കഴിഞ്ഞ ദിവസം വരെ വയനാട് ജില്ലയിലെ മാന്തവാടിക്ക് സമീപം പഞ്ചാരക്കൊല്ലി നിവാസികള്‍ കടുവാ പേടിയിലായിരുന്നു. എന്നാല്‍ കടുവ ചത്തതോടെ നാട്ടുകാര്‍ സന്തോഷത്തിലായി. ഇപ്പോള്‍ പാലക്കാട് നെന്മാറയിലെ പോത്തുണ്ടിക്കാര്‍ ഭയവിഹ്വലരാണ്. അവര്‍ പേടിക്കുന്നത് കടുവയേയോ പുലിയേയോ അല്ല, ഒരു മനുഷ്യ മൃഗത്തെയാണ്. സൈക്കോ ക്രിമിനലായ ചെന്താമരയെ.
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരനെയും (58) അമ്മ ലക്ഷ്മിയെയും (76) ആണ് വൊട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയിരിക്കുന്നത്. 2019 ഓഗസ്റ്റ് 30-ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിന്റെ പേപിലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യ പിണങ്ങിപ്പോയതിനു കാരണം സജിതയാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേ വൈരാഗ്യം തന്നയാണ് സുധാകരന്റെയും ലക്ഷ്മിയുടെയും ജീവനെടുത്തത്. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതല്‍ നാട്ടുകാര്‍ ഭീതിയിലായിരുന്നു.
ഭാര്യ പോയതിനുശേഷം ചെന്താമര ഒരു ജ്യോല്‍സ്യനെ കണ്ടിരുന്നു. നീണ്ട മുടിയുള്ള ഒരു സ്ത്രീയാണ് ഭാര്യ പിണങ്ങിപ്പോകാന്‍ കാരണമെന്ന് ജ്യോല്‍സ്യന്‍ പറഞ്ഞിരുന്നത്രേ. അങ്ങനെയാണ് ചെന്താമരയുടെ ശ്രദ്ധ സജിതയിലെത്തിയത്. ഇടയ്ക്ക് സജിത ഫോണ്‍ ചെയ്യുമ്പോള്‍ അത് തന്റെ ഭാര്യയോട് സംസാരിക്കാനാണെന്ന് കരുതി ഇയാള്‍ സജിതയെ കൊലപ്പെടുത്തുകയായിരുന്നു. സൈക്കോപാത്ത് ഒരു അന്ധവിശ്വാസിയും കൂടിയായപ്പോള്‍ വൈരാഗ്യം സജിതയുടെ കൊലപാതകത്തില്‍ മാത്രം ഒരുങ്ങിയില്ല. അത് ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതിന് ശേഷം ജയിലില്‍ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികള്‍ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ചെന്താമര വീണ്ടും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് ഡിസംബര്‍ 29-ന് നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജയില്‍ ശിക്ഷയ്ക്കിടെ ജാമ്യത്തില്‍ വന്നയാളെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പോലീസിന്റെ മറുപടി.
നേരത്തെ പലതവണ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാളെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറയുന്നു. സുധാകരന്‍ തമിഴ്നാട്ടില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നും എന്നാല്‍ പൊലീസ് പരാതി കാര്യമാക്കിയില്ലെന്നും അഖില വ്യക്തമാക്കുന്നു.
ചെന്താമര സൈക്കോയാണെന്നും പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോണ്‍ ചെയ്താലോ വരെ ഇയാള്‍ അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷം താക്കീത് നല്‍കി ഈ കൊടും ക്രിമിനലിനെ വിട്ടയക്കുകയായിരുന്നു.
സൈക്കോ ആയ ചെന്താമര എന്തിനും ഏതിനും അയല്‍ക്കാരെ പഴിക്കുന്ന സ്വഭാവക്കാരനാണ്. ഇയാളുടെ കടുത്ത മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ഭാര്യ പിണങ്ങി പോയത്. ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെ ചന്താമരയുടെ വീട്ടില്‍ നിന്നും വിഷക്കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന വടിവാളും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പാതിയൊഴിഞ്ഞ നിലയിലാണ് വിഷക്കുപ്പി ലഭിച്ചത്.
സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ചെന്താമരയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴ് സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചെന്താമരയെപ്പോലുള്ള സൈക്കോപാത്തുകള്‍ നമുക്കുചുറ്റുമുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുകയും അതില്‍ യാതൊരുവിധ കുറ്റബോധവും ഇല്ലാതിരിക്കുകയും ചെയ്യുന്നവരാണ് സൈക്കോപാത്തുകള്‍. ഇത് ഒരുതരം വ്യക്തിത്വവൈകല്യമാണ്. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന താളപ്പിഴകളാണ് ഇതിന് കാരണമെന്ന് മനോരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിയമാനുസൃതം ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചാലും അവരുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല. ക്രൂരമായ മനോവൈകൃതങ്ങള്‍ ഉള്ളവരായിരിക്കും സൈക്കോപാത്തുകള്‍. ഒരാള്‍ സൈക്കോപാത്ത് ആകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ജന്മനാ ഒരുപക്ഷേ അത്തരമൊരു മാനസികനില ഉണ്ടായെന്നുവരാം. ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ ചിലരെ അതിലേക്ക് എത്തിക്കുന്നു. ലൈംഗികവൈകൃതങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, ചെറിയ കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ തുടങ്ങി സൈക്കോപതിക് സ്വഭാവക്കാഭാവക്കാര്‍ പലതരത്തിലുണ്ട്.
സൈക്കോപ്പാത്തുകളെ തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. നമ്മുടെ വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ ആരുമാവാം അവര്‍. സാമൂഹികജീവിതം നയിക്കുന്ന, എല്ലാവരോടും സജീവമായി ഇടപഴകുന്ന ആളായിരിക്കാം. അപ്പപ്പോള്‍ തോന്നുന്ന വികാരങ്ങള്‍ക്കനുസരിച്ചായിരിക്കും സൈക്കോപ്പാത്തുകളുടെ പ്രതികരണം. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്കൊപ്പം സ്വയം മുറിവേല്‍പിക്കുന്ന സ്വഭാവ വൈകല്യങ്ങളും ഇവരില്‍ കാണാം. വിശ്വസനീയമായ രീതിയില്‍ നുണപറയാന്‍ ഇവര്‍ക്ക് കഴിയും. പിടിക്കപ്പെട്ടാല്‍ പോലും നുണയാണെന്ന് സമ്മതിച്ചു തരികയുമില്ല.
പലപ്പോഴും അനുകൂലമായ സാഹചര്യം വരുമ്പോള്‍ ഉള്ളിലെ സൈക്കോപാത്ത് പുറത്തുവരും. അത് ഒരുപക്ഷേ കൊലയിലൂടെയോ ക്രൂരമായ പീഡനത്തിലൂടെയോ ആവാം. ലോക പ്രശസ്ത കനേഡിയന്‍ ക്രിമിനല്‍ മനശാസ്ത്രജ്ഞന്‍ ഡോ. റോബര്‍ട്ട് ഹയര്‍ ഒരാള്‍ ഒരു സൈക്കോപാതിക്ക് മനോനിലയുള്ളവരെ തിരിച്ചറിയുവാന്‍ ഉതകുന്ന ലക്ഷണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
*എന്തിനും ഏതിനും നുണ പറയുന്ന മനോരോഗാവസ്ഥ *വളരെ വാചാലരും പുറമോടിക്കാരും *സ്വയം ഏതോ വലിയ ആളാണ് എന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ *എപ്പോഴും എന്തെങ്കിലും ബാഹ്യമായ ഉത്തേജനം വേണ്ടവര്‍ *കൗശലക്കാരും ,ചതിയന്‍മാരും *ചെയ്ത തെറ്റുകളെ കുറിച്ച് യാതൊരു കുറ്റബോധവും ഇല്ലാത്തവര്‍ *തീര്‍ത്തും വൈകാരികമല്ലാതെ പ്രതികരിക്കുന്നവര്‍ *കഠിന ഹൃദയരും സഹാനുഭൂതിയില്ലാത്തവരും *ഇത്തിക്കണ്ണി സ്വഭാവമുള്ളവര്‍ *മനോനിയന്ത്രണം കുറവുള്ളവര്‍ *നിയന്ത്രമില്ലാത്ത ലൈംഗികത *വളരെ ചെറുപ്പത്തിലേ കാണിക്കുന്ന പെരുമാറ്റ വൈകല്യങ്ങള്‍ *കൃത്യമായ ലക്ഷ്യമില്ലാത്ത ജീവിതം *അനിയന്ത്രിതമായ എടുത്തുചാട്ടം *ഉത്തരവാദിത്തബോധമില്ലാത്ത അവസ്ഥ *ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ മടികാണിക്കുക *പെട്ടന്ന് അവസാനിക്കുന്ന വിവാഹ-പ്രേമ ബന്ധങ്ങള്‍ *ചെറുപ്രായത്തിലേ കുറ്റകൃത്യ വാസന *പരോളില്‍ പോകുമ്പോള്‍ പോലും കുറ്റകൃത്യങ്ങള്‍ ചെയ്യുക *പലതരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക.