തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശം അനുസരിച്ചാണിത്.
ആവശ്യപ്പെടുന്നവർക്ക് അവർ സ്വയംനടത്തുന്ന മീറ്റർ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റർ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.
ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റർ റീഡർ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിർണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.
ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്. വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയർന്നിരുന്നു. ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷൻ വിശദീകരിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ല.
ഇതേത്തുടർന്നാണ് ആവശ്യപ്പെടുന്നവർക്ക് മാസംതോറും ബില്‍ നല്‍കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ കമ്മിഷൻ ബോർഡിന് നിർദേശം നല്‍കിയത്. മാസംതോറും ബില്‍ നല്‍കുന്നതില്‍ അപാകമില്ലെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്.