കല്‍പ്പറ്റ: സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് ഉരുൾപൊട്ടിയ മുണ്ടക്കൈയിൽ എത്തി. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തിയെന്നാണ് വിവരം. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം.
ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 250 ഓളംപേരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്.
പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.
ജില്ലയിലെ ഒമ്പതിടങ്ങളില്‍ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴ. വയനാട്ടില്‍ നാല് ദിവസം കുറഞ്ഞ തോതില്‍ പെയ്ത മഴ കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ് കുത്തനെ ഉയര്‍ന്നത് . ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണവും കുറഞ്ഞ സമയത്തിനിടെ വലിയ തോതില്‍ പെയ്ത മഴയാണെന്നും കണക്കുകള്‍ കാണിക്കുന്നു.
2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരൽമല ഉരുൾപൊട്ടൽ. ചൂരൽമല അങ്ങാടി തന്നെ ഇല്ലാതായി. എത്ര വീടുകൾ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല.
മുണ്ടക്കൈയിൽ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുണ്ടായത്. മൃതദേഹങ്ങൾ പല ഭാഗത്തായി കിടക്കുകയാണ്.
മുണ്ടക്കൈയിൽനിന്നും എങ്ങനെയെങ്കിലും ഞങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കണമെന്നാണ് അവിടെയുള്ളവർ ഫോണിൽ വിളിച്ചു കരയുന്നത്. വീടുകൾ തകർന്നതോടെ ഭക്ഷണം വെള്ളവുമില്ലാത വലയുകയാണ്.