
ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍ ചില്‍ഡ്രണ്‍സ് ഫണ്ട് (യൂണിസെഫ്). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരുദിവസമുണ്ടായ ഏറ്റവും വലിയ കുട്ടികളുടെ മരണനിരക്കാണ് കഴിഞ്ഞ ദിവസത്തേതെന്ന് യൂണിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 130-ലധികം കുട്ടികളടക്കം നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസത്തെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം ദുര്‍ബലരായ ആളുകളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണ് ഇസ്രായേല്‍ എന്ന് പറഞ്ഞ റസ്സല്‍, ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല എന്ന ഓര്‍മ്മപ്പെടുത്തലാണിതെന്നും വ്യക്തമാക്കി. ഗാസയിലേയ്ക്ക് മാനുഷികസഹായം എത്തിച്ച അവസാന ട്രക്ക് 16 ദിവസങ്ങള്‍ക്ക് മുമ്പാണ് പോയതെന്നും, അവിടെ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വൈദ്യുതി വിച്ഛേദിക്കപ്പെടുകയും, കുടിവെള്ളത്തിന്റെ അളവ് ഗണ്യമായി കുറയാന്‍ അത് കാരണമായെന്നും റസ്സല്‍ പറഞ്ഞു. 15 മാസത്തിലധികം യുദ്ധം സഹിച്ച ഗാസയിലെ കുട്ടികള്‍ വീണ്ടും ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേയ്ക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എത്രയും പെട്ടെന്ന് ഇരുകക്ഷികളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും റസ്സല്‍ ആഹ്വാനം ചെയ്തു. സ്വാധീനമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച യൂണിസെഫ് മേധാവി, മാനുഷികസഹായം എത്തിക്കാന്‍ അനുവദിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നിവയും ആവശ്യപ്പെട്ടു.