Image

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം; ഒടുവിൽ പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 06 February, 2025
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം; ഒടുവിൽ പിടിയിൽ

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഫിഷറീസ് – മറൈൻ എൻഫോഴ്‌സ്‌മെന്റ് – കോസ്റ്റൽ പൊലീസ് സംയുക്ത സംഘം. തീവ്രതയേറിയ ലൈറ്റ് തെളിയിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ ആകർഷിച്ച് മത്സ്യബന്ധനം നടത്തുന്ന  ഈ രീതി മത്സ്യസമ്പത്ത് കുറയാനിടയാക്കും.  ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയും.  

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമ യുടെയും, അഴീക്കോട് തീരദേശ പൊലീസ് എസ്ഐ ബാബു പിപിയുടെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘം ആഴക്കടലിൽ നടത്തിയ പരിശോധനയിലാണ് ഹൈവോൾട്ടേജ് ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മുനമ്പം പള്ളിപ്പുറം സ്വദേശിയായ ലൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള വചനം, വചനം 2 എന്നീ 2 ബോട്ടുകൾ പിടിച്ചെടുത്തത്.

കൃത്രിമ രീതിയിൽ അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. കടലിൽ എപ്പോഴും 12 വാട്ട്‌സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 6094 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്. പരിശോധനയിൽ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളിൽ ഉപയോഗിച്ചിരുന്ന ഹൈവോൾട്ടേജ് എൽഇഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവ പിടിച്ചെടുത്തു.

നിയമനടപടികൾ പൂർത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 2,46,600 (രണ്ട് ലക്ഷത്തി നാൽപ്പത്തിആറായിരത്തി ഇരുന്നൂറ് രൂപ) സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം, വചനം 2 ബോട്ടുകൾക്ക് പിഴയടക്കം 7,63,600 രൂപ ട്രഷറിയിൽ അടക്കണം.

 

 

English summery:

Illegal fishing using high-intensity light; finally caught.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക