Image
Image

ഭാസ്‌കര കാരണവര്‍ക്ക് നീതി വേണ്ടേ? ഷെറിന്റെ ശിക്ഷാ ഇളവില്‍ കടുത്ത പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)

Published on 29 January, 2025
ഭാസ്‌കര കാരണവര്‍ക്ക് നീതി വേണ്ടേ? ഷെറിന്റെ ശിക്ഷാ ഇളവില്‍ കടുത്ത പ്രതിഷേധം (എ.എസ് ശ്രീകുമാര്‍)

കോളിളക്കമുണ്ടാക്കിയ, അമേരിക്കന്‍ മലയാളി ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളുയരുന്നു. മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ഷെറിന്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇളവ് നല്‍കി മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഡിസംബറില്‍ കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി നല്‍കിയ ശുപാര്‍ശയിലാണ് തിടുക്കപ്പെട്ടുകൊണ്ടുള്ള തീരുമാനം.

വിവിധ ജയിലുകളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന ഷെറിന്റെ 'നല്ലനടപ്പ്' പരിഗണിച്ചാണത്രേ പുറത്തുവിടുന്നത്. എന്നാല്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കൊടുത്തിരിക്കുന്നത് സംശയാസ്പദമാണ്. സംസ്ഥാനത്തെ ജയിലുകളില്‍ 20 വര്‍ഷത്തിലേറെയായി ശിക്ഷയനുഭവിച്ച് കഴിയുന്ന നിരവധി തടവുകാരുണ്ട്. ഇവരില്‍ പലരും കടുത്ത രോഗ ബാധിതരും പ്രായമേറിയവരുമാണ്. അവരെയൊന്നും പരിഗണിക്കാതെ ഷെറിനെ മാത്രം വിട്ടയയ്ക്കാനുള്ള തീരുമാനമെടുത്തത് ഇവരുടെ വലിയ സ്വാധീന വലയത്തില്‍ അധികൃതര്‍ വീണുപോയതുകൊണ്ടാണെന്ന് ആരോപണമുണ്ട്.

ന്യൂയോര്‍ക്കില്‍ നിന്ന് വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ, ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍   കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ട വാര്‍ത്ത നാടറിയുന്നത് 2009 നവംബര്‍ 8-ാം തീയതി രാവിലെയാണ് മോഷണത്തിനിടെ നടത്തിയ കൊലപാതകമെന്ന് ആദ്യം കരുതിയ കേസില്‍ പിന്നീടാണ് മരുമകളായ ഷെറിന്‍ (24) പിടിയിലായത്. കാരണവരുടെ മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനില്‍ നിന്ന് ലഭിച്ച മൊഴിയാണ് വഴിത്തിരിവായത്. കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനും കാമുകനും കൂട്ടാളികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട പ്രമാദമായ കേസാണിത്.

2010 ജൂണ്‍ 11-നാണ് മാവേലിക്കര അതിവേഗ കോടതി ഒന്നാം പ്രതി ഷെറിന് മുന്ന് ജീവപത്യന്തവും രണ്ട് മുതല്‍ നാല് വരെ പ്രതികളായ ചങ്ങനാശേരി, കുറിച്ചി സചിവോത്തമപുരം കാലായില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി (25) കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി-28) കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷിച്ചത്. കൂടുതല്‍ അളവില്‍ ക്ലോറോഫോം മണപ്പിച്ചശേഷം തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കാരണവരെ ഇവര്‍ കൊലപ്പെടുത്തിയത്.

വിവിധ ജയിലുകളില്‍ ഷെറില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിക്കേണ്ടായി വന്നു. വിധി വന്ന ഉടന്‍ ഷെറിനെ ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് മാറ്റിയത്. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലെത്തിച്ചു. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ ഷെറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്ക് ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കും പിന്നീട് കണ്ണൂരിലേയ്ക്കും മാറ്റുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷെറിന്‍ കണ്ണൂരിലാണ്.

ഷെറില്‍ ജയിലിലെ വി.ഐ.പി തടവുകാരിയാണ്. ജയിലിലെ പുരുഷ ഉദ്യാഗസ്ഥരുടെ പ്രിയപ്പെട്ടവളായി ഷെറിന്‍ മാറി. ഷെറിന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ച അവര്‍ ഷെറിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷെറിന് ലഭിച്ച അനധികൃത പരോളുകള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിന്‍. ശിക്ഷാ കാലയളിവിനിടെ 500 ഓളം ദിവസം പ്രതി പുറത്തായിരുന്നു. ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിക്കാതെയാണ് പരോള്‍ അനുവദിച്ചത്.

2016-ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് കേരളത്തിലെ മറ്റ് തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് മാത്രം പരോള്‍ കിട്ടിയിരുന്നു. ആദ്യം 30 ദിവസത്തേക്ക് അനുവദിച്ച പരോള്‍ പിന്നീട് 30 ദിവസത്തേക്ക് കൂടി പരോള്‍ ലഭിച്ചു. കൊവിഡ് സമയത്തും ഷെറിന്‍ പുറത്തായിരുന്നു. മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പരോള്‍ നേടിത്തുടങ്ങിയിരുന്നു എന്നതാണ് ശ്രദ്ധേയം.

താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂമാക്കിയെഴുതിയത്. കേരളത്തിലെ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായി സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകന്‍ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലുകളില്‍ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടര്‍ച്ചയായാണ്, സുപ്രീം കോടതി ശരിവച്ച കേസിലെ പ്രതിയെ വേഗത്തില്‍ മോചിപ്പിക്കാനുള്ള തീരുമാനത്തെ കാണുന്നത്.

ഷെറിനെ പാര്‍പ്പിച്ച പൂജപ്പുരം, വിയ്യൂര്‍, നെയ്യാറ്റില്‍കര ജയിലുകളിലെ ഉപദേശക സമിതികള്‍ രണ്ട് തവണയായി നല്‍കിയ ശുപാര്‍ശകളില്‍ തീരുമാനം നീളുന്ന സമയത്താണ് അതിവേഗത്തില്‍ ഷെറിനെ മോചിപ്പിക്കാനുള്ള അണിയറ ഒരുക്കങ്ങള്‍ നടന്നത്. 2024 ഡിസംബറിലാണ് ഷെറിന് ഇളവ് നല്‍കണമെന്ന ശുപാര്‍ശ കണ്ണൂര്‍ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ജയില്‍ ഡി.ജി.പിയിലൂടെ ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോള്‍ പ്രതികളുടെ ജയിലിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കാറുണ്ടെങ്കിലും ഷെറിനെ അതില്‍ നിന്നെല്ലാം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടതുണ്ട്.

ശിക്ഷാ ഇളവ് സംബന്ധിച്ച് ഗവര്‍ണറുടെ അംഗീകാരം കിട്ടിയ സേഷമാണ് സര്‍ക്കാര്‍ മോചന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുക. അത് ജയിലിലെത്തുന്നതോടെ ഷെറിന് പുറത്തിറങ്ങാം. ഇതിന് ഒരാഴ്ച സമയമെടുക്കും. കേരളത്തിലെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിണറായി സര്‍ക്കാരിനിതുവരെ തലവേദനയുണ്ടാക്കിയിട്ടില്ല. പഴയ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനായിരുന്നു ഇപ്പോഴെങ്കില്‍ ഷെറിന്റെ കാര്യം കഷ്ടത്തിലായേനേ. സര്‍ക്കാര്‍ താത്പര്യവും വെള്ളത്തിലായേനെ. എന്തായാലും ഗവര്‍ണ്ണര്‍ കനിഞ്ഞാലേ ഷെറിന് ഇനി പുറംലോകം കാണാന്‍ പറ്റൂ. ഈ വിവാദ ശിക്ഷാ ഇളവിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കാരണവരുടെ ബന്ധുക്കള്‍ക്കും അവകാശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക