Image

ഇച്ചാക്കയ്ക്ക് ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം ഏട്ടൻ ; ബസൂക്കയുടെ ടീസർ പങ്കുവച്ച് മോഹൻലാൽ

Published on 09 April, 2025
ഇച്ചാക്കയ്ക്ക് ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം ഏട്ടൻ ; ബസൂക്കയുടെ ടീസർ പങ്കുവച്ച് മോഹൻലാൽ

മമ്മൂട്ടി ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് ബസൂക്ക. നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്. ഇതിനു മുന്നോടിയായി പുതിയൊരു ടീസര്‍ കൂടി അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഈ വിഷു ബസൂക്ക തൂക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. ഇതിനു പിന്നാലെയാണ് പ്രീ റിലീസ് ടീസറും പ്രേക്ഷകരിലേക്കെത്തിയത്. ‘നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ, നമ്മുടെ മുന്നിൽ ശത്രുക്കളെ കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണെന്ന്’.- എന്ന മമ്മൂട്ടിയുടെ ഡയലോ​ഗോടെയാണ് ടീസർ ആരംഭിക്കുന്നത്. ഇതിനു പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനും മമ്മൂട്ടിക്കും ആശംസ നേർന്ന് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. പ്രിയ ഇച്ചാക്കയ്ക്കും ടീമിനും ആശംസകള്‍, എന്നാണ് ടീസര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ ആശംസ. പോസ്റ്റിനു താഴെ നിരവധി പേർ ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് കമന്റ് ഇട്ടു.

അതേസമയം ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും എത്തുന്നുണ്ട്. ഇവർക്കുപുറമെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക