Image

ടിബറ്റിലെ യാര്‍ലുങ് സാങ്‌പോയിൽ ചൈന നിർമ്മിക്കുന്ന ഡാം ജലംബോംബ് ആയി മാറും ; അരുണാചല്‍ പ്രദേശ് എംപി തപിര്‍ ഗാവോ

Published on 09 April, 2025
ടിബറ്റിലെ യാര്‍ലുങ് സാങ്‌പോയിൽ ചൈന നിർമ്മിക്കുന്ന ഡാം ജലംബോംബ് ആയി മാറും ; അരുണാചല്‍ പ്രദേശ് എംപി തപിര്‍ ഗാവോ

ഗുവാഹത്തി: ടിബറ്റിലെ യാര്‍ലുങ് സാങ്‌പോ നദിയില്‍ ചൈന നിര്‍മ്മിക്കാനൊരുങ്ങുന്ന 'ഗ്രേറ്റ് ബെന്‍ഡ് ' അണക്കെട്ട് ജലബോംബ് ആണെന്ന് അരുണാചല്‍ പ്രദേശ് എംപി. ബിജെപി നേതാവും കിഴക്കന്‍ അരുണാചല്‍ എംപിയുമായ തപിര്‍ ഗാവോയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ ബ്രഹ്മപുത്രയാണ് ടിബറ്റില്‍ യാര്‍ലുങ് സാങ്‌പോ എന്നറിയപ്പെടുന്നത്.

'സബ്- ഹിമാലയന്‍ മേഖലയിലെ ജലസുരക്ഷ, പാരിസ്ഥിതിക സമഗ്രത, ദുരന്ത പ്രതിരോധശേഷി ഉറപ്പാക്കല്‍: ബ്രഹ്മപുത്ര കേസ്' എന്ന വിഷയത്തില്‍ ഗുവാഹത്തിയില്‍ അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു തപിര്‍ ഗാവോ. ചൈനയുടേത് വൈദ്യുതി ഉല്‍പ്പാദനം മാത്രം ലക്ഷ്യമിട്ടുള്ളതല്ല. അത് ഇന്ത്യയ്ക്കും മറ്റ് താഴ്ന്ന നദീതീര രാജ്യങ്ങള്‍ക്കുമെതിരെയുള്ള ഒരു 'ജല ബോംബ്' കൂടിയാണ്. ഗാവോ പറഞ്ഞു.

2000 ജൂണില്‍ അരുണാചലിലെ സിയാങ്ങിലെ പത്തിലധികം പാലങ്ങള്‍ ഒലിച്ചുപോയ വിനാശകരമായ വെള്ളപ്പൊക്കത്തെക്കുറിച്ച് ഗാവോ ഓര്‍മ്മിപ്പിച്ചു. യാര്‍ലുങ് സാങ്‌പോ അരുണാചലിലും അസമിലെ ബ്രഹ്മപുത്രയിലും പ്രവേശിക്കുമ്പോള്‍ അത് സിയാങ്ങായി മാറുന്നു.

ചൈന യാര്‍ലുങ് സാങ്‌പോയിലെ വെള്ളം യെല്ലോ നദിയിലേക്ക് തിരിച്ചുവിടാനും സാധ്യതയുണ്ട്. അത്തരത്തില്‍ ചെയ്താല്‍ വിനാശകരമായ പ്രത്യാഘാതമാണ് ഉണ്ടാകുക. ഇത് പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും, ബ്രഹ്മപുത്ര വറ്റിപ്പോകുകയും, ജലജീവികള്‍ നശിക്കുകയും ചെയ്യുമെന്ന് തപിര്‍ ഗാവോ ചൂണ്ടിക്കാട്ടി.

'ഭാവിയില്‍ ചൈന വെള്ളം തുറന്നുവിടുന്നത് നേരിടാന്‍ നമുക്ക് സിയാങ്ങില്‍ ഒരു വലിയ അണക്കെട്ട് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡോഗ് കൗണ്ടിയില്‍ അണക്കെട്ട് നിര്‍മ്മിച്ച് ചൈന ഒരു ഊര്‍ജ്ജ ഭീമനാകാന്‍ മാത്രമല്ല, നിരവധി തുരങ്കങ്ങളിലൂടെ യാര്‍ലുങ് സാങ്‌പോയിലെ വെള്ളം യെല്ലോ നദിയിലേക്ക് തിരിച്ചുവിടാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് എഴുത്തുകാരനും ടിബറ്റോളജിസ്റ്റുമായ ക്ലോഡ് ആര്‍പി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക