ന്യൂഡൽഹി: രാഹുൽ ഗാന്ധി രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ നടത്തിയ പ്രസംഗത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയത്.
രാഹുൽ ഗാന്ധി ചരിത്രവും വസ്തുതകളും വളച്ചൊടിക്കുക മാത്രമല്ല, രാജ്യത്തെ പരിഹസിക്കാനും റിപ്പബ്ലിക്കിന്റെ അന്തസ്സിടിക്കാനും ശ്രമിച്ചുവെന്നും ബി.ജെ.പി എം.പി പരാതിയിൽ ആരോപിച്ചു. ചൈനീസ് സേന ഇപ്പോഴും ഇന്ത്യൻ മണ്ണിലുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തുവന്നതിന് പിറകെയാണ് ദുബെയുടെ നോട്ടീസ്.
ഇന്ത്യ ഉൽപാദനത്തിൽ മുന്നേറിയാൽ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം കിട്ടാൻ വിദേശ മന്ത്രിയെ അമേരിക്കയിലേക്ക് മൂന്നോ നാലോ തവണ അയക്കേണ്ടി വരില്ലായിരുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രംഗത്തുവന്നിരുന്നു. പ്രസംഗത്തിനിടെ ഇന്ത്യയുടെ നിർമാണ മേഖലയിൽ ചൈനയുടെ ആധിപത്യം തുടരുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
നിർമാണ മേഖലയിൽ ചൈന ഇന്ത്യയെ മറികടന്നു. പല വ്യവസായ മേഖലകളിലും കഴിഞ്ഞ 10 വർഷമായി ഇന്ത്യ പിന്നിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കുന്നതിനാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കൻ സന്ദർശനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു