Image

നോവുന്ന കാഴ്ചയായി ദുരന്തഭൂമി : മരണസംഖ്യ 293 ആയി

Published on 01 August, 2024
നോവുന്ന കാഴ്ചയായി ദുരന്തഭൂമി :  മരണസംഖ്യ 293 ആയി

കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 293 ആയി. 240 പേരെ കുറിച്ച്‌ ഇപ്പോഴും വിവരമില്ല. നാല്പതിലധികം മൃദദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.  

പ്രതികൂല കാലാവസ്ഥമൂലം ഇന്നും തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. പ്രദേശത്തെ കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും അടിഞ്ഞുകൂടിയ ചെളിയും രക്ഷാപ്രവര്‍ത്തനത്തെ  ദുഷ്‌കരമാക്കുകയാണ്

 348 കെട്ടിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ തകർന്നു.   ഹൃദയ ഭേദകമാണ് മുണ്ടക്കൈയില്‍ നിന്നും ചൂരല്‍മലയില്‍ നിന്നുമുള്ള ഓരോ കാഴ്ചയും.

 ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായുണ്ട്. മൂന്നു സ്നിഫർ നായകളും തെരച്ചിലിനായുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു. വാഹനങ്ങള്‍ കടത്തിവിട്ടു. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച്‌ തിരച്ചില്‍ ഊർജിതമാക്കും. ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകള്‍ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക