Image

മുസ്ലീം സ്ത്രീക്കും മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

Published on 10 July, 2024
മുസ്ലീം സ്ത്രീക്കും മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

ഡല്‍ഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ ഭർത്താവില്‍ നിന്നും ജീവനാംശം നേടാമെന്ന് സുപ്രീംകോടതി. ഭാര്യമാരുടെ ജീവനാംശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയുടെ വിധി.

വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഒരു മുസ്ലീം യുവാവ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.

ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന ബെഞ്ച് യുവാവിന്റെ ഹർജി തള്ളുകളയും സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയുമായിരുന്നു. "വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങള്‍ ഈ ഹർജി തള്ളുന്നത്," വിധി പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി. സെക്ഷൻ 125 വിശാലമായി പറയുന്നത് മതിയായ സാഹചര്യങ്ങളുള്ള ഒരു വ്യക്തി അവരുടെ ഭാര്യക്കോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ ജീവനാംശം നല്‍കേണ്ടതാണെന്നാണ്. ജീവനാംശം നല്‍കുന്നത് ജീവകാരുണ്യത്തിൻ്റെ കാര്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.

"ഈ അവകാശം മതപരമായ അതിർവരമ്ബുകള്‍ മറികടക്കുന്നു, വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വത്തിൻ്റെയും സാമ്ബത്തിക സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് ജീവനാംശത്തിന്റെ അവകാശം നിലകൊള്ളുന്നത്. "  വിധി പറയുന്നു. "കുടുംബത്തിന് വേണ്ടി വീട്ടമ്മമാർ ചെയ്യുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹമോചിതയായ ഭാര്യക്ക് പ്രതിമാസം 20,000 രൂപ നല്‍കണമെന്ന് കുടുംബ കോടതി നിർദ്ദേശിച്ച മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തിയാണ് സുപ്രീംകോടതിയ സമീപിച്ചത്. തുക 10000 രൂപയായി തെലങ്കാന ഹൈക്കോടതി കുറച്ചെങ്കിലും പൂർണ്ണമായും ഒഴിവാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക