
പാട്ന: മദ്റസയിലേക്കു പോവുകയായിരുന്നു 32 കുട്ടികളെ അറസ്റ്റ് ചെയ്ത് ബീഹാറിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. ബീഹാറിലെ മൈദ ബഭംഗാമ ഗ്രാമത്തിലാണ് സംഭവം.
32 കുട്ടികളെയും ഒരു മുതിര്‍ന്ന രക്ഷിതാവിനെയും തിങ്കളാഴ്ച മൊകാമ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ സൂറത്തിലെ ജാമിയ സക്കറിയ മദ്രസയില്‍ ചേരാന്‍ പോവുകയായിരുന്നു കുട്ടികള്‍.
14 മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച കുട്ടികളെ പ്രദേശവാസികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് വിട്ടയച്ചത്.
പരമ്പരാഗത മുസ്ലിം വസ്ത്രമായിരുന്നു കുട്ടികള്‍ ധരിച്ചത് എന്ന ഒറ്റ കാരണത്താലാണ് അവരെ തടഞ്ഞതെന്ന് ദൃക്‌സാക്ഷികളും കുടുംബാംഗങ്ങളും പറഞ്ഞു. കുര്‍ത്ത-പൈജാമയും തൊപ്പിയും ധരിച്ച കുട്ടികളെ, രാവിലെ എട്ട് മണിക്കായിരുന്നു സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
മണിക്കൂറുകളോളം സ്റ്റേഷനില്‍ നിന്ന കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, ബാലവേലയ്ക്കായി കടത്തുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ഐ.ഡി കാര്‍ഡുകളും മദ്രസ പ്രവേശന സര്‍ട്ടിഫിക്കറ്റുകളും കാണിച്ചിരുന്നുവെന്നും എന്നാല്‍, അതൊന്നും വകവയ്ക്കാതെ പോലീസ് കുട്ടികളെയും കൂടെയുണ്ടായിരുന്ന രക്ഷിതാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
'കുട്ടികള്‍ കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം സൂറത്തിലേക്ക് മടങ്ങുകയായിരുന്നു. എല്ലാ രേഖകളും കാണിച്ചിട്ടും, ആര്‍.പി.എഫ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാവിനെയും ബലമായി കസ്റ്റഡിയിലെടുത്തു,' ബഭംഗാമയില്‍ നിന്നുള്ള പ്രദേശവാസിയായ കൈസര്‍ റെഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തടങ്കലില്‍ വച്ച സമയത്ത് പുറത്തുനിന്നുള്ള ആരെയും കാണാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. ഭക്ഷണം പോലും നല്‍കിയില്ല എന്നാണ് കുട്ടികളും രക്ഷിതാവും പറയുന്നത്.
സ്ഥിതിഗതികള്‍ അറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ നാട്ടുകാരനായ അമീന്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. 'അവര്‍ ഞങ്ങളോട് പോകാന്‍ പറഞ്ഞു, അല്ലെങ്കില്‍ ഞങ്ങളെയും ജയിലിലടയ്ക്കുമെന്ന് പറഞ്ഞു. പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു'
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവിലാണ് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ കൂടെയുണ്ടായിരുന്ന രാക്ഷിതാവിനെയും വിട്ടയച്ചത്.
32 Madrasa children detained in Bihar