Image

ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാല്‍ പൊങ്കാല ഇന്ന്

Published on 13 March, 2025
ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഭക്തര്‍. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. നിവേദ്യം ഉച്ചയ്ക്ക് 1.15 ന്.

ഇന്നലെ വൈകിട്ട് ദേവി ദര്‍ശനത്തിനായി നീണ്ട ക്യൂ ആണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.

അതേസമയം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകള്‍ പാകിയ ഭാഗത്ത് അടുപ്പുകള്‍ കൂട്ടരുതെന്ന് നഗരസഭ അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊടുംവേനല്‍ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക