
മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന- കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. ‘കൃഷ്ണപ്രിയയുടെ പിതാവ്’ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ.
2001 ഫെബ്രുവരി ഒൻപത്. അന്നാണ് മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരി കൃഷ്ണപ്രിയ അത്രിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് . സ്വന്തം മകളുടെ ഘാതകനെ വിധിക്ക് വിട്ടുകൊടുത്താതെ ഒറ്റവെടിയുണ്ടയിൽ അവസാനിപ്പിച്ച അച്ഛനെ മലയാളികൾ ഏറെക്കാലം ചർച്ച ചെയ്തു.
ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.