
തിരുവനന്തപുരം : ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി നടപ്പാക്കിയ വിനോദയാത്ര പദ്ധതി വന്‍ ഹിറ്റ്. കേരളത്തിലെ ഏറ്റവും വലിയ ടൂര്‍ ഓപറേറ്റര്‍ എന്ന നിലയിലേക്ക് വളരുകയാണ് കെഎസ്ആര്‍ടിസി എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2021 നംവബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ 64.98 കോടി രൂപയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെയാണ് കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കും ഊട്ടി, മൈസൂരു തുടങ്ങിയ ഇടങ്ങളിലേക്കും ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. 52 ഇടങ്ങളിലേക്കാണ് നിലവില്‍ കെഎസ്ആര്‍ടിസി വിനോദയാത്രകള്‍ നടത്തുന്നത്. മൂന്നര ലക്ഷത്തോളം പേര്‍ കെഎസ്ആര്‍ടിസിയുടെ ടൂര്‍പാക്കേജിന്റെ ഭാഗമാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ടൂര്‍ പദ്ധതി ഹിറ്റായ സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് കൂടി ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. തമിഴ്നാട്, കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പറേഷനുമായി സഹകരിച്ചും റെയില്‍വെയുടെ ഐആര്‍സിടിസിയുമായി കൈകോര്‍ത്തും ഓള്‍ ഇന്ത്യ ടൂര്‍ പാക്കേജ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ പരിഗണിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്വകാര്യ സംരഭകരുമായും കെഎസ്ആര്‍ടിസി കൈകോര്‍ത്തേക്കും.
അതിനിടെ, ഒരിക്കല്‍ പരീക്ഷിച്ച ട്രാവല്‍കാര്‍ഡ് ബസുകളില്‍ വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമായ ടിക്കറ്റ് മെഷീനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.