തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഭക്തര്‍. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 നും നടക്കും. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി പ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. ഇതേ ദീപം സഹ മേല്‍ശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. അതോടെ ഭക്ത ലക്ഷങ്ങളുടെ പൊങ്കാലഅടുപ്പുകളില്‍ തീ ഉയരും.
ഇന്നലെ വൈകിട്ട് ദേവി ദര്‍ശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകള്‍ പാകിയ ഭാഗത്ത് അടുപ്പുകള്‍ കൂട്ടരുതെന്ന് നഗരസഭ അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊടുംവേനല്‍ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങള്‍ ഒഴിവാക്കുന്നതിനും പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസും ഫയര്‍ഫോഴ്‌സും ആരോഗ്യവകുപ്പും ഗതാഗത വകുപ്പും ദുരന്തനിവാരണ വകുപ്പുമടക്കം എല്ലാവരും സജ്ജമാണ്.