തിരുവനന്തപുരം: നേതാക്കളുടെ തമ്മിലടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിയന്ത്രണം ഹൈക്കമാന്‍ഡ് ഏറ്റെടുത്തു. സംസ്ഥാന നേതാക്കളുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എഐസിസിയുടെ നടപടി. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് ചര്‍ച്ച തുടരുകയാണ്. മുസ്ലിം ലീഗ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ്-ജേക്കബ്, കെഡിപി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഭിന്നതയെക്കുറിച്ച് യുഡിഎഫ് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചുവെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ സൂചിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുമുന്നണി മൂന്നാംതവണയും അധികാരത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നുവെന്ന് കെപിസിസിയിലെ ഒരു മുതിര്‍ന്ന ഭാരവാഹി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.