Image

കാനഡയില്‍ നിന്നും കുടിയേറ്റ ജനതയുടെ കൂട്ടപാലായനം. അഞ്ച് വര്‍ഷത്തിനുശേഷമുള്ള ഉയര്‍ന്ന നിരക്ക്

Published on 12 March, 2025
കാനഡയില്‍ നിന്നും കുടിയേറ്റ ജനതയുടെ കൂട്ടപാലായനം. അഞ്ച് വര്‍ഷത്തിനുശേഷമുള്ള ഉയര്‍ന്ന നിരക്ക്

ടൊറന്റോ: കാനഡയില്‍ നിന്നും കുടിയേറ്റക്കാര്‍ കൂട്ടപാലായനം നടത്തുന്നതായി റിപ്പോര്‍ട്ട്. 2024-ല്‍ 81,601 പേര്‍ കാനഡ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ ഓരോ പ്രവിശ്യകളിലും ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് വര്‍ഷം തോറും വര്‍ധിച്ചിട്ടുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തുടനീളം നിലനില്‍ക്കുന്ന ഭവനപ്രതിസന്ധി, ചിലവ് കുറഞ്ഞ വീടുകളുടെ കുറവ്, വാടക നിരക്കിലെ അനിശ്ചിതത്വം, ഉയരുന്ന ജീവിതച്ചെലവ്, വിലക്കയറ്റം തുടങ്ങിയവ കാനഡയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയിലെ ജനസംഖ്യാ നഷ്ടത്തില്‍ ഒന്റാരിയോ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 2024-ല്‍, പ്രവിശ്യയില്‍ നിന്നും 48% കുടിയേറ്റക്കാര്‍ വിട്ടുപോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്ഥിരതാമസക്കാര്‍ക്ക് ഒപ്പം, രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, താത്കാലിക തൊഴിലാളികള്‍ എന്നിവരും മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇമിഗ്രേഷന്‍ ഹോട്ട്സ്പോട്ട് എന്ന നിലയില്‍ ബ്രിട്ടിഷ് കൊളംബിയ ഒട്ടും പിന്നിലല്ല. 2024-ല്‍, 14,836 താമസക്കാര്‍ പ്രവിശ്യയോട് വിടപറഞ്ഞു. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലായന നിരക്കാണിത്. അതേസമയം കെബെക്കില്‍ നിന്നാണ് ഏറ്റവും കുറച്ചു ആളുകള്‍ വിട്ടുപോയത്. 2021-ലെ 1,531-മായി താരതമ്യം ചെയ്യുമ്പോള്‍ വെറും 937 പേര്‍ മാത്രമാണ് കെബക്കില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയത്. അതേ സമയം, കഴിഞ്ഞ വര്‍ഷം പ്രവിശ്യ 46,944 പുതുമുഖങ്ങളെ സ്വാഗതം ചെയ്തു.

അതേസമയം സ്ഥിരതാമസക്കാരല്ലാത്തവരുടെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമായ താല്‍ക്കാലിക തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍ എന്നിവരുടെ മൊത്തം ഒഴുക്ക് 2024-ല്‍ 50% കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-ല്‍ 636,427 ആയിരുന്നത് 2024-ല്‍ 319,506 ആയി കുറഞ്ഞിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക