തിരുവനന്തപുരം: പതിനാറുകാരിയായ മകളുടെ പരാതിയില്‍ പിതാവിന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതി ജില്ലാ ജഡ്ജി എം.പി ഷിബുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നല്‍കണം. ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ച പെണ്‍കുട്ടിയെ ഒന്നാംക്ളാസില്‍ പഠിക്കുന്നതു മുതല്‍ പിതാവ് പീഡിപ്പിക്കുകയായിരുന്നു. ഉപദ്രവം സഹിക്കാനാവാതെ 2023 ല്‍ പെണ്‍കുട്ടിയുടെ 15-ാം വയസില്‍ സംഭവം കുട്ടി ക്ളാസ് ടീച്ചറോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
2023ല്‍ പെണ്‍കുട്ടിയുടെ 15-ാം വയസില്‍ സ്കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വന്ന സമയത്ത് പിതാവ് കുട്ടിയെ പീഡിപ്പിച്ചു. മാനസികമായി തകർന്ന കുട്ടി പിറ്റേന്ന് സ്കൂളിലെത്തിയപ്പോള്‍ വിഷമിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ളാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് വർഷങ്ങളായി പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം കുട്ടി പറഞ്ഞത്. തുടർന്ന് ടീച്ചർ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ഇവർ പോലീസിനെ അറിയിക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അമ്മ മരിച്ചതിനെത്തുടർന്ന് പിതാവിന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിക്ക് പീഡന വിവരം തുറന്ന് പറയാൻ അമ്മയുടെയോ അച്ഛന്‍റെയോ ബന്ധുക്കള്‍ ഇല്ലായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പിതാവ് അപായപ്പെടുത്തുമോ എന്ന ഭയവും പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്.