Image

കേരളം തേങ്ങുന്നു; നിരവധി പേര്‍ മണ്ണിനടിയിലെന്ന് സംശയം

Published on 30 July, 2024
കേരളം തേങ്ങുന്നു;  നിരവധി പേര്‍ മണ്ണിനടിയിലെന്ന് സംശയം

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 133 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.  

ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണും കല്ലും മരത്തടികളും വീണ്ടും മലവെള്ളപാച്ചിലിനൊപ്പം ഒഴുകി വന്നു. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. ദുരന്തസ്ഥലത്തേക്ക് അനാവശ്യമായി എത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോർട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. എൻ.ഡി.ആർ.എഫ് സംഘം ഇവിടെ പാലം നിർമിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിനിടെയാണു പുതിയ സംഭവം. ഇതേതുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.  അതേസമയം വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

അതേസമയം ഉരുൾപൊട്ടലിൽ മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65), വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ശരീരഭാഗങ്ങളില്ലാതെ  മൃതദേഹങ്ങള്‍; കരളലിയിക്കുന്ന കാഴ്ചയായി ദുരന്തഭൂമി

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ  നിന്ന് ഓരോ നിമിഷവും പുറത്തുവരുന്നത് ഹൃദയഭേദകമായ വാർത്തകളാണ് . കയ്യും കാലും തലയും ഉള്‍പെടെ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍ കരളലിയിക്കുന്ന കാഴ്ച. മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലേക്ക്  ഒഴുകിയെത്തുന്നു.  

മൃതദേഹങ്ങള്‍  കിലോമീറ്ററുകള്‍ അകലെ മലപ്പുറത്തേക്കും  ഒഴുകിയെത്തി. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി  11 മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് വിവരങ്ങള്‍.  മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്ബിളപ്പാറ കോളനി ഭാഗങ്ങളില്‍ അഞ്ച് മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞതായി ആദിവാസികള്‍ പറഞ്ഞു. എന്നാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് ഇതുവരെ കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയത് വയനാട്ടില്‍നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച്‌ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തി. മുണ്ടക്കൈയിലേക്ക് ആര്‍ക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളില്‍ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മുണ്ടക്കൈയിലെ സ്ഥിതി കരുതുന്നതിലും ഭീകരമാണ്ന്ന് സംഭവസ്ഥലത്തുള്ള ടി സിദ്ദീഖ് എംഎല്‍എയും പ്രതികരിച്ചു.

അതിനിടെ പുഴയിലെ ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത് ആശ്വാസമാവുകയാണ്. ചൂരല്‍മലയിലെ ദുരന്തവാര്‍ത്തക്ക് പിന്നാലെ പുറത്തുവന്ന ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. 50 ൽ അധികം രക്ഷാപ്രവർത്തകരാണ് ഈ ദൗത്യത്തിൽ പങ്ക് ചേർന്നത്. മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് കിടക്കുകയായിരുന്നു ഇയാൾ. ഏറെ നേരമായി രക്ഷാപ്രവർത്തനത്തിനായി ശ്രമിച്ചിരുന്നെകിലും പ്രതികൂല കാലാവസ്ഥയും മുണ്ടക്കൈ ഒറ്റപ്പെട്ട് പോയതും തടസ്സം സൃഷ്ടിക്കുകയായിരുന്നു.

ശരീരത്തിന്റെ ഭൂരിഭാഗവും ചെളിയില്‍ പൂണ്ടുപോയ അദ്ദേഹം തന്റെ കൈകളുയര്‍ത്തി ജീവിതത്തിനുവേണ്ടി കരഞ്ഞപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്ക്യു ടീം സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.   രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വൈദ്യസഹായം നല്‍കി, അടുത്തുള്ള ആശുപത്രിയിലെത്തിച്ചു

അപകടം നടന്ന് 11 മണിക്കൂറിന് ശേഷമാണ് ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞത്. മുണ്ടകൈയിലേക്ക് ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രക്ഷാസംഘം മറുകരയിലെത്തിയത് അതിസാഹസികമായാണ്.

എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; സഹായധനം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി മോദി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും വയനാട്ടിലെ എംപി കൂടിയായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജില്ലാ കലക്ടറുമായും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ യു ഡി എഫ് പ്രവര്‍ത്തകരും ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാലങ്ങളും റോഡുകളും ഒലിച്ചുപോയി: രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യം

അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി

മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ മൂന്നു തവണ ഉരുള്‍ പൊട്ടി. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം കോഴിക്കോട് ഇറക്കി.

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

10 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു

വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാറിൽ ഒഴുകിയെത്തിയത് 11 മൃത​ദേഹങ്ങൾ

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 11 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നി​ഗമനം.

പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.  

വെള്ളിലമ്പാറ കോളനിയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട് നിന്ന് മൃതദേഹഭാ​ഗം ലഭിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അഞ്ചു കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്. അഞ്ചു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങള്‍ അഞ്ചു കോടി രൂപ നല്‍കുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്’ എന്നാണ് എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാടിന്റെ പിന്തുണയും ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എം കെ സ്റ്റാലിന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക