
ബിജെപിയെ പരാജയപ്പെടുത്താന്‍ എവിടെയൊക്കെ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും എംഎ ബേബി പറഞ്ഞു.
തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു എംഎ ബേബി. ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചില്‍ ആണെന്ന് മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറി വരുന്നുവെന്നും എംഎ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവര്‍ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണമെന്നും എംഎ ബേബി വ്യക്തമാക്കി.
സിപിഎം ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വിവാദങ്ങളിലും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. എമ്പുരാനെതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല. ബിജെപിയുടേത് നവ ഫാസിസ്റ്റ് സര്‍ക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പാവകളായി ഗവര്‍ണര്‍മാര്‍ മാറുന്നുവെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
ADVERTISEMENT