Image

മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Published on 09 April, 2025
മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതിപ്പെട്ട യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ കെട്ടിടത്തിൽ മുൻപ് കട നടത്തിയ തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്. സംഭവ ശേഷം ഇയാളെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് യാത്രക്കാർ പിടിച്ച് നിമിഷങ്ങൾക്കകം പോലീസിൽ ഏൽപിച്ചു. അതീവഗുരുതരാവസ്ഥയിലായ രമിതയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ട് വയസ്സുള്ള മകനും മകന്റെ സഹപാഠിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3.30ന് ആണ് സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടാൻ രമിത കടയിൽ നിന്ന് പുറത്തേക്ക് ചാടി. ഈ സമയം പൊയിനാച്ചി ഭാഗത്തുനിന്നെത്തിയ ശ്രീകൃഷ്ണ ബസ് സംഭവം കണ്ട് നിർത്തി രക്ഷപ്രവർത്തനം നടത്തിയത്.

എന്നാൽ കുറച്ച് സമയത്തിനു ശേഷം രമിത തളർന്ന് വീണിരുന്നു. ഇതിനിടെ പ്രതി രക്ഷപ്പെടാൻ ബസിൽ കയറി. ബസിലുള്ളവരോട് കാര്യം പറഞ്ഞപ്പോഴാണ് ബസിൽ ഉള്ളയാളാണ് തീവെച്ചതെന്ന് മറ്റുള്ളവർ അറിയുന്നത്. ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടിച്ച് ഉടൻ ബസ് ബേഡകം പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം മുറി ഒഴിയാൻ രാമാമൃതത്തോട് കെട്ടിട ഉടമ ആവശ്യപ്പെട്ടത് രമിതയുടെ പരാതികാരണമാണെന്നാരോപിച്ചുള്ള വൈരാഗ്യമാണ് ആക്രമണം നടത്താൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. നേരത്തെ ഇയാൾ വധഭീഷണി നടത്തിയതായും പരാതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക