'ഡോ .തോമസ് മാത്യു . മാവേലിൽ' . അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ഒരു അത്യാഢംബര വീടിന്റെ ഗേറ്റിൽ ഈ നെയിം പ്ലേറ്റ് കാണാൻ ഇടയാകാത്തതിൽ മലയാളിക്ക് പെരുത്ത സന്തോഷം . എം.ഡി. കഴിഞ്ഞപ്പോൾ ന്യൂ ജേഴ്സിയിലെ ആശുപത്രിയിൽ ജോലിയോടൊപ്പം ഗവേഷണസൗകര്യവും ഉൾപ്പെടുത്തി അപ്പോയ്ന്റ്മെന്റ് ഓർഡർ ലഭിച്ചു . 'അപ്പോൾ സായിപ്പിനെ ചികിൽസിക്കാൻ മാത്യു പോയാൽ ഇവിടുത്തുകാരെ ആരു നോക്കും' . തിരുവന്തപുരം മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർ ഡോ . കെ .എൻ . പൈയുടെ ചോദ്യം . വർഷം 1972 . ഡോ . തോമസ് മാത്യു പോയില്ല എന്ന് മാത്രമല്ല ആ തീരുമാനം ശരിയായിരുന്ന എന്ന് ഇന്നും പൂർണമായി കരുതുന്നു . അമേരിക്കയിൽ പണി കിട്ടിയിട്ട് പോകാത്ത ഒരാളെ ഞാൻ ആദ്യം കാണുകയാണ് . അമേരിക്കക്കുള്ള വിമാനം പിടിച്ചിരുന്നെങ്കിൽ കേരളത്തിലെ ആദ്യത്തെ ' നെഫ്രോളജിസ്റ്റ് ' ആയി ഡോക്ടർ ഇവിടെ വൈദ്യരംഗത്തു നടത്തിയ അസാധരണമായ സംഭാവനകൾ നമുക്ക് നഷ്ടമായേനെ . കേരളത്തിലെ ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ , ആദ്യ സമ്പൂർണ ഡയാലിസിസ്, 'വൃക്കപഠനം' കേരളത്തിൽ നട്ടു നനച്ചു ഒപ്പം നിന്ന് വളർത്തിയതിന്റെ അമ്പതാം വർഷം . ആ കേസ് ഡയറി ഡോ . തോമസ് മാത്യു നമുക്കായി കുറിക്കുന്നു , 'എന്റെ ജീവിതം നിറയെ , ഒരു നെഫ്രോജിസ്റ്റിന്റെ ആത്മകഥ' . നൂറ്റിഅറുപതു പേജിൽ അമ്പതു വർഷം വൈദ്യരംഗത്തിനു നൽകിയ അനന്യമായ സംഭാവനകളും എൺപതുവര്ഷത്തെ ജീവിത വഴിത്താരയിലെ വിജയരഹസ്യങ്ങളും .
സാധാരണക്കാരും, വിദ്യർത്ഥികളും പ്രത്യേകിച്ച് വിവിധ മെഡിക്കൽ മേഖലയിൽ പഠിക്കുന്നവരും പോകാൻ താൽപര്യമുള്ളവരും, അവരുടെ മാതാപിതാക്കൾ , മറ്റു യുവജനങ്ങൾ മാത്രമല്ല ഡോക്ടർന്മാരും വായിച്ചിരിക്കേണ്ട പുസ്‌തകം . വായനാസുഖമുള്ള രചന . രോഗികളെ നോക്കേണ്ട രീതി ഡോ . തോമസ് മാത്യു നിർദേശിക്കുന്നത് , ഏതോ സിനിമയിൽ പറയുന്ന പോലെ , 'ചോദിച്ചു ചോദിച്ചു പോകണം' എന്നാണ് . അതുതന്നെയാണ് അദ്ദേഹം സ്വീകരിച്ച എഴുത്തു ശൈലിയും . അങ്ങനെ പോയവർക്കും പോകാത്തവർക്കും ആ പോക്കിന്റെ ഗുട്ടൻസ് പിടികിട്ടും . ഞാനും പോയിട്ടുണ്ട് .
കാലക്രമം അനുസരിച്ചുള്ള വിവരണം . ആലപ്പുഴ (ജനനം ) കോഴിക്കോട് (എം. ബി. ബി .എസ് ) തിരുവനന്തപുരം (എം. ഡി ) ചാണ്ഡിഗർ (ഡി. എം) വഴി കോഴിക്കോട്ടു കൊട്ടാരം റോഡിലെ ( അതെ, മലയാളിയുടെ പ്രിയ കഥാകാരൻ എം .ടി . വാസുദേവൻ നായരുടെ 'സിതാര'യുടെ രണ്ടു വീട് അപ്പുറത്തു 'മാവേലിൽ' വരെയും തുടർന്നുമുള്ള ജീവിതവും സംഭവങ്ങളും എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള ബുദ്ധിമുട്ട് നമ്മൾ തമാശ ആക്കാറുണ്ടല്ലോ . ഈ കുറിപ്പടി അതുക്കും എത്രയോ മേലെ .
പിതാവ് എം . എം . തോമസ് മുംബൈയിൽ വക്കീലായിരുന്നു . കക്ഷികളെ ജയിപ്പിക്കാനുള്ള നുണ പറച്ചിൽ അസഹനീയമായപ്പോൾ പണി വിട്ടു താമരശ്ശേരിയിൽ എസ്റ്റേറ്റ് വാങ്ങി .അങ്ങനെ കോഴിക്കോടിനു ഡോ . തോമസ് മാത്യുവിനെ കിട്ടി. (ആളൂരും രാമൻ പിള്ളയും ഈ തത്വശാസ്ത്രത്തിന്റെ പിറകെ പോയാൽ നമ്മുടെ പ്രമാണികളായ പ്രതികൾ എങ്ങനെ രക്ഷപെടും എന്നൊരു ശങ്ക ) . ഇപ്പോൾ നമ്മുടെ വിഷയം അത് അല്ലല്ലോ .
ഡോ. തോമസ് മാത്യൂവിന്റെ കഴിവും മികവും കൺസൾട്ടിങ് റൂമിൽ മാത്രമാണെന്നു കരുതിയാൽ തെറ്റി . മികച്ച ഒരു വയലിനിസ്റ്റ് ആണ് ഡോക്ടർ , പതിനഞ്ചാം വയസ്സുമുതൽ . സ്കൂളിലെയും കോളേജിലെയും ഓർക്കെസ്ട്രയിലെ മിന്നും താരം . കോഴിക്കോട്ടെ വൈ .എം .സി .എ റോഡിലെ മാർത്തോമാ പള്ളിയിലെ കൊയറിൽ ഇപ്പോഴും നിറ സാന്നിദ്ധ്യം . പിതൃസഹോദരൻ എ .വി . തോമസ് കമ്പനിയുടെ ജനറൽ മാനേജർ എം .എം .തോമസ് അറുപത്തിയഞ്ചു വർഷം മുൻപ് ജർമനിയിൽ പോയി വന്നപ്പോൾ സമ്മാനിച്ച വയലിനാണ് ഇന്നും ഡോക്ടറോടൊപ്പം . (പഴയ വൈനും വയലിനും നല്ലതാണെന്ന് ഒരു ചൊല്ലുണ്ടല്ലോ) . സ്കൂളിൽ ഫുട്ബോളും ബാസ്കറ്റ്ബോളും . പെയിന്റിങിലും ക്ലിനിക്കൽ ഫോട്ടോഗ്രാഫിയിലും ഇപ്പോൾ താൽപര്യം .ആഡംബര വണ്ടിയുടെ വളയത്തിനോട് അന്നും ഇന്നും നോട്ടമില്ലാത്ത ഡോക്ടറുടെ എൺപതുകളിലെ വെള്ള ഫിയറ്റ് ഓർമയിലേക്ക് സ്റ്റാർട്ടായി വരുന്നു.
എൺപതുകൾ മുതൽ കോഴിക്കോട് മനോരമയുടെ 'കമ്പനി ഡോക്ടർ' (ഫാമിലി ഡോക്ടറുടെ വിശാല പതിപ്പ് എന്ന് പറയാം ) ആയുള്ള പരിചയം . സഹപ്രവർത്തകർക്ക് ഇൻട്രൊഡക്ഷൻ കത്തുകൊടുക്കുന്നത് എന്റെ പണിയായിരുന്നു . സഹപ്രവർത്തർ പറയും , ഡോക്ടറെ കാണാനുള്ളവരുടെ വലിയ തിരക്കിലൂടെ അകത്തു കയറി ഡോ .തോമസ് മാത്യുവിന്റെ പ്രസന്ന മുഖവും സംസാരവും അനുഭവിക്കുമ്പോൾ തന്നെ പകുതി അസുഖം മാറുമെന്ന് . ഈ സ്വഭാവവിശേഷണങ്ങളൊക്കെ എങ്ങനെ അദ്ദേഹം സ്വായത്തമാക്കിയെന്നും എങ്ങനെ നമുക്കും അത് പഠിച്ചെടുക്കാമെന്നും അദ്ദേഹം പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട് . ഒരു സാമ്പിൾ ഡോസ് ഇതാ . ആലപ്പുഴ മാർത്തോമാ പള്ളിയിലെ ഫാ . ടി .വി . തോമസിൽ നിന്നും പഠിച്ച 'ഒറ്റ കണ്ണൻ നോട്ടം' എന്താണെന്നു അറിയണ്ടേ . വളരെ സിംമ്പിൾ. മറ്റുള്ളവരിൽ നല്ലതു മാത്രം കാണുക ! നമ്മളിൽ അധികം പേർക്കും ഈ ഗുണം ഉണ്ട് . കുഴപ്പങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്ന് മാത്രം . ഒന്ന് മാറ്റി പിടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ . ഈ മരുന്നുകളൊക്കെ ഡോക്ടർ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട് . പ്രഭാത ഭക്ഷണത്തിനു ശേഷമുള്ള ഗുളിക കഴിപ്പ് പോലെ ഒരു ദിവസം ഒരു ഡോസ് എടുത്തോളൂ. ഒറ്റയിരിപ്പിനു നല്ല രസത്തിൽ വായിച്ചു തീർക്കാം . നല്ല സുഖവും ഉറപ്പ് .
പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായ മോൻസി ജോസഫിന്റെ എഡിറ്റിംഗ് . അക്ഷര പബ്ലിക്കേഷന്റെ പ്രസീദ്ധികരണം .
ഡിസ്ചാർജ് സമ്മറി : തലക്കെട്ട് ..എന്റെ ജീവിതം നിറയെ ..... . ഡോ . തോമസ് മാത്യു ഇനിയും കുറച്ചു കുറിപ്പടികൾ കൂടി
നമുക്കു നൽകാൻ ബാക്കി വച്ചിരിക്കുന്നപോലെ . അടുത്ത കുറിപ്പടിയും പ്രതീക്ഷിച്ചുകൊണ്ട്........