാനത്തിൽ ഏറെ ദോഷം ചെയ്യും. തൽഫലമായി, കഴിവുറ്റ കൂടുതൽ കൂടുതൽ കുട്ടികൾ പഠനത്തിനായി കേരളം ഉപേക്ഷിച്ച് വിദേശത്തേക്ക് ചേക്കേറും. മികവ് മാനദണ്ഡമാക്കി മാത്രം നിയമനങ്ങൾ നടത്തുകയും  ചോദ്യപേപ്പർ ചോർച്ചയും  പിൻവാതിൽ വഴിയുള്ള നിയമനങ്ങളും  തടയുകയും വേണം. അത്തരം കാര്യങ്ങൾ നമ്മുടെ യുവതലമുറയുടെ അവസരങ്ങൾക്ക് തുരങ്കം വയ്ക്കുക മാത്രമല്ല, മഹത്തായ ഒരു സമൂഹത്തിന്റെ അധഃപതനത്തിനും വഴിവയ്ക്കും.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് നിരവധി നല്ല നിർദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നുകേട്ടു. പേരുകേട്ട വിദേശ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരണം പ്രോത്സാഹിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം. പാശ്ചാത്യ ലോകത്തുടനീളം വിരമിച്ച ഒട്ടേറെ മലയാളി  പ്രൊഫസർമാരും അദ്ധ്യാപകരുമുണ്ട്. വിദ്യാഭ്യാസ സംവിധാനം  മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പാഠ്യരീതികളും സംഭാവന ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം.  നവീകരണത്തിനും നേതൃത്വത്തിനുമുള്ള ഒരു ഇടമായി കേരളത്തെ വാർത്തെടുക്കണം എന്നുണ്ടെങ്കിൽ, സർക്കാർ ധനസഹായത്തോടെയും സ്വകാര്യ പങ്കാളിത്തത്തോടെയും സർവകലാശാലകളിൽ അടിസ്ഥാനപരമായ ധാരാളം ഗവേഷണങ്ങൾ നടക്കുന്ന അമേരിക്കൻ മോഡൽ പിന്തുടരുന്നത് നന്നായിരിക്കും.
യുഎസിലെ തെലുങ്ക് സമൂഹം അസൂയാവഹമായ രീതിയിൽ വളരുകയാണ്. അവരുടെ വിജയത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് അതിൻ്റെ നെറ്റ്‌വർക്കിംഗ് ആണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല മലയാളി ആയിരുന്നെങ്കിൽ, നമ്മുടെ ധാരാളം ഐടി പ്രൊഫഷണലായ ചെറുപ്പക്കാർക്ക് അവസരങ്ങൾ നൽകുന്നതിന് അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. നമ്മുടെ യുവാക്കൾക്ക്  തൊഴിൽ അവസരങ്ങൾ നൽകി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മൾ ഐ.ടി.ക്കാരുടെ ഒരു  ആഗോള സഖ്യം സൃഷ്ടിക്കേണ്ടതുണ്ട്.  ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും കൂടുതൽ കാര്യക്ഷമമായ ജോലി ചെയ്യാൻ സാങ്കേതികവിദ്യ സഹായകമാണ്. ലോകത്തിൻ്റെ എല്ലാ കോണിലും വിജയകിരീടം ചൂടിയ മലയാളി ഐടി പ്രൊഫഷണലുകളുണ്ട്. നമുക്ക് അത് പ്രയോജനപ്പെടുത്താം.

- ഐടി പ്രൊഫഷണലുകളുടെ  ഒരു ആഗോള സഖ്യം ഉണ്ടാക്കുക.

- നമ്മുടെ ആശയങ്ങൾ പങ്കിടാൻ ഒരു കേന്ദ്ര ഡാറ്റാബേസ് സൃഷ്ടിക്കുക.

- ഞാൻ ഒരു കാര്യം കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യ  ഐ.ടി. രംഗത്തെ മഹാശക്തിയായി നിലനിൽക്കുന്നതെന്ന് അറിയാമോ? ഇംഗ്ലീഷ് കാരണം. മോഡി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ത്രിഭാഷാ ഫോർമുലയെ നമ്മൾ ചെറുക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്. സാങ്കേതികതയുടെ ഭാഷയാണത്. ഏത് ഭാഷയും പഠിക്കാൻ മലയാളികൾ മിടുക്കരാണ്. എന്നാൽ ഒരു ഭാഷയും നമ്മളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ചൈന ഇംഗ്ലീഷ് പഠിപ്പിക്കാൻ ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. ഡൽഹി സർക്കാർ മുന്നോട്ടുവച്ച ത്രിഭാഷാ സൂത്രവാക്യം അക്കാര്യത്തിൽ നമ്മുടെ  ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. ചെറുപ്പം മുതലേ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നാം.

see also
ലോക കേരള സഭക്ക് സാധ്യത ഏറെ;  യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ വേണം-1  

https://emalayalee.com/vartha/317805

Join WhatsApp News
Pravasi 2024-06-25 21:40:07
ലേഖകൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ലോക കേരള സഭയുമായി എന്തു ബന്ധം? അതോ, സാർ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ അവിടെ ലോകസഭയിൽ നട്ടെല്ലോടെ എഴുന്നേറ്റു നിന്ന് പറഞ്ഞോ? എങ്കിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു? അറിയാൻ താത്പര്യമുണ്ട്.
odiyan ethiravan 2024-06-25 22:08:58
ഇതൊക്കെ അവിടെ നിവർന്ന് നിന്ന് പറയാൻ അല്പം ധൈര്യം വേണം. കാര്യമൊക്കെ ശരിയാണ്. ഇതൊക്കെ അവന്മാരോട് അവിടെനിന്ന് സ്റ്റേജിൽ പറഞ്ഞാൽ അവിടുത്തെ ഈ ഫാസിസ്റ്റ് പാർട്ടിക്കാരും നേതാക്കളും പറയുന്നവരെ കൂവി ഇരുത്തും തല്ലി ഓടിക്കും. അവർക്ക് വേണ്ടത് അവരെ പൊക്കി പൊക്കി ചൊറിഞ്ഞു ചൊറിഞ്ഞ് പുകഴ്ത്തി പറയുന്നത് മാത്രം. രാജാവ് നഗ്നനാണെന്ന് പറയാൻ ഒരുത്തനും ധൈര്യമില്ല. ഇവറ്റകൾ അമേരിക്കയിൽ വന്നാലും നമ്മളും നമ്മുടെ സംഘടനക്കാരും ഇവരെ പൊക്കിയെടുത്ത് തോളത്തു വച്ച് അവരെ പൊക്കി പൊക്കി പറയും. നമ്മളിൽ നിന്ന് തന്നെ ഒരാൾ ശരിയായ ഒരു ചോദ്യം നീതിയായി ഒരു ചോദ്യം ചോദിക്കാൻ നമ്മുടെ ഇവിടത്തെ സംഘടനക്കാർ പോലും സമ്മതിക്കുകയില്ല. അവരും നമ്മളെ കൂവി ഇരുത്തും. ഇതൊക്കെ എന്ത് ജനാധിപത്യമാണ്? ഒരു കേരള ലോകസഭയും പ്രാഞ്ചികളും.
Pravasi Investor 2024-06-25 23:13:32
In LKS, there should be a seminar led by the wife of Appam Govinden regarding the avoidance of suicide by the Pravasi Investors
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക