കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. അതേസമയം ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അനന്തു കൃഷ്ണൻ മുഖ്യപ്രതിയായ കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലീസെടുത്ത കേസിലാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റിനെ പ്രതി ചേര്‍ത്തിക്കുന്നത്. വഞ്ചനാകുറ്റമടക്കമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസിൽ വിശദീകരണവുമായി ലാലി വിൻസെന്റ് രംഗത്തെത്തിയിരുന്നു.
അനന്തു കൃഷ്ണനില്‍ നിന്നും ലഭിച്ചത് വക്കീല്‍ ഫീസ് മാത്രമാണെന്നും മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. അഭിഭാഷക കൂടിയായ താന്‍ ഒന്നാം പ്രതി അനന്തകൃഷ്ണന്‍ നിയമോപദേശം നല്‍കുക മാത്രമായിരുന്നുവെന്നും തന്‍റെ സല്‍പേരിന് കളങ്കംവരുത്താനാണ് കരുതിക്കൂട്ടി കേസില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ലാലിയുടെ വാദം. അതേസമയം അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.
ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കും. കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്. അനന്തു കൃഷ്ണനെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ കോടതി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം സത്യം പുറത്ത് വരുമെന്ന് അനന്തു കൃഷ്ണൻ പ്രതികരിച്ചു.