
ഹൂസ്റ്റണ്‍: ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ സുരക്ഷിതരായി മടങ്ങിയെത്തിയ ക്രൂ-9 ദൗത്യ സംഘത്തെ കൂടുതൽ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കും. ഫ്ലോറിഡയ്ക്ക് സമീപം കടലില്‍ ലാന്‍ഡ് ചെയ്ത സംഘം ആരോഗ്യ പരിശോധനകള്‍ക്കും പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനുമായി നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തി. നിലത്ത് കാലുകള്‍ കുത്തുന്നത്പോലും പ്രയാസമായിരിക്കും എന്ന് കരുതിയവരുടെ മുന്നിലൂടെ സുനിത വില്യംസും ബുച്ച് വില്‍മോറും നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും പുഞ്ചിരിയോടെ കൈ വീശി നടന്നു നീങ്ങി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന്‍റെ യാതൊരു ക്ഷീണവും സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മുഖത്തോ ശരീരഭാഷയിലോ ഉണ്ടായിരുന്നില്ല. ആറ് മാസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും സമാനമായി ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഹൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ വന്നിറങ്ങിയത്.
അതേസമയം ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ നാല് പേരെയും കൂടുതൽ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്.