Image

ആശുപത്രിയിൽ പോകാൻ അസ്മയ്ക്ക് ഇഷ്ടമല്ലെന്ന് സിറാജുദീൻ പറഞ്ഞു ; യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ഭർത്താവിന്റെ സുഹൃത്ത്

Published on 09 April, 2025
ആശുപത്രിയിൽ പോകാൻ അസ്മയ്ക്ക് ഇഷ്ടമല്ലെന്ന് സിറാജുദീൻ പറഞ്ഞു ; യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ഭർത്താവിന്റെ സുഹൃത്ത്

മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നത് എന്നാണ് നൗഷാദ് പറയുന്നത്. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് താൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മുൻപ് വീട്ടിലെ പ്രസവത്തിൽ ദമ്പതികൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രസവം നടന്ന ദിവസവും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദ്ദേശിച്ചതെന്നും നൗഷാദ് പറഞ്ഞു. അതേസമയം, കേസിൽ വീട്ടിലെത്തി പോലീസ് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. സിറാജുദ്ദീനെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് ഇന്നലെയും തെളിവെടുത്തിരുന്നു. വീട്ടിൽ എങ്ങനെ, എവിടെ വെച്ചാണ് സംഭവമെന്ന് സിറാജുദ്ദീൻ പോലീസിന് വിവരിച്ചു നൽകിയിരുന്നു. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയാൽ അടുത്ത ദിവസം തന്നെ മലപ്പുറം പോലീസ് പെരുമ്പാവൂരിലേക്ക് തിരിക്കും. അസ്മയുടെ ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ പ്രസവത്തിൽ അസ്മ മരിച്ചത്. പ്രസവത്തെ തുടർന്ന് രക്തം വാര്‍ന്നാണ് അസ്മ മരിച്ചതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂറോളം വേദന തിന്ന അസ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. പ്രസവിച്ചതിനു ശേഷം പരിചരണം നൽകിയില്ലെന്നും ഇത് നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അസ്മയുടെ അഞ്ചാമത്തെ പ്രസവം ആണിത്. ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിൽ വച്ചായിരുന്നു. എന്നാൽ ഇതിനു ശേഷമുള്ള രണ്ടെണ്ണവും വീട്ടിൽ തന്നെയായിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക