
ഹവായിയിലെ ഒറ്റപ്പെട്ട തീരത്ത് നിന്ന് ഗവേഷകർക്ക് അത്ഭുതകരമായ കണ്ടെത്തൽ! ഫാർമസ്യൂട്ടിക്കൽ സയൻസിലെ ഡോ. ഗാർസിയയും സംഘവും വർഷങ്ങളോളം നശിച്ചിരിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു പൈപ്പറ്റ് ടിപ്പ് കണ്ടെത്തി. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ദിവസവും ഉപയോഗിക്കുന്ന ഈ വസ്തു, ഗവേഷണത്തിനായി ശേഖരിക്കുന്ന കൂറ്റൻ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് ലഭിച്ചത്. ഇത് പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ഗൗരവം ഓർമ്മിപ്പിക്കുന്നുവെന്ന് ഡോക്ടർ ഗാർസിയ അഭിപ്രായപ്പെട്ടു.
ടോക്സിക്കോളജിസ്റ്റ് മാത്യു കാമ്പൻ നടത്തുന്ന ഒരു പ്രധാന ലാബിലെ അംഗമാണ് ഡോ. ഗാർസിയ. മൈക്രോപ്ലാസ്റ്റിക്സ് എന്നറിയപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കണികകൾ നമ്മുടെ ശരീരത്തിൽ എങ്ങനെ അടിഞ്ഞുകൂടുന്നു എന്ന് ഈ ലാബ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് . ഗവേഷകരുടെ ഏറ്റവും പുതിയ പഠനം നേച്ചർ മെഡിസിൻ എന്ന ജേണലിൽ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു . ഇത് ശാസ്ത്രലോകത്ത് തന്നെ പലരെയും ഞെട്ടിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു: 2024-ലെ മനുഷ്യ മസ്തിഷ്ക സാമ്പിളുകളിൽ 2016-ലെ സാമ്പിളുകളേക്കാൾ 50 ശതമാനത്തോളം കൂടുതൽ മൈക്രോപ്ലാസ്റ്റിക്സ് അവർ കണ്ടെത്തി.
മൈക്രോപ്ലാസ്റ്റിക്സ് നമ്മുടെ ലോകത്ത് വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്," പരിസ്ഥിതിയിൽ ഇത് കൂടുമ്പോൾ, അത് നമ്മളിലും കൂടുകയാണ് എന്നാണ് ഡോ. കാമ്പൻ അഭിപ്രായപ്പെട്ടത്. ഗവേഷകരുടെ മറ്റു ചില കണ്ടെത്തലുകളും പലരെയും ആശങ്കയിലാഴ്ത്തി. പഠനത്തിൽ, ഡിമെൻഷ്യ ഉള്ളവരുടെ തലച്ചോറിൽ ഇല്ലാത്തവരേക്കാൾ വളരെ കൂടുതൽ മൈക്രോപ്ലാസ്റ്റിക്സ് ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പഠനങ്ങളിൽ, മനുഷ്യന്റെ വൃഷണങ്ങളിലും ഗർഭപാത്രത്തിലും മൈക്രോപ്ലാസ്റ്റിക്സ് ഉണ്ടെന്ന് അവർ കണ്ടെത്തി. മറ്റു ശാസ്ത്രജ്ഞർ ഇത് രക്തം, ബീജം, മുലപ്പാൽ, കുഞ്ഞുങ്ങളുടെ ആദ്യത്തെ മലം എന്നിവയിൽ പോലും കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്കിന്റെ ഉറവിടം കണ്ടെത്താൻ അവർ മൃതദേഹങ്ങളെ പഠിക്കാൻ തുടങ്ങി. അവരുടെ പഠനത്തിൽ, 2024-ലെ 24 മനുഷ്യ മസ്തിഷ്കങ്ങളിലെ മൈക്രോപ്ലാസ്റ്റിക്സിൻ്റെ ശരാശരി അളവ് ഒരു ഗ്രാമിന് ഏകദേശം 5,000 മൈക്രോഗ്രാം ആയിരുന്നു എന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, അത് കണക്കാക്കാൻ ഉപയോഗിച്ച രീതികൾ കാരണം ഈ കണക്കിൽ കുറച്ച് തെറ്റുണ്ടാകാൻ സാധ്യതയുണ്ട്. ഡോ. കാമ്പൻ പറയുന്നതനുസരിച്ച്, അത് ഒരു തലച്ചോറിൽ ഏകദേശം ഏഴ് ഗ്രാം പ്ലാസ്റ്റിക് ആണ് - ഒരു ഡിസ്പോസിബിൾ സ്പൂണിൻ്റെ അത്രയും അല്ലെങ്കിൽ ഏകദേശം അഞ്ച് വാട്ടർ ബോട്ടിൽ അടപ്പുകളുടെ അത്രയും. ഡിമെൻഷ്യ ഉള്ളവരുടെ തലച്ചോറിൽ കൂടുതൽ ഉണ്ടായിരുന്നു, എന്നാൽ ഈ തലച്ചോറുകൾക്ക് കൂടുതൽ സുഷിരങ്ങളുള്ള രക്ത-മസ്തിഷ്ക തടസ്സവും വിഷവസ്തുക്കളെ പുറന്തള്ളാൻ കുറഞ്ഞ ശേഷിയും ഉള്ളതുകൊണ്ടാകാം അതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
തലച്ചോറിൻ്റെ വിവിധ ഭാഗങ്ങളിൽ മൈക്രോപ്ലാസ്റ്റിക്സിൻ്റെ അളവ് വ്യത്യാസപ്പെട്ടിട്ടുണ്ടോ എന്നും അത് പാർക്കിൻസൺസ് അല്ലെങ്കിൽ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളുമായി ബന്ധമുണ്ടോ എന്നും കണ്ടെത്താൻ അദ്ദേഹത്തിൻ്റെ സംഘം ഇപ്പോൾ ഒരു തലച്ചോറിൻ്റെ വിവിധ ഭാഗങ്ങളിലെ ടിഷ്യൂകളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് .
English summery:
Plastic Particles in the Human Body; New Study Reveals Shocking Findings