Image

കേരളത്തിലും ഉത്തരേന്ത്യൻ കലാപം സ്വപ്നം കാണുന്ന സിനിമ ( എമ്പുരാൻചർച്ചയുടെ പിന്നാമ്പുറങ്ങൾ - 4/ പ്രകാശൻകരിവെള്ളൂർ )

Published on 08 April, 2025
കേരളത്തിലും ഉത്തരേന്ത്യൻ കലാപം സ്വപ്നം കാണുന്ന സിനിമ ( എമ്പുരാൻചർച്ചയുടെ പിന്നാമ്പുറങ്ങൾ - 4/  പ്രകാശൻകരിവെള്ളൂർ )

സംഘപരിവാർ ആസൂത്രണംചെയ്യുന്ന ഉത്തരേന്ത്യൻ മോഡൽ കലാപങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തി കോൺഗ്രസ് ഇവിടെ അധികാരം നിലനിർത്തും എന്നതാണ് എമ്പുരാനിലൂടെ തിരക്കഥാകൃത്ത് മുരളി ഗോപി കണ്ട മറ്റൊരു കിനാവ് . അതിനു വേണ്ടി കോൺഗ്രസ്സുകാർ കേരളത്തിലെ ബീജേപി മുഖേന ബാബാ ബജ്റംഗിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുമത്രേ ! - ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്ത അതേ ബജ്റംഗി . എന്തൊക്കെ കുറ്റം പറഞ്ഞാലും ഇന്ത്യയിൽ വർഗ്ഗീയതയ്ക്കെതിരെ ഒരു തുരുത്തായി വർത്തിക്കാൻ കേരളത്തിന് കഴിയുന്നത് ഇവിടെ ഒരു ഇടതുപക്ഷ സ്വാധീനം പ്രബലമായുള്ളത് കൊണ്ടാണ് . പാർലിമെൻ്ററി ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സീ പീ എമ്മിന് ഒരു പുല്ലിൻ്റെയോ  പുഴുവിൻ്റെയോ വില പോലും ഈ സിനിമ കൽപ്പിച്ചിട്ടില്ല . ശ്രീനിവാസനെ മുൻനിർത്തി ഗൾഫ് പണം ലാൽജോസിനെയും ഇക്ബാൽ കുറ്റിപ്പുറത്തെയും കൊണ്ട് ചെയ്യിച്ച അറബിക്കഥയെപ്പോലെ ശിവജി ഗുരുവായൂർ പിണറായി വിജയനാണെന്ന് തോന്നിക്കുന്ന മേടയിൽ രാജൻ എന്ന ഒരു കഥാപാത്രമുണ്ട് . അയാൾ പ്രതിപക്ഷ നേതാവാണ് . ഒരു തിരുവാതിരക്കളിയുടെ പശ്ചാത്തലത്തിലാണ് ആദ്യം അവതരിപ്പിക്കുന്നത് . പിന്നെയും രണ്ട് അപ്രധാന ദൃശ്യങ്ങളിൽ മാത്രമാണ് ഈ ലഘു കഥാപാത്രം കടന്നു വരുന്നത് . രാഷ്ട്രീയം അലിഗറിയായോ സറ്റയറായോ  ഒക്കെ പറയാം . എന്നാലും അത് അൽപ്പം ചരിത്രപരതയും യാഥാർത്ഥ്യബോധവും ആവശ്യപ്പെടുന്നു . ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളീയ സമൂഹത്തെ സ്വാധീനിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക്  കഴിഞ്ഞതു പോലെ ഒരു പാർട്ടിക്കും കഴിഞ്ഞിട്ടില്ല എന്ന വസ്തുത എത്ര കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരും സമ്മതിക്കും. അതാണ് ഇടത്തോട്ടും വലത്തോട്ടും അവസരാസൃതം ചായുന്ന ( ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ) മുരളീ ഗോപിക്ക് ചിത്രത്തിലേ ഇല്ലാത്ത വിഷയമാവുന്നത് .

കോൺഗ്രസ് കേരളത്തിലെ ബീജേപി യുടെ ( സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കഥാപാത്രം ) സഹായത്തോടെ ദേശീയ തലത്തിൽ നിന്ന് ബജ്റംഗി യെ കൊണ്ട് വന്ന് ഇവിടെ കലാപമുണ്ടാക്കി മുതലെടുക്കുമോ എന്ന പേടിയല്ല ഈ അസംബന്ധകഥാഭാവനയുടെ പിന്നിൽ വായിച്ചെടുക്കാൻ കഴിയുന്നത് . മറിച്ച് അങ്ങനെയൊരു കലാപം പ്രതീക്ഷയോടെ സ്വപ്നം കാണുകയാണ് സിനിമ . സൈബർ സത്യാന്വേഷകനായ ഗോവർധൻ ലൂസഫറിൽ ആദ്യം ചോദിച്ചത് ആരാണ് ഖുറൈഷി എന്നാണെങ്കിൽ എമ്പുരാനിൽ അത് , ആരാണ് ബജ്റംഗി എന്നാണ് .

ഇതിൽ ഖുറൈഷി തിരക്കഥാകാരൻ്റെ ഭാവനാസൃഷ്ടിയും എന്നാൽ ബജ്റംഗി ഒരു ഇന്ത്യൻ യാഥാർത്ഥ്യവുമാണ് . ഭാവനയും യാഥാർത്ഥ്യവും കൂട്ടിക്കലർത്തിയും ഭംഗിയായി കഥ പറഞ്ഞ എത്രയോ സിനിമകളുണ്ട് . എന്നാൽ എമ്പുരാനിൽ അതിനും മാത്രം ഒരു കഥയില്ല . മുഹൂർത്തങ്ങളിലൂടെ വികസിച്ചു വരുന്ന കഥാപാത്രങ്ങളില്ല .

മൂന്ന് മണിക്കൂർ നേരത്തിൽ പകുതിയിലേറെ ഭാഗവും തീവെപ്പും വെടിവെപ്പും മനുഷ്യരെ അരിഞ്ഞ് തള്ളലുമാണ് . ബോംബർ വിമാനങ്ങളും മിസൈലുകളും തുടരെത്തുടരെ കാണിക്കലാണ് ഹോളിവുഡ് സ്റ്റൈൽ സാങ്കേതിക പൂർണത എന്ന് വിചാരിക്കാൻ സിനിമയ്ക്ക് കയറുന്ന പ്രേക്ഷകർ മുഴുവൻ പൊട്ടന്മാരൊന്നു മല്ലല്ലോ .
എമ്പുരാനിൽ സിനിമാറ്റിക് ആയ ഒരു മേന്മയും കാണാനോ കേൾക്കാനോ ഇല്ല . കല കലാപത്തിന് വഴിമാറുന്ന ഒരു അടപടല കാപട്യമാണ് ഇവിടെ നടമാടിയത് . അതിന് കച്ചവടമാണ് പ്രധാന ലക്ഷ്യം എങ്കിലും ചില ഹിഡൺ അജണ്ടകൾ ഉള്ളത് നമ്മൾ കാണാതിരുന്നു കൂടാ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക