Image

വ്യക്തിഹത്യ നടത്തിയെന്ന്; കെ.സി വേണുഗോപാലിന്റെ പരാതിയില്‍ ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published on 13 March, 2025
വ്യക്തിഹത്യ നടത്തിയെന്ന്; കെ.സി വേണുഗോപാലിന്റെ പരാതിയില്‍ ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ:  എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ  കെ.സി വേണുഗോപാലിന്റെ പരാതിയില്‍ ബിജെപി നേതാവ്  ശോഭ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ ഉത്തരവ്. . ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. 

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തു ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയാണ് കെ.സി.വേണുഗോപാൽ കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ബോധപൂർവം നടത്തിയ ആരോപണങ്ങൾ പിന്‍വലിച്ചു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ നേരത്തെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ ശോഭാ സുരേന്ദ്രൻ തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും കെ.സി.വേണുഗോപാല്‍ പരാതിയും നല്‍കിയിരുന്നു. ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി.വേണുഗോപാലിനെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത് ശോഭാ സുരേന്ദ്രനായിരുന്നു.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭയുടെ ആരോപണം.

കിഷോറാം ഓലയും കെ.സി.വേണു​ഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബെനാമി പേരിൽ വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക