Image

വഖഫ് നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ല ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Published on 09 April, 2025
വഖഫ് നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ല ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

കൊല്‍ക്കത്ത: പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ജൈനസമൂഹത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത നിലപാട് വ്യക്തമാക്കിയത്.

'രാജ്യത്ത് വഖഫ് നിയമം നടപ്പാക്കിയതില്‍ നിങ്ങള്‍ അസ്വസ്ഥരാണെന്ന് അറിയാം. ഭിന്നിപ്പിച്ച് ഭരിക്കാന്‍ കഴിയുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. പലതരത്തില്‍ ആളുകള്‍ ഇളക്കി വിടാന്‍ വരും, എന്നാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം' മമത ബാനര്‍ജി പറഞ്ഞു. പുതിയ വഖഫ് ബില്‍ ഇപ്പോള്‍ പാസാക്കാന്‍ പാടില്ലായിരുന്നു. ബംഗാളില്‍ 33 ശതമാനം ന്യൂനപക്ഷങ്ങളുണ്ട്. അവരെ താന്‍ എന്തുചെയ്യുമെന്നും മമത ചോദിച്ചു.

'ബംഗാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ഇന്ത്യ എല്ലാം ഒന്നായിരുന്നു. പിന്നീട് വിഭജനം ഉണ്ടായി. വിഭജനത്തിനുശേഷം ഇവിടെ താമസിക്കുന്നവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എല്ലാവരും ഒന്നിച്ച് നില്‍ക്കണം വഖഫ് നിയമവുമായി ബന്ധപ്പെട്ട് ഒരാശങ്കയും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ട. നിങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും എല്ലാവിധ സംരക്ഷണവും ഉണ്ടാകും'- മമത പറഞ്ഞു.

'നിങ്ങള്‍ എന്നെ വെടിവച്ചു കൊന്നാലും, ബംഗാളിന്റെ ഈ ഐക്യത്തില്‍ നിന്ന് എന്നെ വേര്‍പ്പെടുത്താനാവില്ല. എല്ലാ മതങ്ങളും ജാതിയും വിശ്വാസവുമെല്ലാം സ്‌നേഹവും മനുഷ്യത്വവുമാണ് പ്രദാനം ചെയ്യുന്നത്. ദുര്‍ഗാ പൂജ, കാളി പൂജ, ജൈന, ബുദ്ധ ക്ഷേത്രങ്ങള്‍, ഗുരുദ്വാര, പള്ളി, ഗുരു രവിദാസ് ക്ഷേത്രം എന്നിവിടങ്ങളില്‍ താന്‍ പോകാറുണ്ടെന്നും മമത പറഞ്ഞു. രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫും പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രവും താന്‍ സന്ദര്‍ശിച്ചതായും മമത പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് പുതിയ വഖഫ് നിയമം നടപ്പാക്കില്ലെന്ന് ഒരു മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക