Image

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്

Published on 30 August, 2024
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്


 
കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെയും സിറോമലബാർ സഭയുടെ 32-ാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.
സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ പോപ്പ് ഫ്രാൻസിസ് മാർപാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങള്‍ ഇന്ന് നിലവില്‍ വന്നത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പെരുംതോട്ടം 75 വയസ് പൂർത്തിയായതോടെ രാജി സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയില്‍ നിയമിതനായത്. 1972 ഫെബ്രുവരി 2ന് ജനിച്ച മാർ തോമസ് തറയില്‍, 2000, ജനുവരി മാസം ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. തുടർന്ന് വിവിധ ഇടവകകളില്‍ സഹ വികാരിയായും, വികാരിയായും സേവനം അനുഷ്ഠിച്ച അദ്ദേഹം, റോമിലെ ഗ്രിഗോറിയൻ സർവകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തു വരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്‌ ബിഷപ്പാണ് മാര്‍ തോമസ് തറയില്‍.

ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന മാർ റാഫേല്‍ തട്ടില്‍ സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ സിനഡ് തിരഞ്ഞെടുത്തത്. 1976 മേയ് 13ന് തൃശൂരിലെ അരിമ്ബൂരില്‍ ജനിച്ച മാർ പ്രിൻസ് 2007 ഏപ്രില്‍ 25ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് വിവിധ ഇടങ്ങളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം, റോമിലെ ഉർബാനിയൻ സർവകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റ് 6 നാണ് അദിലാബാദ്‌ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക