ധാക്ക: ജനകീയ പ്രക്ഷോഭത്തിനിടെയുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) വിചാരണ ചെയ്യണമെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടു.
മുഹമ്മദ് യൂനുസ് ഐസിസി പ്രോസിക്യൂട്ടര്‍ കരീം എ. ഖാനുമായി ഔദ്യോഗിക വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹസീനയുടെ വിചാരണയുമായി സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യൂനുസിന്റെ മാധ്യമവിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഹസീനക്ക് പുറമെ, മുന്‍ മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളിലും ഐസിസി വിചാരണ നടത്തണമെന്നും യൂനുസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശൈഖ് ഹസീനക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലുമായി സഹകരിക്കാന്‍ ഐസിസിക്ക് താല്‍പര്യമുണ്ടെന്ന് കരീം എ. ഖാന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.