കേരളത്തിലെ മദ്യപാനികളെ ഒന്നാകെ സ്തംഭിപ്പിച്ചുകൊണ്ട് ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില വര്‍ധിപ്പിച്ചു. പാവപ്പെട്ടവന്റെ ദേശീയ ഇനമായ ജവാന് വിലകൂടിയതാണ് അവര്‍ക്ക് ഇടിത്തീയായത്. എന്നാല്‍ എത്രവിലയേറിയാലും മലയാളികള്‍ കുടി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. മദ്യാപനത്തിന് ചിലവാക്കുന്ന തുകയുടെ പേരില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് കേരളത്തിലെ മദ്യസ്‌നേഹികള്‍. ഓണവും ക്രിസ്മസും ന്യൂഇയറും കഴിയുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
അതേസമയം പുതുക്കിയ റേറ്റുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മൊത്തം 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് കോര്‍പറേഷന്റെ (ബെവ്‌കോ) തീരുമാനം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വര്‍ധിക്കുന്നത്.
ബെവ്‌ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്റെ വില 10 രൂപയാണ് കൂടുന്നത്. ലിറ്റരിന് 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോര്‍ട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതല്‍ 50 വരെ കൂടും എന്ന് സാരം. 1350 രൂപ വിലയുള്ള മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് ഇനി 1400 രൂപ നല്‍കേണ്ടി വരും. ബിയറിനും വിലയും കൂടുമെന്നാണ് അറിയിപ്പ്. ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമില്ല.
ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള 'റേറ്റ് കോണ്‍ട്രാക്ട്' അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. സ്പരിറ്റ് വിലവര്‍ദ്ധനയും ആധുനിക വത്ക്കരണവും പരിഗണിച്ച് മദ്യവില്‍പ്പന വര്‍ദ്ധിപ്പിക്കണമെന്ന മദ്യവിതരണ കമ്പനികളുടെ ആവശ്യത്തിനാണ് ബെവ്‌ക്കോ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വര്‍ധിക്കുന്നത്.
നേരത്തെ മദ്യ കമ്പനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോള്‍ സ്പിരിറ്റ് വില കൂടിയതിന്റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്. 107 ബ്രന്‍ഡുകളുടെ വിലയാണ് കുറയുക. കമ്പനികള്‍ തന്നെ നടത്തിയ മാര്‍ക്കറ്റ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് വില കുറക്കുന്നത്. മദ്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പന കൂട്ടാനായി മദ്യവില കുറച്ചത്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ 170 പുതിയ ബ്രാന്‍ഡുകള്‍ ബെവ്‌കോക്ക് നല്‍കും.
ഇത്തവണത്തെ ക്രിസ്മസ് കാലത്ത് മദ്യ വില്‍പ്പനയില്‍ ബെവ്‌കോ റെക്കോഡ് സ്താപിച്ചിരുന്നു. ക്രിസ്മസ് ദിനത്തിലും തലേന്നും മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 152.06 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ തവണ ഇതേ ദിവസങ്ങളില്‍ വിറ്റഴിച്ച മദ്യത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24-ന് 71 കോടി രൂപയുടെയും 25-ന് 51.14 കോടി രൂപയുടെയും മദ്യമാണ് വിറ്റത്. എന്നാല്‍ ഇത്തവണ ഈ കണക്കുകളില്‍ നിന്ന് മുപ്പത് കോടിയോളം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടന്നത്. 818.21 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. ഇതിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതിന്റെ പാത പിന്തുടര്‍ന്ന് കൊണ്ടാണ് ക്രിസ്മസ് കാലത്തും വമ്പന്‍ വില്‍പ്പന ഉണ്ടായിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് ന്യൂയര്‍ കാലത്തെ മദ്യ വില്‍പ്പന റെക്കോര്‍ഡ് ഇട്ടു. പുതുവത്സരത്തലേന്ന 108 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ മാസം 22 മുതല്‍ ഡിസംബര്‍ 31 വരെ 712.96 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697.05 കോടിയുടെ മദ്യമാണ്.
ഇന്ത്യയിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ഉപഭോഗം ഉള്ളത്. ഉയര്‍ന്ന നികുതികള്‍ക്കും, വര്‍ധിപ്പിക്കുന്ന ഡ്രൈ ഡേകള്‍ക്കുമൊന്നിനും കേരളത്തിലെ കുതിച്ചുയരുന്ന മദ്യവില്പനയെ തൊടാനാവുന്നില്ല. കേരള സര്‍ക്കാരിനെ സംബന്ധിച്ച് ആല്‍ക്കഹോളും, ലോട്ടറിയുമാണ് ഏറ്റവും കൂടുതല്‍ നികുതി നേടിക്കൊടുക്കുന്നത്.
കേരളത്തില്‍ കുടിയന്മാര്‍ ജനിക്കുന്നത് 12 വയസ്സിലാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കേരളത്തില്‍ മദ്യപിക്കാനുള്ള പ്രായ പരിധി പിണറായി സര്‍ക്കാര്‍ 2018-ല്‍ 21 വയസില്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ മദ്യവില്‍പ്പനയുടെ 16 ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു. റോഡ് ആക്‌സിഡന്റും സ്ത്രീ പീഡനവും വേറെ.
സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തിലധികമാണ്. അതേസമയം സ്ത്രീകളുടെ മദ്യപാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ പഠന റിപ്പോര്‍ട്ടിലില്ല. സ്ത്രീകളില്‍ ഏത് പ്രായത്തിലുള്ളവരാണ് മദ്യത്തിന് അടിമകളായിരിക്കുന്നതെന്നോ ഏത് പ്രദേശത്താണ് മദ്യപാനികള്‍ കൂടുതലുള്ളതെന്നോ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്. ആളൊന്നുക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ലിറ്റര്‍ മദ്യം പ്രതി മാസം അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യപര്‍ക്കായി ഫോട്ടോ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ മാതൃകയില്‍ പെര്‍മിറ്റും ഏര്‍പ്പെടുത്തമെന്നാണ് മറ്റൊരു കൗതുകകരമായ ശുപാര്‍ശ. ഇത്തരം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ ഒരു പരിധി വരെ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. ബോധവത്കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെങ്കിലും ലഹരി യഥേഷ്ടം പരത്തുന്നതാണ് പുതിയ മദ്യനയമെന്ന് ആക്ഷേപമുണ്ട്.
പുതിയ ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ സഹായിക്കുന്ന നയമാണ് ഇത്തവണയും സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലിപ്പോള്‍ ബാറുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു. ഉദാഹകണത്തിന് ചങ്ങനാശേരി ടൗണില്‍ 7 ബാറുകളുണ്ട്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ 15 ബാറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് ബാറുകളുടെ പണികള്‍ പൂര്‍ത്തിയായിവരുന്നു. അതായത് ചങ്ങനാശേരിക്കാരെ സംബന്ധിച്ചിടത്തോളം നടന്നെത്താവുന്ന ദൂരത്തിലാണ് ബാറുകള്‍.
അതേസമയം കേരളത്തിലെ മദ്യനിരോധനത്തിനുമുണ്ട് ഒരു ചരിത്രം. 1956-ല്‍ ഐക്യകേരളം പിറന്നപ്പോള്‍ കേരളത്തില്‍ 58 ശതമാനം വരുന്ന ഭൂപ്രദേശം മദ്യനിരോധനമേഖലയായിരുന്നു. പഴയ മലബാര്‍ ജില്ല മുഴുവനും തിരുകൊച്ചിയില്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം താലൂക്കുകള്‍, വടക്കന്‍ പറവൂര്‍, ചാവക്കാട്, ചിറ്റൂര്‍ താലൂക്കുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും മദ്യനിരോധനം. 1967-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളഞ്ഞു.
ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, ബീഹാര്‍, നാഗാലാന്റ്, മിസോറാം എന്നിവ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപുമുണ്ട്. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മദ്യത്തിന്റെ വില്പന അനുവദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം നടപ്പിലാക്കാം.